കൊച്ചി: തെരുവ് നായ്ക്കളുടെ ദയാവധവുമായി ബന്ധപ്പെട്ട് തദ്ദേശ വകുപ്പ് മാർഗനിർദേശം പുറത്തിറക്കി. അക്രമകാരികളായ നായ്ക്കളെ കൊല്ലാമെന്നും പേവിഷബാധയേറ്റ നായ്ക്കളെ ദയാവധത്തിന് വിധേയമാക്കാമെന്നും മാർഗനിർദേശത്തിൽ വ്യക്തമാക്കുന്നു.
പേവിഷബാധയ്ക്ക് പുറമെ ഗുരുതരമായി പരിക്കേറ്റതും മാറ്റാനാകാത്ത രോഗം ബാധിച്ചതുമായ നായ്ക്കളെയും കൊല്ലാം. നായ്ക്കൾക്ക് മരുന്ന് കുത്തിവെക്കുന്നത് വെറ്ററിനറി സർജൻ തന്നെ ആയിരിക്കണമെന്നും നിർദേശത്തിൽ കർശനമായി വ്യക്തമാക്കിയിട്ടുണ്ട്.
നായ്ക്കളെ യന്ത്രം ഉപയോഗിച്ച് കൊല്ലാൻ പാടില്ല. ദയാവധത്തിനായി സോഡിയം പെന്റോബാർബിറ്റൽ, തയോ പെന്റാൽ സോഡിയം എന്നീ മരുന്നുകൾ മാത്രമേ കുത്തിവെക്കാൻ പാടുള്ളