ന്യൂഡൽഹി: നിലവിലെ ത്രിഭാഷാ നയത്തിന് കീഴിൽ രണ്ട് വിദേശ ഭാഷകൾ തെരഞ്ഞെടുത്ത 7 മുതൽ 9 വരെ ക്ലാസുകളിൽ പഠിക്കുന്ന വിദ്യാർഥികൾക്ക് പത്താം ക്ലാസ് വരെ അതേ ഭാഷാ കോമ്പിനേഷനുമായി മുന്നോട്ട് പോകാൻ അനുമതി നൽകി സിബിഎസ്ഇ. ലക്ഷക്കണക്കിന് വിദ്യാർഥികൾക്ക് ആശ്വാസമേകുന്നതാണ് പുതിയ തീരുമാനം.
2020-ലെ ദേശീയ വിദ്യാഭ്യാസ നയം നടപ്പാക്കുന്നതിന്റെ ഭാഗമായി ജൂലൈ 1 മുതൽ ഒൻപതാം ക്ലാസ് വിദ്യാർഥികൾ രണ്ട് ഇന്ത്യൻ ഭാഷകൾ ഉൾപ്പെടെ മൂന്ന് ഭാഷകൾ നിർബന്ധമായും പഠിക്കണമെന്ന് സിബിഎസ്ഇ നേരത്തെ പ്രഖ്യാപിച്ചിരുന്നു.
നിർദേശം പുറത്തിറങ്ങി ഒരുമാസത്തിലേറെ കഴിഞ്ഞാണ് ഇതിൽ സിബിഎസ്ഇ വ്യക്തത വരുത്തിയത്. രണ്ട് ഇന്ത്യൻ ഭാഷകൾ ഉൾപ്പെടെ മൂന്ന് ഭാഷകൾ നിർബന്ധമാക്കുന്ന പ്രഖ്യാപനം വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കുമിടയിൽ ആശങ്ക സൃഷ്ടിച്ചിരുന്നു. ഇതിനെതിരെ പലരും കോടതിയെ സമീപിക്കുകയും ചെയ്തിരുന്നു.
പുതിയ തീരുമാനപ്രകാരം നിലവിൽ രണ്ട് വിദേശ ഭാഷകൾ തെരഞ്ഞെടുത്ത് പഠിക്കുന്ന 7 മുതൽ 9 വരെ ക്ലാസുകളിലെ വിദ്യാർഥികൾക്ക് പത്താം ക്ലാസ് വരെ അതേ ഭാഷാ കോമ്പിനേഷൻ തുടരാൻ അനുമതി ലഭിക്കും.

