ബൊഗോട്ട: 2026 ഫിഫ ലോകകപ്പ് ഫുട്ബോളിൽ നിന്ന് രാജ്യം പുറത്തായതിന് പിന്നാലെ കൊളംബിയൻ മിഡ്ഫീൽഡർ ജാമിന്റൺ കാമ്പാസിനും കുടുംബത്തിനും നേരെ കടുത്ത വധഭീഷണി. റൗണ്ട് ഓഫ് 16-ൽ സ്വിറ്റ്സർലൻഡിനോട് തോറ്റ് കൊളംബിയ പുറത്തായതിന് പിന്നാലെയാണ് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ഇൻസ്റ്റാഗ്രാമിലൂടെ താരത്തിന് നേരെ ഭീഷണി സന്ദേശങ്ങൾ എത്തിയത്. സംഭവത്തെ കൊളംബിയൻ ഫുട്ബോൾ ഫെഡറേഷൻ (FCF) കടുത്ത ഭാഷയിൽ അപലപിക്കുകയും പ്രതികളെ അടിയന്തിരമായി കണ്ടെത്താൻ രാജ്യത്തെ അറ്റോർണി ജനറലിന്റെ ഓഫീസിനോട് ആവശ്യപ്പെടുകയും ചെയ്തു.
കഴിഞ്ഞ ചൊവ്വാഴ്ച നടന്ന പ്രീ-ക്വാർട്ടർ പോരാട്ടത്തിൽ സ്വിറ്റ്സർലൻഡിനോട് പെനാൽറ്റി ഷൂട്ടൗട്ടിൽ പരാജയപ്പെട്ടാണ് കൊളംബിയ പുറത്തായത്. മത്സരത്തിന്റെ എക്സ്ട്രാ ടൈമിൽ അർജന്റീനൻ ക്ലബ്ബായ റൊസാരിയോ സെൻട്രലിന്റെ താരമായ കാമ്പാസിന് ഗോൾ നേടാനുള്ള ഒരു സുവർണ്ണാവസരം ലഭിച്ചിരുന്നു. എന്നാൽ താരത്തിന്റെ ഷോട്ട് പോസ്റ്റിന് പുറത്തേക്ക് പോവുകയായിരുന്നു. ഷൂട്ടൗട്ടിൽ കാമ്പാസ് തന്റെ പെനാൽറ്റി ലക്ഷ്യത്തിലെത്തിച്ചെങ്കിലും കൊളംബിയ 3-4 ന് പരാജയപ്പെടുകയായിരുന്നു. ഇതിന് പിന്നാലെയാണ് ആരാധകരിൽ ഒരു വിഭാഗം താരത്തിന് നേരെ തിരിഞ്ഞത്.
“ഒരു വികാരവും ഭയത്തിന് കാരണമാകരുത്”: കാമ്പാസ്
ഭീഷണികൾ കനത്തതോടെ കാമ്പാസ് തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ നിരാശയോടെ മുഖം മറച്ചുനിൽക്കുന്ന ചിത്രം പങ്കുവെച്ചുകൊണ്ട് ആരാധകരോട് ബഹുമാനം കാണിക്കാൻ അഭ്യർത്ഥിച്ചു.
“ഫുട്ബോളിൽ കഠിനമായ നിമിഷങ്ങളും ഉണ്ടാകാറുണ്ട്. എന്റെ കൊളംബിയ, ദയവായി പരസ്പര ബഹുമാനം കൈവിടാതിരിക്കൂ. നമ്മുടെ ചിന്തകൾ വ്യത്യസ്തമായിരിക്കാം, നിരാശയും സങ്കടവും ഉണ്ടാകാം, എന്നാൽ കായികരംഗത്തോടുള്ള ഒരു അഭിനിവേശവും വെറുപ്പിനോ ഭയത്തോടെ ജീവിക്കുന്നതിനോ കാരണമാകരുത്,” – കാമ്പാസ് കുറിച്ചു.
സുരക്ഷാ കാരണങ്ങളാൽ താരം കൊളംബിയൻ ടീമിനൊപ്പം നാട്ടിലേക്ക് മടങ്ങാതെ അർജന്റീനയിലേക്ക് പോയതായാണ് റിപ്പോർട്ടുകൾ.
അന്വേഷണം ഊർജ്ജിതമാക്കാൻ ഫെഡറേഷൻ
കായികതാരങ്ങൾക്കെതിരെയുള്ള ഇത്തരം സൈബർ ആക്രമണങ്ങളും ഭീഷണികളും വെച്ചുപൊറുപ്പിക്കില്ലെന്ന് കൊളംബിയൻ ഫുട്ബോൾ ഫെഡറേഷൻ വ്യക്തമാക്കി.
“തങ്ങളുടെ രാജ്യത്തെ പ്രതിനിധീകരിക്കുന്ന ഒരു കായികതാരവും അവരുടെ കുടുംബവും ഇത്തരത്തിൽ ഭീഷണി നേരിടേണ്ടി വരരുത്. ഫുട്ബോൾ എന്നത് ഐക്യത്തിന്റെയും ബഹുമാനത്തിന്റെയും പ്രതീക്ഷയുടെയും വേദിയായിരിക്കണം—ഒരിക്കലും വെറുപ്പിന്റെയോ അക്രമത്തിന്റെയോ വേദിയാകരുത്. കളിയിലെ നിരാശ ഒരിക്കലും യഥാർത്ഥ ജീവിതത്തിലെ അക്രമമായി മാറരുത്,” – ഫെഡറേഷൻ പ്രസ്താവനയിലൂടെ അറിയിച്ചു.
1994-ലെ ആ കറുത്ത ചരിത്രം
കാമ്പാസിന് നേരെയുള്ള വധഭീഷണി കൊളംബിയൻ ഫുട്ബോൾ ചരിത്രത്തിലെ ഏറ്റവും ദാരുണമായ ഒരു ഓർമ്മയെയാണ് വീണ്ടുമുണർത്തുന്നത്. 1994-ൽ അമേരിക്കയിൽ നടന്ന ലോകകപ്പിൽ ആതിഥേയരായ യുഎസിനെതിരായ മത്സരത്തിൽ കൊളംബിയൻ ഡിഫെൻഡർ ആന്ദ്രെസ് എസ്കോബാർ ഒരു സെൽഫ് ഗോൾ വഴങ്ങിയിരുന്നു. ആ മത്സരത്തിൽ കൊളംബിയ 2-1 ന് തോറ്റ് ടൂർണമെന്റിൽ നിന്ന് പുറത്തായി. രാജ്യം പുറത്തായതിന് തൊട്ടുപിന്നാലെ നാട്ടിൽ തിരിച്ചെത്തിയ എസ്കോബാറിനെ മെഡലിൻ നഗരത്തിൽ വെച്ച് ഒരു സംഘം ആളുകൾ വെടിവെച്ചു കൊലപ്പെടുത്തുകയായിരുന്നു. ഫുട്ബോൾ ലോകത്തെ ഏറ്റവും കറുത്ത അധ്യായങ്ങളിലൊന്നായ ആ സംഭവം കാമ്പാസിന്റെ കാര്യത്തിലും ആവർത്തിക്കുമോ എന്ന ആശങ്കയിലാണ് കായിക ലോകം.

