Home Keralaനെടുമ്പാശേരി വിമാനത്താവളത്തിൽ പ്രവാസിയുടെ ബാഗ് കുത്തിത്തുറന്ന നിലയിൽ; 8000 സൗദി റിയാൽ മോഷണം പോയെന്ന് പരാതി

നെടുമ്പാശേരി വിമാനത്താവളത്തിൽ പ്രവാസിയുടെ ബാഗ് കുത്തിത്തുറന്ന നിലയിൽ; 8000 സൗദി റിയാൽ മോഷണം പോയെന്ന് പരാതി

by news_desk1
0 comments

കൊച്ചി: നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ പ്രവാസി യാത്രക്കാരന്റെ ബാഗിൽ നിന്ന് വിദേശ കറൻസി മോഷണം പോയതായി പരാതി. റിയാദിൽ നിന്ന് കൊച്ചിയിലെത്തിയ ആലുവ മുപ്പത്തടം സ്വദേശി ഷഫീഖ് ഇസ്മായിലിന്റെ ബാഗിൽ നിന്നാണ് 8000 സൗദി റിയാൽ (ഏകദേശം 1.75 ലക്ഷത്തിലധികം ഇന്ത്യൻ രൂപ) നഷ്ടമായത്.

റിയാദിൽ വച്ച് പണം സൂക്ഷിച്ചിരുന്ന ബാഗ് ഉൾപ്പെടെ മൂന്ന് ചെക്ക്-ഇൻ ബാഗുകളാണ് ഷഫീഖ് വിമാനക്കമ്പനിക്ക് കൈമാറിയത്. കൊച്ചിയിലെത്തിയ ശേഷം ബാഗേജ് ബെൽറ്റിൽ നിന്ന് ബാഗുകൾ ലഭിക്കാൻ വൈകിയെന്നും അദ്ദേഹം പറയുന്നു.

ബാഗ് കൈപ്പറ്റിയപ്പോഴാണ് മോഷണ വിവരം ശ്രദ്ധയിൽപ്പെട്ടത്. ബാഗിന്റെ നമ്പർ ലോക്ക് തകർത്ത നിലയിലായിരുന്നു. അകത്തെ സിബ്ബുകൾ എല്ലാം തുറന്നുകിടക്കുകയും ചോക്ലേറ്റുകൾ, കുട്ടികളുടെ കളിപ്പാട്ടങ്ങൾ, വസ്ത്രങ്ങൾ എന്നിവ വലിച്ചിട്ട നിലയിലുമായിരുന്നു. നാട്ടിലെത്തിയ ശേഷം ഇന്ത്യൻ രൂപയാക്കി മാറ്റാൻ സൂക്ഷിച്ചിരുന്ന പണമാണ് നഷ്ടമായതെന്ന് ഷഫീഖ് പരാതിയിൽ പറയുന്നു.

സംഭവത്തെ തുടർന്ന് ഷഫീഖ് വിമാനത്താവള അധികൃതർക്കും പോലീസിനും പരാതി നൽകി.

ഇതേ വിമാനത്തിൽ യാത്ര ചെയ്ത മറ്റൊരു മലയാളി നഴ്സിന്റെ ബാഗും സമാന രീതിയിൽ നമ്പർ ലോക്ക് അഴിച്ച നിലയിൽ കണ്ടെത്തിയിട്ടുണ്ട്. എന്നാൽ ആ ബാഗിൽ വിലപിടിപ്പുള്ള വസ്തുക്കൾ ഇല്ലാതിരുന്നതിനാൽ ഒന്നും നഷ്ടമായിട്ടില്ല.

വിമാനത്താവളത്തിലെ ബാഗേജ് ഹാൻഡ്‌ലിങ് വിഭാഗത്തിലെ ജീവനക്കാരാണോ, അതോ റിയാദിൽ വെച്ചാണോ മോഷണം നടന്നതെന്ന കാര്യത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വിമാനത്താവളങ്ങളിലെ ബാഗേജ് സുരക്ഷയെക്കുറിച്ച് പ്രവാസികൾക്കിടയിൽ ആശങ്ക ഉയർത്തുന്നതാണ് ഈ സംഭവം.

You may also like