Home Editorialസ്ത്രീകളെ മാറ്റിനിർത്തുന്ന സർക്കുലർ കേരളം പിന്നോട്ടുപോകില്ല

സ്ത്രീകളെ മാറ്റിനിർത്തുന്ന സർക്കുലർ കേരളം പിന്നോട്ടുപോകില്ല

by news_desk
0 comments

അന്യപുരുഷന്മാർക്കിടയിലോ പൊതുവിടങ്ങളിലോ സ്ത്രീകളെ കൊണ്ടുവരരുതെന്ന സമസ്ത കാന്തപുരം വിഭാഗത്തിന്റെ സർക്കുലർ ഒരു മതസംഘടനയുടെ ആഭ്യന്തര നിർദേശമായി മാത്രം കണ്ടു തള്ളിക്കളയാനാകില്ല. സ്ത്രീകളുടെ പൊതുജീവിതത്തിലെ സാന്നിധ്യത്തെ ചോദ്യം ചെയ്യുകയും അവരെ സാമൂഹിക ഇടങ്ങളിൽനിന്ന് മാറ്റിനിർത്തുകയും ചെയ്യുന്ന ഇത്തരം ആശയങ്ങൾ കേരളം പതിറ്റാണ്ടുകളായി നടത്തിയ നവോത്ഥാന മുന്നേറ്റങ്ങളോടുള്ള തുറന്ന വെല്ലുവിളിയാണ്. കേരളം ഒരുപാട് മാറിയിരിക്കുന്നു. വിദ്യാഭ്യാസത്തിലും തൊഴിൽ മേഖലയിലും ഭരണരംഗത്തും രാഷ്ട്രീയത്തിലും ശാസ്ത്ര-സാങ്കേതിക മേഖലകളിലും സ്ത്രീകൾ മുന്നിലെത്തിയ കാലമാണിത്. വീട്ടിനുള്ളിൽ മാത്രം ഒതുങ്ങേണ്ടവരല്ല സ്ത്രീകളെന്നും സമൂഹത്തിന്റെ എല്ലാ മേഖലകളിലും തുല്യ അവകാശങ്ങളോടെ ഇടപെടേണ്ട പൗരന്മാരാണെന്നും കേരളീയ സമൂഹം ഏറെക്കാലം മുമ്പേ തിരിച്ചറിഞ്ഞതാണ്. ആ തിരിച്ചറിവിനെ പിന്നോട്ടടിപ്പിക്കുന്ന ഏതു നിർദേശവും ശക്തമായി ചോദ്യം ചെയ്യപ്പെടണം.
മതസംഘടനകൾക്ക് വിശ്വാസപരമായ നിലപാടുകൾ സ്വീകരിക്കാനും അവ സ്വന്തം അനുയായികൾക്ക് മുന്നിൽ അവതരിപ്പിക്കാനുമുള്ള അവകാശമുണ്ട്. എന്നാൽ ആ അവകാശം സമൂഹത്തിൽ സ്ത്രീകളുടെ സ്വാതന്ത്ര്യത്തെയും പൊതുസാന്നിധ്യത്തെയും നിയന്ത്രിക്കുന്ന സാമൂഹിക നിർദേശങ്ങളായി മാറുമ്പോൾ അതിനെ വിമർശിക്കുക പൊതുസമൂഹത്തിന്റെ ഉത്തരവാദിത്വമാണ്. മതവിശ്വാസത്തിന്റെ പേരിൽ സ്ത്രീകളെ പൊതുജീവിതത്തിൽനിന്ന് അകറ്റിനിർത്താനുള്ള ശ്രമം അംഗീകരിക്കാനാവില്ല. ‘അന്യപുരുഷൻ’ എന്ന സങ്കൽപ്പത്തെ അടിസ്ഥാനമാക്കി സ്ത്രീകളുടെ പൊതുസാന്നിധ്യം നിയന്ത്രിക്കാനുള്ള ശ്രമം കേരളത്തിന്റെ സാമൂഹിക യാഥാർഥ്യവുമായി പൊരുത്തപ്പെടുന്നതുമല്ല. വീട്ടിലും വിദ്യാലയങ്ങളിലും കോളജുകളിലും തൊഴിലിടങ്ങളിലും പൊതുസ്ഥാപനങ്ങളിലും