Home Kerala‘പട്ടാഭിഷേകം കഴിഞ്ഞാൽ വാഗ്ദാനങ്ങൾ മറക്കുന്നത് രാജശീലം’; മുഖ്യമന്ത്രി വി.ഡി. സതീശനെതിരെ വീണ്ടും ജിന്റോ ജോൺ

‘പട്ടാഭിഷേകം കഴിഞ്ഞാൽ വാഗ്ദാനങ്ങൾ മറക്കുന്നത് രാജശീലം’; മുഖ്യമന്ത്രി വി.ഡി. സതീശനെതിരെ വീണ്ടും ജിന്റോ ജോൺ

by news_desk1
0 comments

കൊച്ചി: മുഖ്യമന്ത്രി വി.ഡി. സതീശനെതിരെ വീണ്ടും വിമർശനവുമായി കോൺഗ്രസ് നേതാവ് ജിന്റോ ജോൺ. പട്ടാഭിഷേകം കഴിഞ്ഞാൽ വാഗ്ദാനങ്ങൾ മറക്കുന്നത് രാജശീലമാണെന്ന് അദ്ദേഹം ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ പറഞ്ഞു.

രാഷ്ട്രീയ അൽഷിമേഴ്‌സ് ബാധിക്കുന്നവർക്ക് പട്ടേലരുടെ സെന്റിന്റെ മണം വിളമ്പുന്ന തൊമ്മിമാർ കൂടിയുണ്ടെങ്കിൽ എല്ലാം ന്യായീകരിച്ച് കാലം കഴിക്കാമെന്നും അദ്ദേഹം വിമർശിച്ചു. അധികാരമൊഴിയുമ്പോൾ മാത്രം തിരിച്ചറിവിന്റെ കണ്ണാടി നോക്കുന്നവരുടെ എണ്ണം കൂടുന്ന കാലത്ത് സത്യം പറയാൻ കുട്ടികൾ വേണമെന്നും അദ്ദേഹം കുറിച്ചു.

അപ്രഖ്യാപിത അംഗത്വ വിലക്കുള്ള ചില സംവിധാനങ്ങൾ തയ്യാറാക്കുന്ന പട്ടികകളിൽ ആക്ഷേപം ഉയർന്ന പേരുകൾ എങ്ങനെ ഇടംപിടിച്ചുവെന്ന് പരിശോധിക്കണമെന്നും ജിന്റോ ജോൺ ആവശ്യപ്പെട്ടു. എത്ര പുസ്തകങ്ങൾ വായിച്ചു, എത്ര ഉത്തരങ്ങൾ കാണാതെ പഠിച്ചെഴുതി എന്നതല്ല വിദ്യാഭ്യാസത്തിന്റെ മികവ് നിർണയിക്കുന്നതെന്നും, എത്ര ചോദ്യങ്ങൾ ചോദിക്കാൻ കുട്ടികൾ പ്രാപ്തരായി എന്നതാണ് യഥാർഥ മാനദണ്ഡമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. അധികാരപ്രീതിക്കായി കണ്ണടയ്ക്കുന്നവർക്കിടയിൽ ഭയമില്ലാതെ സത്യം പറയാൻ കുട്ടികൾ തന്നെയാണ് വേണ്ടതെന്നും ഫേസ്ബുക്ക് കുറിപ്പിൽ പറയുന്നു.

സർക്കാർ അഭിഭാഷകരുടെ നിയമന വിവാദവുമായി ബന്ധപ്പെട്ടും ജിന്റോ ജോൺ നേരത്തെ മുഖ്യമന്ത്രിയെയും സർക്കാരിനെയും വിമർശിച്ചിരുന്നു. യു.ഡി.എഫ് സർക്കാരിനെ അധികാരത്തിലെത്തിക്കാൻ പ്രവർത്തിച്ചവരെയും തെരുവിൽ പോരാടിയവരെയും അവഗണിച്ച് മറ്റ് പാർട്ടികളിലെ ആളുകളെ തേടുന്ന സമീപനം സ്വന്തം പ്രവർത്തകരെ അപമാനിക്കുന്നതാണെന്നായിരുന്നു അദ്ദേഹത്തിന്റെ വിമർശനം.

കോൺഗ്രസ് മാധ്യമ വക്താവും എറണാകുളം ജില്ലാ പഞ്ചായത്ത് അംഗവുമാണ് ജിന്റോ ജോൺ.

You may also like