കൊല്ലം: അധ്യാപകരുടെ മാനസിക പീഡനത്തെ തുടർന്ന് ഓച്ചിറയിൽ നഴ്സിങ് വിദ്യാർഥി ആത്മഹത്യ ചെയ്തതായി പരാതി. കരുനാഗപ്പള്ളി ആലുംകടവ് സ്വദേശി അഹമ്മദ് നജാദാണ് മരിച്ചത്. കഴിഞ്ഞ ദിവസം പുലർച്ചെയാണ് അഹമ്മദ് നജാദിനെ വീട്ടിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്. സ്വകാര്യ നഴ്സിങ് കോളജിലെ രണ്ടാം വർഷ ബി.എസ്സി വിദ്യാർഥിയായിരുന്നു.
കഴിഞ്ഞ പരീക്ഷയിൽ നജാദിന് മാർക്ക് കുറഞ്ഞതിന്റെ പേരിൽ അധ്യാപകർ മാനസികമായി പീഡിപ്പിച്ചെന്നും തുടർന്നുള്ള പരീക്ഷകൾ എഴുതാൻ അനുവദിച്ചില്ലെന്നും ബന്ധുക്കൾ ആരോപിച്ചു. ഇതിൽ മനംനൊന്താണ് നജാദ് ജീവനൊടുക്കിയതെന്നാണ് വീട്ടുകാരുടെ ആരോപണം.
സംഭവത്തിൽ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് എസ്എഫ്ഐ പ്രതിഷേധവുമായി രംഗത്തെത്തി. കോളജിൽ നടന്ന പ്രതിഷേധത്തിന് പിന്നാലെ എസ്എഫ്ഐ നേതാക്കളും കോളജ് അധികൃതരും ചർച്ച നടത്തി. ആരോപണം നേരിടുന്ന നാല് അധ്യാപകരെ സസ്പെൻഡ് ചെയ്തതായി കോളജ് അധികൃതർ അറിയിച്ചു.
