Home Kerala‘ചെവിയിൽ പിടിച്ചത് തമാശയ്ക്ക് മാത്രം, വേദനിപ്പിച്ചിട്ടില്ല’; വിദ്യാർത്ഥി വിവാദത്തിൽ വിശദീകരണവുമായി കെ.ടി. ജലീൽ

‘ചെവിയിൽ പിടിച്ചത് തമാശയ്ക്ക് മാത്രം, വേദനിപ്പിച്ചിട്ടില്ല’; വിദ്യാർത്ഥി വിവാദത്തിൽ വിശദീകരണവുമായി കെ.ടി. ജലീൽ

by news_desk1
0 comments

മലപ്പുറം: പാലക്കാട് മണ്ണാർക്കാട് നടന്ന അനുമോദന ചടങ്ങിൽ വിദ്യാർത്ഥികളെ അപമാനിച്ചെന്ന വിവാദത്തിൽ പ്രതികരണവുമായി മുൻമന്ത്രി കെ.ടി. ജലീൽ. അധ്യാപകനെന്ന നിലയിൽ വിദ്യാർത്ഥികളുമായി സംവദിക്കുന്ന ശീലമാണ് തനിക്കുള്ളതെന്നും, തമാശയുടെ ഭാഗമായാണ് കുട്ടിയുടെ ചെവിയിൽ പിടിച്ചതെന്നും അദ്ദേഹം പറഞ്ഞു. കുട്ടിയെ നുള്ളുകയോ വേദനിപ്പിക്കുകയോ ചെയ്തിട്ടില്ലെന്നും കുട്ടിക്കും അങ്ങനെ തോന്നിയിട്ടില്ലെന്നും ജലീൽ വ്യക്തമാക്കി.

ചടങ്ങിൽ പങ്കെടുത്ത ഏതെങ്കിലും ഒരു വിദ്യാർത്ഥിക്കോ രക്ഷിതാവിനോ തന്റെ പെരുമാറ്റത്തിൽ അപമാനം തോന്നിയിട്ടുണ്ടെങ്കിൽ നൂറുവട്ടം ക്ഷമ ചോദിക്കാൻ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു.

‘അപമാനിച്ചതായി തോന്നിയില്ലെന്നാണ് വിദ്യാർത്ഥികളും പറഞ്ഞത്. കുട്ടികൾക്ക് പൊതുവായന കുറവാണ്. അതൊരു പ്രശ്നമാണ്. മലയാളം ചെറുകഥ പോലും പല വിദ്യാർത്ഥികളും വായിച്ചിട്ടില്ലെന്ന് മനസ്സിലായി. പാഠപുസ്തകങ്ങൾ മാത്രമാണ് അവർ വായിക്കുന്നത്. ആ സാഹചര്യത്തിലാണ് വിദ്യാർത്ഥികളുമായി സംസാരിച്ചത്. വിദ്യാർത്ഥികളുമായി സംവദിക്കുന്ന പരിപാടികളിൽ സദസിനെയും പരിപാടിയുടെ ഭാഗമാക്കുന്നത് എന്റെ രീതിയാണ്,’ കെ.ടി. ജലീൽ പറഞ്ഞു.

ഒരു അധ്യാപകൻ വിദ്യാർത്ഥികളോട് സംസാരിക്കുന്ന രീതിയിലാണ് താൻ കാര്യങ്ങൾ പറഞ്ഞതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

‘പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കാണ് മക്കളെ അയക്കേണ്ടത്. മികച്ച വിദ്യാഭ്യാസം അവിടെ നിന്നാണ് ലഭിക്കുന്നത്. “കേരളം” എന്നത് “കാരളം” എന്ന് എഴുതിയത് പിണറായി സർക്കാർ വന്നശേഷം സർക്കാർ സ്കൂളിൽ പഠിച്ച കുട്ടിയാണോ? ഒൻപതിനായിരത്തി മുന്നൂറ്റി മുപ്പത്തിരണ്ട് എന്നതിന് പകരം തൊള്ളായിരത്തി മുന്നൂറ്റി മുപ്പത്തിരണ്ട് എന്ന് പറഞ്ഞയാൾ അടുത്തകാലത്ത് നമ്മുടെ പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഠിച്ച വ്യക്തിയാണോ? തൊള്ളായിരത്തി പത്ത് എന്നതിന് പകരം “തൊണ്ണൂറ്റി പത്ത്” എന്ന് സഭയിൽ പറഞ്ഞത് കഴിഞ്ഞ പത്ത് വർഷത്തിനിടെ പൊതുവിദ്യാഭ്യാസ മേഖലയിൽ നിന്ന് പഠിച്ചുവന്ന ആളാണോ?’ എന്നും അദ്ദേഹം ചോദിച്ചു.

സംഭവത്തിൽ ബാലാവകാശ കമ്മീഷൻ കേസ് എടുത്ത് ജയിലിൽ അടച്ചാലും മുൻകൂർ ജാമ്യത്തിന് പോകില്ലെന്നും കെ.ടി. ജലീൽ പ്രതികരിച്ചു.

You may also like