Home Keralaഫൗസിയ വധക്കേസ്; മൃതദേഹം ചാക്കിലാക്കി ഒന്നര കിലോമീറ്റർ ചുമന്നു, പ്രതിക്കെതിരെ നാട്ടുകാരുടെ പ്രതിഷേധം

ഫൗസിയ വധക്കേസ്; മൃതദേഹം ചാക്കിലാക്കി ഒന്നര കിലോമീറ്റർ ചുമന്നു, പ്രതിക്കെതിരെ നാട്ടുകാരുടെ പ്രതിഷേധം

by news_desk1
0 comments

മലപ്പുറം: ഉറങ്ങിക്കിടന്ന ഭാര്യ ഫൗസിയയെ വിളിച്ചുണർത്തി ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹം ചാക്കിലാക്കി പുഴയിൽ താഴ്ത്തിയ കേസിലെ പ്രതി ഹുസൈനുമായി പൊലീസ് തെളിവെടുപ്പ് നടത്തി. നാട്ടുകാരുടെ ശക്തമായ പ്രതിഷേധത്തിന് സാധ്യതയുണ്ടെന്ന ഇന്റലിജൻസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഇന്നലെ രാവിലെ ഏഴോടെ തിരൂർ എസ്.എച്ച്.ഒയുടെ നേതൃത്വത്തിൽ അതീവ രഹസ്യമായാണ് പ്രതിയെ പുറത്തൂർ പടിഞ്ഞാറേക്കരയിലെത്തിച്ചത്.

ഏകദേശം 50 പൊലീസുകാരുടെ സുരക്ഷാ വലയത്തിലാണ് കൊലപാതകം നടന്ന കടപ്പുറത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തിയത്. ഷാൾ ഉപയോഗിച്ച് ഫൗസിയയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹം പ്ലാസ്റ്റിക് ചാക്കിലാക്കി തലച്ചുമടായി ഏകദേശം ഒന്നര കിലോമീറ്റർ അകലെയുള്ള തിരൂർ പുഴക്കരയിലെത്തിച്ചതായി ഹുസൈൻ പൊലീസിനോട് സമ്മതിച്ചു.

യാത്രയ്ക്കിടെ ക്ഷീണിതനായപ്പോൾ പല സ്ഥലങ്ങളിലും ചാക്ക് താഴെയിറക്കി വിശ്രമിച്ച ശേഷമാണ് പുഴക്കരയിലെത്തിയത്. തുടർന്ന് പുഴക്കരയിൽ നിർത്തിയിട്ടിരുന്ന വള്ളത്തിന്റെ നങ്കൂരം അഴിച്ചെടുത്ത് ചാക്കിൽ കെട്ടി മൃതദേഹം പുഴയിലേക്ക് താഴ്ത്തുകയായിരുന്നുവെന്നാണ് പ്രതിയുടെ മൊഴി.

പ്രതിയെ തെളിവെടുപ്പിനായി എത്തിച്ചതറിഞ്ഞ് നൂറുകണക്കിന് നാട്ടുകാർ സ്ഥലത്ത് തടിച്ചുകൂടി. തുടർന്ന് ഫൗസിയ ഉറങ്ങിക്കിടന്നിരുന്ന വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തി പുറത്തേക്ക് കൊണ്ടുവരുന്നതിനിടെ പ്രകോപിതരായ നാട്ടുകാർ പ്രതിയെ കൈയേറ്റം ചെയ്യാൻ ശ്രമിച്ചു. പൊലീസിന്റെ ശക്തമായ ഇടപെടലിനെ തുടർന്നാണ് സ്ഥിതിഗതികൾ ശാന്തമായത്.

നാട്ടുകാരുടെ പ്രതിഷേധം ശക്തമായതോടെ തെളിവെടുപ്പ് പൂർണമായി പൂർത്തിയാക്കാനായില്ല. തുടർന്ന് പൊന്നാനി മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്ത് തിരൂർ സബ് ജയിലിലേക്ക് മാറ്റി.

പ്രതിയെ വീണ്ടും കസ്റ്റഡിയിൽ വാങ്ങിയ ശേഷം ശേഷിക്കുന്ന സ്ഥലങ്ങളിൽ തെളിവെടുപ്പ് നടത്തുമെന്ന് പൊലീസ് അറിയിച്ചു.

You may also like