രാജ്കോട്ട്: ഗുജറാത്തിലെ രാജ്കോട്ടിൽ മദ്യപിച്ച് വീട്ടിലെത്തി വഴക്കുണ്ടാക്കിയ മകനെ കൊലപ്പെടുത്തിയ മാതാപിതാക്കൾ അറസ്റ്റിൽ. രാജ്കോട്ട് ഗുണ്ടല സ്വദേശിയായ റാം ബംഭാവ (22) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ മാതാപിതാക്കളായ ബാബു (അതുൽ ബംഭാവ – 47), മനീഷ് (മോതി ബംഭാവ – 45) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
മകൻ ആസിഡ് കുടിച്ച് മരിച്ചതാണെന്നായിരുന്നു മാതാപിതാക്കളുടെ വാദം. എന്നാൽ പോസ്റ്റ്മോർട്ടത്തിലാണ് യുവാവിന്റെ മരണം കൊലപാതകമാണെന്ന് കണ്ടെത്തിയത്. യുവാവിന്റെ ഭാര്യ ബൻസിയുടെ പരാതിയെ തുടർന്നാണ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്.
ജൂൺ 30-നാണ് റാം ബംഭാവ മരിച്ചത്. അതിന് തലേദിവസമായ ജൂൺ 29-ന് റാമും ഭാര്യ ബൻസിയും ബൻസിയുടെ വീട്ടിലെത്തിയിരുന്നു. അവിടെവെച്ച് മദ്യപിച്ച റാം, ബൻസിയുടെ പിതാവുമായി തർക്കമുണ്ടാക്കി. തുടർന്ന് ബൻസിയുടെ പിതാവ് റാമിന്റെ പിതാവിനെ വിളിച്ച് യുവാവിനെ വീട്ടിലേക്ക് കൊണ്ടുപോകാൻ ആവശ്യപ്പെട്ടു.
പിറ്റേദിവസം ബൻസി സ്വന്തം വീട്ടിൽ തുടരുന്നതിനിടെയാണ് റാം ആസിഡ് കുടിച്ച് മരിച്ചുവെന്ന വിവരം ലഭിച്ചത്. സംസ്കാരച്ചടങ്ങുകൾക്ക് ശേഷം റാമിന്റെ ബന്ധുക്കളാണ് ജൂൺ 30-ന് നടന്ന സംഭവങ്ങൾ ബൻസിയെ അറിയിച്ചത്.
മദ്യപിച്ച് വീട്ടിലെത്തിയ റാം പിതാവുമായി വഴക്കിട്ടതിനെ തുടർന്ന് മാതാവ് റാമിന്റെ വായിൽ ബലംപ്രയോഗിച്ച് ആസിഡ് ഒഴിച്ചുവെന്നും, പിന്നീട് പിടഞ്ഞുവീണ റാമിന്റെ വായ പൊത്തിപ്പിടിച്ച പിതാവ് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയെന്നുമാണ് ബന്ധുക്കൾ ബൻസിയോട് വെളിപ്പെടുത്തിയത്. സംഭവം പുറത്തുപറയരുതെന്നും സത്യം പുറത്തുവന്നാൽ കുടുംബത്തിന്റെ മാനക്കേടാകുമെന്നും അവർ ആവശ്യപ്പെട്ടതായും ബൻസി പൊലീസിനോട് പറഞ്ഞു.
റാമിന്റെ മരണത്തിൽ സംശയം തോന്നിയ പൊലീസ് പോസ്റ്റ്മോർട്ടത്തിന് നിർദേശം നൽകിയിരുന്നു. പരിശോധനയിൽ യുവാവിന്റെ കഴുത്തിൽ പാടുകൾ കണ്ടെത്തിയതോടെ ആസിഡ് കുടിച്ചല്ല മരണമെന്നും കൊലപാതകമാണെന്നും സ്ഥിരീകരിച്ചു. ഭാര്യയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ ജൂലൈ രണ്ടിന് മാതാപിതാക്കളെ അറസ്റ്റ് ചെയ്തു.
കൊലപാതകത്തിന് ഉപയോഗിച്ച ആസിഡിന്റെ കുപ്പി, പ്രതികൾ ധരിച്ചിരുന്ന വസ്ത്രങ്ങൾ, യുവാവിന്റെ ഛർദ്ദി പറ്റിയ ബെഡ്ഷീറ്റ് എന്നിവയും പൊലീസ് കണ്ടെടുത്തു. പ്രതികളെ വെള്ളിയാഴ്ച കോടതിയിൽ ഹാജരാക്കി.
മദ്യപിച്ച് വീട്ടിലെത്തി സ്വന്തം പിതാവുമായി റാം പതിവായി വഴക്കിടാറുണ്ടായിരുന്നുവെന്ന് ബൻസി മൊഴി നൽകി. അഞ്ച് മാസം മുൻപാണ് റാമിന്റെയും ബൻസിയുടെയും വിവാഹം നടന്നത്. റാം തൊഴിൽരഹിതനായിരുന്നു. പിതാവ് ബാബു ചായക്കട നടത്തിവരികയായിരുന്നു.

