Home Keralaലോകകപ്പ് ഫൈനൽ ദിനത്തിൽ പവർകട്ട് ആശങ്ക ഒഴിവായി; അധിക വൈദ്യുതി വാങ്ങാൻ കെഎസ്ഇബിക്ക് അനുമതി

ലോകകപ്പ് ഫൈനൽ ദിനത്തിൽ പവർകട്ട് ആശങ്ക ഒഴിവായി; അധിക വൈദ്യുതി വാങ്ങാൻ കെഎസ്ഇബിക്ക് അനുമതി

by news_desk1
0 comments

തിരുവനന്തപുരം: സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധിയിൽ കെ.എസ്.ഇബിക്ക് ആശ്വാസമായി റെഗുലേറ്ററി കമ്മീഷന്റെ അനുമതി. അധിക വൈദ്യുതി വാങ്ങാൻ കമ്മീഷൻ അനുമതി നൽകിയതോടെ നാളെ നടക്കുന്ന അർജന്റീന-സ്പെയിൻ ലോകകപ്പ് ഫുട്ബോൾ ഫൈനൽ മത്സരം പവർകട്ടില്ലാതെ ആസ്വദിക്കാൻ കേരളത്തിലെ ഫുട്ബോൾ ആരാധകർക്ക് കഴിയുമെന്ന പ്രതീക്ഷ ശക്തമായി.

24 മണിക്കൂറും ലഭ്യമാകുന്ന രീതിയിൽ 200 മെഗാവാട്ട് വൈദ്യുതി വാങ്ങാനാണ് അനുമതി ലഭിച്ചത്. യൂണിറ്റിന് 5.96 രൂപ നിരക്കിലാണ് വൈദ്യുതി ലഭ്യമാക്കുക. നാളെ മുതൽ ഒരു വർഷത്തേക്കാണ് കരാർ പ്രാബല്യത്തിൽ വരുന്നത്.

വെള്ളിയാഴ്ച മുൻ ദിവസങ്ങളെ അപേക്ഷിച്ച് സംസ്ഥാനത്തെ വൈദ്യുതി ആവശ്യകത താരതമ്യേന കുറഞ്ഞതിനാൽ നിയന്ത്രണം ഏർപ്പെടുത്തേണ്ട സാഹചര്യം ഉണ്ടായില്ലെന്നും കെ.എസ്.ഇ.ബി അറിയിച്ചു.

എൽനിനോ പ്രതിഭാസത്തെ തുടർന്നുണ്ടായ മഴക്കുറവും ഉയർന്ന താപനിലയും കാരണം സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം വർധിച്ചതായി കെ.എസ്.ഇ.ബി വ്യക്തമാക്കി. രാജ്യത്താകമാനം വൈദ്യുതി ആവശ്യകത ഉയർന്നതിനാൽ പവർ എക്സ്ചേഞ്ചിലൂടെ ലഭിക്കുന്ന വൈദ്യുതിയുടെ ലഭ്യതയിലും കുറവുണ്ടായിട്ടുണ്ട്.

സംസ്ഥാനത്ത് മഴ മാറിനിൽക്കുന്ന സാഹചര്യത്തിൽ ഇന്നത്തെ വൈദ്യുതി ഉപഭോഗം മുൻ ദിവസങ്ങളെ അപേക്ഷിച്ച് 400 മുതൽ 500 മെഗാവാട്ട് വരെ വർധിക്കാനിടയുണ്ടെന്നും കെ.എസ്.ഇ.ബി അറിയിച്ചു. പവർ എക്സ്ചേഞ്ചിലൂടെ ആവശ്യത്തിന് വൈദ്യുതി ലഭ്യമാകാത്ത സാഹചര്യമുണ്ടായാൽ വൈകുന്നേരത്തെ പീക്ക് സമയങ്ങളിൽ ഭാഗിക വൈദ്യുത നിയന്ത്രണം ആവശ്യമായി വന്നേക്കാമെന്നും അധികൃതർ മുന്നറിയിപ്പ് നൽകിയിരുന്നു.

ബുധൻ, വ്യാഴം ദിവസങ്ങളിൽ സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തിയിരുന്നെങ്കിലും വെള്ളിയാഴ്ച വൈദ്യുതി ഉപഭോഗം കുറഞ്ഞതിനാൽ നിയന്ത്രണം വേണ്ടിവന്നില്ല.

You may also like