ന്യൂഡൽഹി: വിയറ്റ്‌നാമിലെ ബോട്ട് അപകടത്തിൽ മരിച്ചവരിൽ രണ്ട് മലയാളികളും ഉൾപ്പെട്ടതായി സ്ഥിരീകരിച്ചു. കൊല്ലം കൊട്ടാരക്കര സ്വദേശികളായ എ.സി. തോമസ് (57), ഭാര്യ ലോവേനി തോമസ് (56) എന്നിവരാണ് മരിച്ചത്. അപകടത്തിൽ ആകെ 15 ഇന്ത്യൻ വിനോദസഞ്ചാരികൾ മരിച്ചു.
32 വിനോദസഞ്ചാരികളും നാല് ജീവനക്കാരുമാണ് ബോട്ടിലുണ്ടായിരുന്നത്. ഇതിൽ 21 പേരെ രക്ഷപ്പെടുത്തിയിരുന്നു. വിനോദസഞ്ചാരികളിൽ ഭൂരിഭാഗവും ദക്ഷിണേന്ത്യക്കാരാണ്. ഒരു സ്വകാര്യ മെഡിക്കൽ കമ്പനിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച കോംപ്ലിമെന്ററി ട്രിപ്പിനിടെയായിരുന്നു അപകടമെന്നാണ് വിവരം.
മരിച്ച മലയാളി ദമ്പതികളുടെ മൃതദേഹങ്ങൾ എത്രയും വേഗം നാട്ടിലെത്തിക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് ഇന്ത്യൻ എംബസിയോട് ആവശ്യപ്പെട്ടതായി എം.പി. കൊടിക്കുന്നിൽ സുരേഷ് അറിയിച്ചു. വിയറ്റ്‌നാം അധികൃതരുമായി ഇന്ത്യൻ എംബസിയും കോൺസുലേറ്റും നിരന്തരം ബന്ധപ്പെടുന്നുണ്ടെന്നും സാധ്യമായ എല്ലാ സഹായങ്ങളും നൽകിവരുകയാണെന്നും അദ്ദേഹം പറഞ്ഞു. മൃതദേഹങ്ങൾ നാട്ടിലെത്തിക്കുന്ന നടപടിക്രമങ്ങൾ വേഗത്തിലാക്കുന്നതിനും ദുഃഖിതരായ കുടുംബങ്ങൾക്ക് ആവശ്യമായ കോൺസുലർ സഹായങ്ങൾ ഉറപ്പാക്കുന്നതിനും ഇന്ത്യൻ എംബസി അടിയന്തര നടപടി സ്വീകരിക്കുമെന്ന് അംബാസിഡർ അറിയിച്ചതായും അദ്ദേഹം വ്യക്തമാക്കി.
അപകടത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചനം രേഖപ്പെടുത്തി. വിയറ്റ്‌നാമിലെ ഫു ക്വോക്കിന് സമീപം ഇന്ത്യക്കാർ ഉൾപ്പെട്ട ബോട്ട് അപകടത്തിന്റെ ദാരുണമായ വാർത്ത അറിഞ്ഞതിൽ അതിയായ ദുഃഖമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട കുടുംബങ്ങളോട് അനുശോചനം രേഖപ്പെടുത്തിയ പ്രധാനമന്ത്രി, പരിക്കേറ്റവർ എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്നും ആശംസിച്ചു. ഇന്ത്യൻ എംബസിയും കോൺസുലേറ്റും സാധ്യമായ എല്ലാ സഹായങ്ങളും നൽകിവരികയാണെന്നും ഉദ്യോഗസ്ഥർ വിയറ്റ്‌നാം അധികൃതരുമായി ബന്ധം പുലർത്തുന്നുണ്ടെന്നും അദ്ദേഹം അറിയിച്ചു.
വിയറ്റ്‌നാമിലെ ഏറ്റവും വലിയ ദ്വീപായ ഫു ക്വോക്കിൽ നിന്ന് ഏകദേശം 400 മീറ്റർ അകലെയാണ് ബോട്ട് മറിഞ്ഞതെന്ന് അധികൃതർ അറിയിച്ചു. ആന്ധ്രാപ്രദേശിൽ നിന്നുള്ള മൂന്ന് വിനോദസഞ്ചാരികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും റിപ്പോർട്ടുണ്ട്.
സമീപത്തുണ്ടായിരുന്ന മറ്റ് ബോട്ടുകളാണ് ആദ്യം രക്ഷാപ്രവർത്തനം ആരംഭിച്ചത്. തുടർന്ന് അതിർത്തി രക്ഷാസേന, നാവികസേന, കോസ്റ്റ് ഗാർഡ് എന്നിവയും മറ്റ് അടിയന്തര രക്ഷാസംഘങ്ങളും സ്ഥലത്തെത്തി രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായതായി ദൃക്‌സാക്ഷികൾ പറഞ്ഞു.
ശക്തമായ കാറ്റും ഉയർന്ന തിരമാലകളും മൂലമാണ് ബോട്ട് മറിഞ്ഞതെന്നാണ് പ്രാഥമിക വിലയിരുത്തൽ.

