കണ്ണൂർ: വിഴിഞ്ഞം തുറമുഖത്തിന്റെ മുൻ എംഡി ഡോ. ദിവ്യ എസ് അയ്യരെ സ്ഥാനത്ത് നിന്ന് മാറ്റിയത് അദാനി ഗ്രൂപ്പിന്റെ താൽപര്യങ്ങൾക്കുവേണ്ടിയാണെന്ന് സിപിഐഎം കണ്ണൂർ ജില്ലാ സെക്രട്ടറി കെ കെ രാഗേഷ് ആരോപിച്ചു. ദിവ്യ എസ് അയ്യരെ സ്ഥലംമാറ്റാൻ അദാനി അധികൃതർ പലതവണ ശ്രമിച്ചിരുന്നുവെന്നും, അന്നത്തെ മുഖ്യമന്ത്രി പിണറായി വിജയൻ അതിന് വഴങ്ങിയില്ലെന്നും അദ്ദേഹം പറഞ്ഞു.
കരാർ വ്യവസ്ഥകളിൽ മാറ്റം വരുത്താൻ അദാനി അധികൃതർ ശ്രമിച്ചപ്പോഴെല്ലാം സംസ്ഥാന താൽപര്യം സംരക്ഷിച്ച് ജാഗ്രതയോടെ ഇടപെട്ട ഉദ്യോഗസ്ഥയായിരുന്നു ദിവ്യ എസ് അയ്യരെന്ന് രാഗേഷ് പറഞ്ഞു. ഭരണമാറ്റത്തിന് പിന്നാലെ അവരെ മാറ്റി, തുറമുഖവുമായി ബന്ധപ്പെട്ട പരിചയമില്ലാത്ത ഉദ്യോഗസ്ഥനെ നിയമിച്ചതിന് പിന്നിലെ കാരണം മുഖ്യമന്ത്രി വി.ഡി. സതീശൻ വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
മംഗളൂരുവിലേക്ക് ചാർട്ടേഡ് വിമാനത്തിൽ നടത്തിയ യാത്രയ്ക്ക് പിന്നാലെ അദാനി ഗ്രൂപ്പിന് അനുകൂലമായ നടപടികൾ ഒന്നൊന്നായി പുറത്തുവരുകയാണെന്നും രാഗേഷ് ആരോപിച്ചു. ധനകാര്യ വകുപ്പിനൊപ്പം തുറമുഖ വകുപ്പും മുഖ്യമന്ത്രി ഏറ്റെടുത്തത് യാദൃശ്ചികമല്ലെന്നും, സ്വന്തം ഓഫീസിലെ സെക്രട്ടറിയെ തന്നെ തുറമുഖ വകുപ്പ് സെക്രട്ടറിയായി നിയമിച്ചതും ഇതിന്റെ ഭാഗമാണെന്നും അദ്ദേഹം പറഞ്ഞു.
വിഴിഞ്ഞം തുറമുഖത്തിന്റെ 49 ശതമാനം ഓഹരി കൈമാറ്റവുമായി ബന്ധപ്പെട്ട നടപടികളിലും രാഗേഷ് ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചു. സംസ്ഥാന സർക്കാരിന്റെ മുൻകൂർ അനുമതിയില്ലാതെ ഇത്തരമൊരു ഓഹരി കൈമാറ്റം സാധ്യമല്ലെന്നും, എം.എസ്.സി കമ്പനിക്ക് ഓഹരി കൈമാറുന്നതിലൂടെ തുറമുഖത്തിന്റെ നിയന്ത്രണം അവരുടെ കൈകളിലെത്തുമെന്നും അദ്ദേഹം പറഞ്ഞു.
വിഴിഞ്ഞം തുറമുഖത്തിനായി സംസ്ഥാന സർക്കാർ 5,400 കോടി രൂപ ചെലവഴിച്ചപ്പോൾ അദാനി ഗ്രൂപ്പ് ചെലവഴിച്ചത് 2,400 കോടി രൂപ മാത്രമാണെന്നും, ഓഹരി കൈമാറ്റത്തിലൂടെ അദാനിക്ക് 13,000 കോടിയിലധികം രൂപ ലഭിക്കുമെന്നും രാഗേഷ് ആരോപിച്ചു.
ഓഹരി കൈമാറ്റം പരിശോധിക്കാൻ രൂപീകരിച്ച എംപവേർഡ് കമ്മിറ്റിയിലൂടെ മുൻകൂട്ടി തീരുമാനിച്ച കാര്യങ്ങൾ നടപ്പാക്കാനാണ് ശ്രമമെന്നും അദ്ദേഹം ആരോപിച്ചു. ഓഹരി വിൽപന വിഷയത്തിൽ സർക്കാർ നിയമനടപടി സ്വീകരിക്കുമോയെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്നും രാഗേഷ് ആവശ്യപ്പെട്ടു.
ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് കെ കെ രാഗേഷ് ഈ ആരോപണങ്ങൾ ഉന്നയിച്ചത്.

