തിരുവനന്തപുരം: കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെക്കണമെന്നാവശ്യപ്പെട്ട് ദില്ലിയിൽ നടക്കുന്ന സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് തിരുവനന്തപുരത്തും പ്രതിഷേധം സംഘടിപ്പിക്കാൻ നീക്കം. ദില്ലിയിൽ സമരക്കാർക്ക് നേരെയുണ്ടായ പൊലീസ് നടപടിയിൽ പ്രതിഷേധിച്ചും സമരത്തിന് പിന്തുണ അറിയിച്ചും യുവാക്കളും വിദ്യാർഥികളും അധ്യാപകരും ഉൾപ്പെടുന്ന ജനകീയ കൂട്ടായ്മയാണ് പ്രതിഷേധത്തിന് നേതൃത്വം നൽകുന്നത്.
ജൂലൈ 23-ന് വൈകിട്ട് 7 മണിക്ക് തിരുവനന്തപുരം മാനവീയം വീഥിയിലാണ് പ്രതിഷേധം സംഘടിപ്പിക്കാൻ തീരുമാനം. രാഷ്ട്രീയ പാർട്ടികളുടെ പിന്തുണയില്ലാതെ സ്വതന്ത്ര നിലപാടുള്ള യുവാക്കളാണ് പ്രതിഷേധ കൂട്ടായ്മയ്ക്ക് നേതൃത്വം നൽകുന്നത്.
പ്രതിഷേധത്തിന്റെ ഭാഗമായി നവമാധ്യമങ്ങളിലൂടെ പ്രചാരണം ആരംഭിച്ചതായും പറഞ്ഞു. ഐക്യദാർഢ്യ പ്രതിഷേധസദസ് ഉദ്ഘാടനം ചെയ്യുന്നത് ആരാണെന്ന കാര്യത്തിൽ ഇതുവരെ തീരുമാനമായിട്ടില്ല. പരിപാടി സംഘടിപ്പിക്കുന്നതിനുള്ള പൊലീസ് അനുമതി ചൊവ്വാഴ്ച തേടുമെന്നും സംഘാടകർ അറിയിച്ചു.