സ്ത്രീകളും പുരുഷന്മാരും ഒരുമിച്ച് പഠിക്കുകയും ജോലി ചെയ്യുകയും സാമൂഹിക ജീവിതത്തിൽ പങ്കാളികളാവുകയും ചെയ്യുന്ന സമൂഹമാണ് നമ്മുടേത്. ഈ യാഥാർഥ്യത്തെ നിരാകരിച്ച് സ്ത്രീക്കും പുരുഷനും ഇടയിൽ കൃത്രിമമായ മതിലുകൾ പണിയാനുള്ള ശ്രമം സമൂഹത്തെ മുന്നോട്ടല്ല, പിന്നോട്ടാണ് നയിക്കുക. പ്രത്യേകിച്ച് മുസ്ലിം സമൂഹത്തിനകത്ത് തന്നെ സ്ത്രീകളുടെ വിദ്യാഭ്യാസത്തിലും തൊഴിലും സാമൂഹിക പങ്കാളിത്തത്തിലും വലിയ മാറ്റങ്ങൾ ഉണ്ടായിട്ടുണ്ട്. ഒരുകാലത്ത് പരിമിതമായിരുന്ന പെൺകുട്ടികളുടെ വിദ്യാഭ്യാസാവസരങ്ങൾ ഇന്ന് വ്യാപകമായി. മുസ്ലിം സമുദായത്തിൽനിന്നുള്ള സ്ത്രീകൾ അധ്യാപകരായും ഡോക്ടർമാരായും ഉദ്യോഗസ്ഥരായും സംരംഭകരായും ജനപ്രതിനിധികളായും രാജ്യത്തിന്റെയും സംസ്ഥാനത്തിന്റെയും ഉന്നത സ്ഥാനങ്ങളിലേക്കും എത്തി. ഇത് ഒരു സമൂഹം കാലത്തിനൊപ്പം സഞ്ചരിച്ചതിന്റെ അടയാളമാണ്. ആ മുന്നേറ്റത്തെ തിരികെ വലിക്കുന്ന നിർദേശങ്ങൾ ആരുടെ പേരിലായാലും അംഗീകരിക്കപ്പെടരുത്. സ്ത്രീകളെ ‘പൊതിഞ്ഞുപിടിച്ച്’ മാറ്റിനിർത്തുന്നതിലല്ല ഒരു സമൂഹത്തിന്റെ മഹത്വം. അവരെ തുല്യരായി ചേർത്തുനിർത്തുന്നതിലാണ് യഥാർഥ മഹത്വം. സ്ത്രീകളുടെ സാന്നിധ്യം സമൂഹത്തിന് ഭീഷണിയല്ല; അതൊരു സമൂഹത്തിന്റെ പുരോഗതിയുടെ അടയാളമാണ്. പൊതുവിടങ്ങൾ സ്ത്രീകൾക്കും പുരുഷന്മാർക്കും ഒരുപോലെ അവകാശപ്പെട്ടതാണെന്ന് ഭരണഘടന ഉറപ്പുനൽകുന്ന കാലത്ത്, സ്ത്രീകളുടെ സഞ്ചാരവും സാമൂഹിക ഇടപെടലുകളും നിയന്ത്രിക്കുന്ന മനോഭാവം അംഗീകരിക്കാനാവില്ല. ഇവിടെ മതവും വിശ്വാസവും ഭരണഘടനയും തമ്മിലുള്ള അതിരുകളും വ്യക്തമായി മനസ്സിലാക്കേണ്ടതുണ്ട്. ഒരാൾക്ക് സ്വന്തം മതവിശ്വാസം അനുസരിച്ച് ജീവിക്കാനുള്ള സ്വാതന്ത്ര്യം സംരക്ഷിക്കപ്പെടണം. എന്നാൽ ആ വ്യക്തിപരമായ വിശ്വാസത്തെ മുഴുവൻ സമൂഹത്തിനുമേൽ അടിച്ചേൽപ്പിക്കാനും സ്ത്രീകളുടെ അവകാശങ്ങൾ ചുരുക്കാനും കഴിയില്ല. വിശ്വാസസ്വാതന്ത്ര്യം പോലെ തന്നെ തുല്യതയും സ്വാതന്ത്ര്യവും ഭരണഘടനാപരമായ അവകാശങ്ങളാണ്. മതങ്ങൾ കാലത്തിനനുസരിച്ച് മാറുന്ന