തിരുവനന്തപുരം: കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാറിന്റെ സ്ത്രീകളെക്കുറിച്ചുള്ള പരാമർശത്തിൽ പ്രതികരിച്ച് മന്ത്രി ബിന്ദുകൃഷ്ണ. അഭിപ്രായസ്വാതന്ത്ര്യം എല്ലാവർക്കുമുണ്ടെങ്കിലും ഇത്തരം പരാമർശം അനുകരണീയമല്ലെന്നായിരുന്നു മന്ത്രിയുടെ പ്രതികരണം.
ഭരണഘടന എല്ലാവരെയും തുല്യരായാണ് കാണുന്നതെന്നും രാജ്യത്തിന്റെ രാഷ്ട്രപതി വരെ ഒരു വനിതയാണെന്നും ബിന്ദുകൃഷ്ണ പറഞ്ഞു. മതവിശ്വാസം പിന്തുടരാം, എന്നാൽ ഭരണഘടനയെ മാനിക്കണമെന്നും മന്ത്രി വ്യക്തമാക്കി.
അന്യപുരുഷന്മാർക്കിടയിലോ പൊതുവിടങ്ങളിലോ സ്ത്രീകളെ കൊണ്ടുവരരുതെന്ന സർക്കുലർ വിവാദമായതിന് പിന്നാലെയാണ് കാന്തപുരത്തിന്റെ പുതിയ പരാമർശം. പെണ്ണുങ്ങൾ വീട്ടിൽ അടങ്ങി ഒതുങ്ങി ജീവിക്കണമെന്നും ഖുർആൻ പഠിപ്പിക്കുന്നത് അതാണെന്നുമായിരുന്നു കൊച്ചിയിൽ നടന്ന പ്രവാചക പ്രകീർത്തന സമ്മേളനത്തിൽ കാന്തപുരം പറഞ്ഞത്.
സ്ത്രീകൾ പൊതുവേദിയിൽ ഇറങ്ങിയാൽ വലിയ നാശമുണ്ടാകുമെന്നും സ്ത്രീകൾ പൊതുവേദിയിൽ ഇറങ്ങരുതെന്ന് പറയുന്നത് അവരോടുള്ള ബഹുമാനം കൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു. അന്യപുരുഷന്മാർക്കിടയിൽ അത്തരം സാഹചര്യം ഉണ്ടാകാതിരിക്കാനാണ് ഇസ്ലാം പർദ ഏർപ്പെടുത്തിയതെന്നും മതം പഠിപ്പിക്കുന്നത് ഇതാണെന്നും കാന്തപുരം കൂട്ടിച്ചേർത്തു.
തന്റെ പരാമർശങ്ങളെ ആരെങ്കിലും ചോദ്യം ചെയ്താലോ വിമർശിച്ചാലോ പേടിച്ച് ഓടില്ലെന്നും കാന്തപുരം വ്യക്തമാക്കി. ഇത്തരം കാര്യങ്ങൾ പറയുമ്പോൾ കാന്തപുരത്തിന് എന്താണ് അധികാരമെന്ന് ചില സംഘടനകൾ ചോദിക്കാറുണ്ടെന്നും അദ്ദേഹം പറഞ്ഞു.
എന്നാൽ, മതത്തെക്കുറിച്ച് കൃത്യമായി പഠിച്ചവരാണ് തങ്ങളെന്നും അതിനാൽ മുസ്ലിം സമുദായത്തോട് ഇത്തരം കാര്യങ്ങൾ പറയാനുള്ള അവകാശമുണ്ടെന്നും കാന്തപുരം അവകാശപ്പെട്ടു.
