Home Nationalഅയോധ്യ സംഭാവന തട്ടിപ്പ്: പ്രിയങ്കയുടെയും കെജ്രിവാളിന്റെയും മൊഴി തേടണമെന്ന് വിഎച്ച്പി; പ്രധാനമന്ത്രി മറുപടി പറയണമെന്ന് കോൺഗ്രസ്

അയോധ്യ സംഭാവന തട്ടിപ്പ്: പ്രിയങ്കയുടെയും കെജ്രിവാളിന്റെയും മൊഴി തേടണമെന്ന് വിഎച്ച്പി; പ്രധാനമന്ത്രി മറുപടി പറയണമെന്ന് കോൺഗ്രസ്

by news_desk1
0 comments

ദില്ലി: അന്താരാഷ്ട്ര തലത്തിൽ വരെ ചർച്ചയായ അയോധ്യയിലെ സംഭാവന തട്ടിപ്പ് ആരോപണവുമായി ബന്ധപ്പെട്ട് പുതിയ ആവശ്യവുമായി വിശ്വ ഹിന്ദു പരിഷത്ത് (വിഎച്ച്പി) രംഗത്ത്. അഴിമതി ആരോപണം ഉന്നയിച്ച പ്രതിപക്ഷ നേതാക്കളെ വിളിച്ചുവരുത്തി തെളിവുകൾ ശേഖരിക്കണമെന്ന് വിഎച്ച്പി നേതൃത്വം പൊലീസിനോട് ആവശ്യപ്പെട്ടു.

അയോധ്യയിൽ കോടികളുടെ തട്ടിപ്പ് നടന്നുവെന്ന ആരോപണം ഉന്നയിച്ച പ്രിയങ്ക ഗാന്ധി, അരവിന്ദ് കെജ്രിവാൾ എന്നിവരിൽ നിന്ന് തെളിവുകൾ തേടണമെന്ന് ആവശ്യപ്പെട്ട് വിഎച്ച്പി അധ്യക്ഷൻ അലോക് കുമാർ അയോധ്യ ഡിഎസ്‌പിക്ക് കത്ത് നൽകി.

അതേസമയം, വിഷയത്തിൽ സുപ്രീംകോടതി മേൽനോട്ടത്തിൽ അന്വേഷണം നടത്തണമെന്നും പ്രധാനമന്ത്രി പ്രതികരിക്കണമെന്നും കോൺഗ്രസ് ആവർത്തിച്ചു. അയോധ്യ തട്ടിപ്പുമായി ബന്ധപ്പെട്ട ആർഎസ്എസിന്റെ പ്രതികരണം അപമാനകരവും ലജ്ജാകരവുമാണെന്ന് കോൺഗ്രസ് വക്താവ് ജയറാം രമേശ് ആരോപിച്ചു. ദേശീയതയുടെയും സത്യസന്ധതയുടെയും സർട്ടിഫിക്കറ്റ് നൽകിയവർ ഇപ്പോൾ ആരോപണങ്ങൾക്ക് മുന്നിൽ നിൽക്കുകയാണെന്നും അദ്ദേഹം വിമർശിച്ചു. വിഷയത്തിൽ പ്രധാനമന്ത്രി നിലപാട് വ്യക്തമാക്കണമെന്നും ജയറാം രമേശ് ആവശ്യപ്പെട്ടു.

നാളെ നിർണായക ട്രസ്റ്റ് യോഗം

അയോധ്യ ക്ഷേത്രത്തിലെ സംഭാവന തട്ടിപ്പ് വിവാദം ശക്തമാകുന്നതിനിടെ ട്രസ്റ്റിന്റെ നിർണായക യോഗം നാളെ നടക്കും. സംഭാവന തട്ടിപ്പുമായി ബന്ധപ്പെട്ട ആരോപണങ്ങൾക്കിടെ ട്രസ്റ്റ് സ്വീകരിക്കുന്ന നിലപാടിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. ഉച്ചയ്ക്ക് മൂന്ന് മണിക്ക് അയോധ്യയിലെ മണിറാം ദാസ് ആശ്രമത്തിലാണ് യോഗം നടക്കുക.

ആരോപണങ്ങൾ നേരിടുന്ന ട്രസ്റ്റ് ജനറൽ സെക്രട്ടറി ചമ്പത് റായി യോഗത്തിൽ പങ്കെടുക്കില്ലെന്നാണ് സൂചന. ചമ്പത് റായിയുടെയും ട്രസ്റ്റി അനിൽ മിശ്രയുടെയും രാജി യോഗം അംഗീകരിച്ചേക്കുമെന്നാണ് വിവരം. പുതിയ ജനറൽ സെക്രട്ടറി, ട്രസ്റ്റി, നിർദേശിച്ചിരിക്കുന്ന സിഇഒ പദവിയിലേക്കുള്ള നിയമനം എന്നിവ സംബന്ധിച്ച് ഇതുവരെ വ്യക്തത വന്നിട്ടില്ല. പ്രത്യേക അന്വേഷണ സംഘത്തിന്റെ അന്തിമ റിപ്പോർട്ട് ലഭിക്കുന്നതുവരെ തുടർനടപടികൾ വൈകാനുമിടയുണ്ട്.

ചമ്പത് റായിക്കെതിരെ പുതിയ ആരോപണം

ഇതിനിടെ, മുൻ ആഭ്യന്തര സെക്രട്ടറി ലക്ഷ്മി നാരായണന്റെ മൊഴിയും പുറത്തുവന്നു. പ്രാണ പ്രതിഷ്ഠയ്ക്ക് പിന്നാലെ 2024 ഏപ്രിലിൽ 151 കിലോ സ്വർണം ഉപയോഗിച്ച് നിർമിച്ച രാമചരിതമാനസ് ഗ്രന്ഥം ക്ഷേത്രത്തിന് വഴിപാടായി നൽകിയെങ്കിലും, അതിനെക്കുറിച്ച് പിന്നീട് യാതൊരു വിവരവും ലഭിച്ചില്ലെന്നാണ് അദ്ദേഹത്തിന്റെ ആരോപണം. ഗ്രന്ഥം നേരിട്ട് ഏറ്റുവാങ്ങിയ ചമ്പത് റായി രസീത് പോലും നൽകിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഇക്കാര്യത്തിൽ പ്രത്യേക അന്വേഷണ സംഘത്തിനും അദ്ദേഹം മൊഴി നൽകിയിട്ടുണ്ട്.

ക്ഷേത്രം തുറന്ന ആദ്യ ദിവസം മുതൽ തന്നെ ക്രമക്കേടുകൾ ആരംഭിച്ചിരുന്നുവെന്നും, രാഷ്ട്രപതി ഭവനും പ്രധാനമന്ത്രിയുടെ വസതിക്കും നൽകുന്ന സുരക്ഷാ സംവിധാനത്തിന് സമാനമായ സുരക്ഷ രാമക്ഷേത്രത്തിലും ഒരുക്കണമെന്നും, സംഭവത്തിൽ ആദ്യം ആശങ്ക പ്രകടിപ്പിച്ചവരിലൊരാളായ മുൻ ബിജെപി എംപി ബ്രിജ് ഭൂഷൺ ശരൺ സിംഗ് ആവശ്യപ്പെട്ടു.

You may also like