സാമൂഹിക സാഹചര്യങ്ങളെ ഉൾക്കൊള്ളേണ്ടതുണ്ട്. വിശ്വാസത്തിന്റെ അടിസ്ഥാന മൂല്യങ്ങൾ സംരക്ഷിക്കുന്നതിനൊപ്പം പുതിയ തലമുറയുടെ സ്വപ്നങ്ങളെയും സാമൂഹിക യാഥാർഥ്യങ്ങളെയും മനസ്സിലാക്കാനുള്ള വിശാലത മതപണ്ഡിതന്മാർക്കും സമുദായ നേതാക്കൾക്കും ഉണ്ടാകണം. കാലം മാറുമ്പോൾ സമൂഹത്തിന്റെ ആവശ്യങ്ങളും മാറും. ആ മാറ്റത്തെ നിരസിക്കുന്ന മതസംഘടനകൾ ഒടുവിൽ സമൂഹത്തിൽനിന്നുതന്നെ അകന്നുനിൽക്കുന്ന തുരുത്തുകളായി മാറാനുള്ള സാധ്യതയുണ്ട്. അതുകൊണ്ട് ഈ സർക്കുലറിനെതിരെ രാഷ്ട്രീയ വ്യത്യാസങ്ങൾക്കപ്പുറം ശക്തമായ സാമൂഹിക പ്രതികരണം ഉയരേണ്ടതുണ്ട്. മതപണ്ഡിതരും സമുദായ നേതാക്കളും രാഷ്ട്രീയ നേതൃത്വങ്ങളും പുരോഗമന പ്രസ്ഥാനങ്ങളും ഒരേ മനസ്സോടെ സ്ത്രീകളെ പിന്നോട്ടടിപ്പിക്കുന്ന ഇത്തരം നിർദേശങ്ങളെ തള്ളിപ്പറയണം. സ്ത്രീകളുടെ വിദ്യാഭ്യാസം, തൊഴിൽ, സ്വതന്ത്ര സഞ്ചാരം, പൊതുജീവിതത്തിലെ പങ്കാളിത്തം എന്നിവയെ നിയന്ത്രിക്കുന്ന ഏതു പിന്തിരിപ്പൻ ആശയത്തെയും പരസ്യമായി എതിർക്കണം. കേരളത്തിന്റെ നവോഥാന പാരമ്പര്യം ആരും ദാനം ചെയ്തതല്ല; അനീതിക്കും അസമത്വത്തിനും എതിരെ തലമുറകൾ നടത്തിയ പോരാട്ടത്തിലൂടെ നേടിയെടുത്തതാണ്. ആ മുന്നേറ്റത്തിന്റെ ചക്രം പിന്നോട്ടുതിരിക്കാൻ അനുവദിക്കരുത്. സ്ത്രീകളെ മാറ്റിനിർത്തുന്ന സർക്കുലറുകളല്ല, സ്ത്രീകളെ തുല്യരായി ചേർത്തുനിർത്തുന്ന സമൂഹമാണ് കേരളത്തിന്റെ ഭാവി. പിന്തിരിപ്പൻ ആശയങ്ങളെ മൗനത്തിലൂടെ അംഗീകരിക്കാതെ, അവ എവിടെനിന്ന് വന്നാലും തുറന്നുപറഞ്ഞ് നിരാകരിക്കാനുള്ള ധൈര്യമാണ് ഇന്നത്തെ കേരളത്തിന് ആവശ്യം. മതവിശ്വാസങ്ങൾക്ക് ബഹുമാനം നൽകിക്കൊണ്ടുതന്നെ മനുഷ്യന്റെ സ്വാതന്ത്ര്യത്തിനും തുല്യതയ്ക്കും ഭരണഘടനാ മൂല്യങ്ങൾക്കും മുൻതൂക്കം നൽകുന്ന വിശാലമായ സാമൂഹികബോധം ശക്തിപ്പെടണം. നാടിനെ പിന്നോട്ടു വലിക്കുന്ന ആശയങ്ങളല്ല, മനുഷ്യനെ മുന്നോട്ടു നയിക്കുന്ന മൂല്യങ്ങളാണ് മതത്തിന്റെയും സമൂഹത്തിന്റെയും രാഷ്ട്രീയത്തിന്റെയും വഴികാട്ടിയാകേണ്ടത്.

You may also like