Home Editorialറെയിൽവേ ഭൂപടത്തിൽ നിന്ന് കേരളത്തെ മായ്ക്കുമ്പോൾ

റെയിൽവേ ഭൂപടത്തിൽ നിന്ന് കേരളത്തെ മായ്ക്കുമ്പോൾ

by news_desk
0 comments

കേരളത്തിന്റെ റെയിൽവേ വികസനത്തിന് വീണ്ടും ഒരു ഇരുട്ടടി. പാലക്കാട് റെയിൽവേ ഡിവിഷനിൽ നിന്ന് മംഗലാപുരവും പനമ്പൂരും ഉൾപ്പെടെയുള്ള പ്രധാന മേഖലകൾ വേർപ്പെടുത്തി മൈസൂരു ഡിവിഷനിൽ ഉൾപ്പെടുത്താനുള്ള കേന്ദ്രസർക്കാരിന്റെ തീരുമാനം ഭരണപരമായ പുനഃക്രമീകരണമെന്ന ലളിതമായ വിശദീകരണത്തിൽ ഒതുക്കാനാവാത്തതാണ്. കേരളത്തിന്റെ താൽപര്യങ്ങളെയും യാത്രക്കാരുടെ അവകാശങ്ങളെയും അവഗണിച്ചുള്ള ഏകപക്ഷീയമായ നീക്കമാണിത്. ഒരിക്കൽ 1,500 കിലോമീറ്ററിലേറെ ട്രാക്ക് കൈവശമുണ്ടായിരുന്ന പാലക്കാട് ഡിവിഷൻ 2007-ൽ സേലം ഡിവിഷൻ രൂപീകരിച്ചതോടെ വലിയൊരു ഭാഗം നഷ്ടപ്പെടുത്തി. ഇപ്പോൾ മംഗലാപുരം, പനമ്പൂർ തുടങ്ങിയ വരുമാനപ്രധാന മേഖലകൾ കൂടി വേർപെടുത്തുന്നതോടെ ഡിവിഷന്റെ ശേഷി 600 കിലോമീറ്ററിൽ താഴെയായി ചുരുങ്ങുമെന്നാണ് ആശങ്ക. അതിനൊപ്പം വരുമാനത്തിലും വികസനസാധ്യതകളിലും ഉണ്ടാകുന്ന ഇടിവ് പാലക്കാട് ഡിവിഷനെ ദുർബലമാക്കും. ഇത് ഒരു റെയിൽവേ ഡിവിഷന്റെ അതിർത്തിമാറ്റം മാത്രമല്ല. കേരളത്തിന്റെ റെയിൽവേ വികസനത്തിന്റെ ഭാവിയെ ബാധിക്കുന്ന തീരുമാനമാണ്. കൂടുതൽ ട്രെയിനുകൾ അനുവദിക്കൽ, സർവീസുകളുടെ സമയക്രമം, പുതിയ പദ്ധതികൾ, ചരക്കുനീക്കം, അടിസ്ഥാന സൗകര്യ വികസനം തുടങ്ങിയ കാര്യങ്ങളിൽ പാലക്കാട് ഡിവിഷന്റെ സ്വാധീനം കുറയുന്നത് സ്വാഭാവികമായും കേരളത്തിന്റെ ആവശ്യങ്ങൾക്കുള്ള പരിഗണനയെയും ബാധിക്കും. കേരളത്തിന് സ്വന്തമായി റെയിൽവേ സോൺ വേണമെന്ന ആവശ്യം വർഷങ്ങളായി കേന്ദ്രത്തിന്റെ മേശപ്പുറത്തുണ്ട്. രാജ്യത്ത് റെയിൽ യാത്രക്കാരുടെ എണ്ണത്തിൽ മുൻനിരയിലുള്ള സംസ്ഥാനമായിട്ടും കേരളത്തിന്റെ ഈ ആവശ്യം നിരന്തരം അവഗണിക്കപ്പെടുന്നു. കഞ്ചിക്കോട് കോച്ച് ഫാക്ടറി ഉപേക്ഷിച്ചതും പുതിയ റെയിൽവേ പദ്ധതികളോടുള്ള മന്ദഗതിയും ഉൾപ്പെടെ നിരവധി തീരുമാനങ്ങൾക്കൊടുവിലാണ് പാലക്കാട് ഡിവിഷനെ വീണ്ടും ദുർബലപ്പെടുത്തുന്ന നീക്കം. ഇവിടെ ഉയരുന്ന ഏറ്റവും പ്രധാനപ്പെട്ട ചോദ്യം വിശ്വാസ്യതയുടേതാണ്. 2024 ജൂലൈയിൽ പാലക്കാട് ഡിവിഷൻ വിഭജിക്കില്ലെന്ന് ബന്ധപ്പെട്ട റെയിൽവേ അധികൃതർ വ്യക്തമാക്കിയിരുന്നു. ആ ഉറപ്പ് നിലനിൽക്കെ, ഒക്ടോബർ ഒന്നുമുതൽ പ്രാബല്യത്തിൽ വരത്തക്കവിധം ഇപ്പോൾ തിടുക്കത്തിൽ തീരുമാനം നടപ്പാക്കുന്നതിന്റെ കാരണം കേന്ദ്രം കേരളത്തോട് വ്യക്തമാക്കണം. ഭരണപരമായ സൗകര്യം എന്ന ഒറ്റവാക്കിൽ ഈ ചോദ്യത്തിൽ നിന്ന് ഒഴിഞ്ഞുമാറാനാകില്ല. റെയിൽവേയുടെ ഭരണപരമായ അതിർത്തികൾ മാറുമ്പോൾ ഏറ്റവും കൂടുതൽ ബാധിക്കപ്പെടുന്നത് സാധാരണ യാത്രക്കാരാണ്. കേരളത്തിൽ നിന്ന് മംഗലാപുരം, കാസർകോട്, കണ്ണൂർ, കോഴിക്കോട് തുടങ്ങിയ മേഖലകളിലേക്ക് ദിവസേന യാത്ര ചെയ്യുന്ന ആയിരക്കണക്കിന് ആളുകളുടെ സൗകര്യവും യാത്രാ ആവശ്യങ്ങളും പുതിയ ഭരണക്രമത്തിൽ എത്രമാത്രം പരിഗണിക്കപ്പെടുമെന്നതിൽ ആശങ്ക സ്വാഭാവികമാണ്. കേന്ദ്രത്തിന്റെ ഓരോ തീരുമാനവും രാഷ്ട്രീയ കണ്ണാടിയിലൂടെ മാത്രം കാണുന്നത് ശരിയല്ല. എന്നാൽ തുടർച്ചയായ തീരുമാനങ്ങൾ ഒരേ സംസ്ഥാനത്തിന്റെ വികസന താൽപര്യങ്ങളെ പ്രതികൂലമായി ബാധിക്കുമ്പോൾ സംശയങ്ങൾ ഉയരുന്നത് സ്വാഭാവികമാണ്. കേരളം രാഷ്ട്രീയമായി അനുകൂലമല്ലാത്ത സംസ്ഥാനമായതിനാൽ വികസനത്തിൽ ശിക്ഷിക്കപ്പെടുകയാണോ എന്ന ചോദ്യം ഇന്ന് കേരളീയ സമൂഹത്തിൽ ഉയരുന്നുണ്ടെങ്കിൽ അതിന് ഉത്തരവാദി വിമർശകരല്ല; കേന്ദ്രത്തിന്റെ തീരുമാനങ്ങളാണ്. വികസനം രാഷ്ട്രീയത്തിന്റെ അതിരുകൾക്കപ്പുറത്തുള്ള വിഷയമാണ്. കേരളത്തിൽ വോട്ട് ചെയ്യുന്നവരുടെ രാഷ്ട്രീയ നിലപാട് എന്തുതന്നെയായാലും അവർ ഇന്ത്യൻ പൗരന്മാരാണ്. അവരുടെ യാത്രയ്ക്കും തൊഴിൽക്കും വ്യാപാരത്തിനും വിദ്യാഭ്യാസത്തിനും ചികിത്സയ്ക്കും ആവശ്യമായ റെയിൽവേ സൗകര്യം ഉറപ്പാക്കുക കേന്ദ്രത്തിന്റെ ഭരണഘടനാപരമായ ഉത്തരവാദിത്തമാണ്. പാലക്കാട് ഡിവിഷനെ ദുർബലപ്പെടുത്തുന്ന തീരുമാനം കേരളത്തിന്റെ റെയിൽവേ ഭാവിയെ തന്നെ ബാധിക്കുന്നതാണെങ്കിൽ, പ്രതികരണം രാഷ്ട്രീയ പ്രസ്താവനകളിൽ ഒതുങ്ങരുത്. കേരളത്തിലെ മുഴുവൻ എം.പിമാരും രാഷ്ട്രീയ വ്യത്യാസങ്ങൾ മാറ്റിവെച്ച് ഒറ്റക്കെട്ടായി രംഗത്തിറങ്ങണം. സംസ്ഥാന സർക്കാരും കേന്ദ്രവുമായി അടിയന്തരമായി ചർച്ച നടത്തണം. പ്രധാനമന്ത്രിയുടെയും റെയിൽവേ മന്ത്രിയുടെയും മുന്നിൽ കേരളത്തിന്റെ വാദങ്ങൾ കണക്കുകളുടെയും വസ്തുതകളുടെയും അടിസ്ഥാനത്തിൽ അവതരിപ്പിക്കണം. കേരളത്തിന്റെ അവകാശങ്ങൾ ചോദിക്കുന്നത് ദാനമല്ല. രാജ്യത്തിന്റെ സാമ്പത്തിക വളർച്ചയിൽ വലിയ സംഭാവന നൽകുന്ന ഒരു സംസ്ഥാനത്തിന് അർഹമായ അടിസ്ഥാന സൗകര്യം ആവശ്യപ്പെടുകയാണ്. കേരളത്തിന്റെ റെയിൽവേ ഭൂപടം ഓരോ തീരുമാനത്തിലൂടെയും ചുരുങ്ങിക്കൊണ്ടിരിക്കുമ്പോൾ നിശബ്ദരായിരിക്കാനാവില്ല. പാലക്കാട് ഡിവിഷനെ സംരക്ഷിക്കാനുള്ള പോരാട്ടം ഒരു രാഷ്ട്രീയ പാർട്ടിയുടെ പോരാട്ടമല്ല; കേരളത്തിന്റെ യാത്രാവകാശത്തിനും വികസനാവകാശത്തിനുമുള്ള ജനകീയ പോരാട്ടമാണ്. കേന്ദ്രം തീരുമാനം പുനഃപരിശോധിക്കണം. കേരളത്തെ റെയിൽവേയുടെ അരികിലേക്ക് തള്ളരുത്.

You may also like