Home Top Stories‘ഒരു ദിവസവും മുടങ്ങാതെ പൊതിച്ചോറ് നൽകാൻ കഴിയുമോ? ആർജ്ജവമുണ്ടെങ്കിൽ ചെയ്തുകാണിക്ക്’; ജി. സുധാകരന് സി.പി.എം നേതാവിന്റെ മറുപടി

‘ഒരു ദിവസവും മുടങ്ങാതെ പൊതിച്ചോറ് നൽകാൻ കഴിയുമോ? ആർജ്ജവമുണ്ടെങ്കിൽ ചെയ്തുകാണിക്ക്’; ജി. സുധാകരന് സി.പി.എം നേതാവിന്റെ മറുപടി

by news_desk
0 comments

ആലപ്പുഴ: മെഡിക്കൽ കോളേജുകൾ ഉൾപ്പെടെയുള്ള സർക്കാർ ആശുപത്രികളിൽ ഡി.വൈ.എഫ്.ഐ നടത്തുന്ന പൊതിച്ചോർ വിതരണത്തെ പരസ്യമായി പരിഹസിച്ച മുൻ മന്ത്രി ജി. സുധാകരനെതിരെ രൂക്ഷമായ മറുപടിയുമായി സി.പി.എം ആലപ്പുഴ ജില്ലാ സെക്രട്ടേറിയറ്റ് അംഗം മനു സി. പുളിക്കൽ. ഏറ്റവും കുറഞ്ഞത് പ്രതിദിനം 2500 പൊതിച്ചോറുകളെങ്കിലും വിതരണം ചെയ്യേണ്ട വലിയൊരു കേന്ദ്രമാണ് ആലപ്പുഴ മെഡിക്കൽ കോളേജെന്നും, ഈ ഉത്തരവാദിത്തം സർക്കാർ ഏറ്റെടുത്താൽ ഒരു ദിവസവും മുടങ്ങാതെ നൽകാൻ സാധിക്കുമെന്ന് ഉറപ്പുനൽകാൻ സുധാകരനോ അദ്ദേഹത്തിന്റെ പുതിയ ലാവണമായ യു.ഡി.എഫിനോ കഴിയുമോയെന്നും മനു സി. പുളിക്കൽ ഫേസ്ബുക്ക് കുറിപ്പിലൂടെ ചോദിച്ചു. മുൻപ് ജി. സുധാകരൻ തന്നെ പൊതിച്ചോറ് വിതരണം ചെയ്യുന്ന ചിത്രവും പങ്കുവെച്ചാണ് സി.പി.എം നേതാവിന്റെ ഈ കടുത്ത പ്രതികരണം.

ആശുപത്രി കോമ്പൗണ്ടുകളിൽ രാഷ്ട്രീയ പാർട്ടികൾ ഷെഡുകൾ നിർമ്മിച്ച് കൊടിയും കെട്ടി അന്നദാനം നടത്തുകയാണെന്നായിരുന്നു കഴിഞ്ഞദിവസം ജി. സുധാകരന്റെ വിവാദ പരാമർശം. “പിന്നെ ഇവിടെ ഗവൺമെന്റിന്റെ ജോലി എന്താണ്? ഞങ്ങൾ ചോറ് കൊടുക്കുന്നു, കഞ്ഞി കൊടുക്കുന്നു എന്ന് പറഞ്ഞ് കൊടിയും കെട്ടി നിൽക്കുകയാണ്. ഇതെല്ലാം അടിയന്തരമായി നീക്കം ചെയ്യണം. ഒരു രാഷ്ട്രീയ പാർട്ടിയെയും അവിടെ കയറ്റാൻ അനുവദിക്കരുത്. പാർട്ടിയിൽപ്പെട്ട മനുഷ്യർക്ക് വരാം, എന്നാൽ സംഘടനകൾ അവിടെ യാതൊരു ഭക്ഷണവും വിതരണം ചെയ്യേണ്ട കാര്യമില്ല. അത് ഗവൺമെന്റിന്റെ ഉത്തരവാദിത്വമാണ്” എന്നായിരുന്നു സുധാകരൻ വ്യക്തമാക്കിയത്.

ഇതിനുള്ള മറുപടിയായാണ് ഡി.വൈ.എഫ്.ഐയുടെ ജീവകാരുണ്യ പ്രവർത്തനങ്ങളെ അക്കമിട്ടു നിരത്തി സി.പി.എം നേതാവ് രംഗത്തെത്തിയത്. മെഡിക്കൽ കോളേജിലെ ബ്ലഡ് ബാങ്ക് രജിസ്റ്റർ പരിശോധിച്ചാൽ ദിവസവും പത്തോ അതിലധികമോ ആളുകളുടെ പേരിനൊപ്പം ഡി.വൈ.എഫ്.ഐ എന്ന സംഘടനയുടെ പേര് കാണാൻ സാധിക്കുമെന്ന് മനു സി. പുളിക്കൽ ചൂണ്ടിക്കാട്ടി. ഡി.വൈ.എഫ്.ഐയെ മെഡിക്കൽ കോളേജിൽ നിന്ന് ഒഴിവാക്കുമ്പോൾ, സാധാരണക്കാരായ രോഗികൾക്കാവശ്യമായ രക്തം സുധാകരനും സുധാകരന്റെ പുതിയ സർക്കാരും നൽകുമെന്ന് ഉറപ്പുണ്ടോയെന്നും അദ്ദേഹം ചോദ്യമുന്നയിച്ചു. മുൻപ് കേരളം ഭരിച്ച കോൺഗ്രസ് സർക്കാരുകൾ നൽകിയ ഉറപ്പുകൾ പാലിക്കാതെ ജനങ്ങളെ ദുരിതക്കയത്തിലാക്കിയ ചരിത്രമേയുള്ളൂവെന്നും മനു സി. പുളിക്കൽ ആരോപിച്ചു. ഒന്നുകിൽ ജി. സുധാകരൻ പറഞ്ഞ കാര്യങ്ങൾ പ്രായോഗികമായി നടപ്പിലാക്കാൻ ആർജ്ജവമുണ്ടെങ്കിൽ അത് ചെയ്തു കാണിക്കണം; അല്ലാത്തപക്ഷം പറഞ്ഞുപോയ അബദ്ധം തിരിച്ചറിഞ്ഞ്, നിസ്സഹായരായ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ലഭിക്കുന്ന ഭക്ഷണപ്പൊതികളും രക്തദാനവും ഇല്ലാതാക്കുന്ന പ്രസ്താവനകളിൽ നിന്ന് അടിയന്തരമായി പിന്മാറണമെന്നും സി.പി.എം നേതാവ് ആവശ്യപ്പെട്ടു.

You may also like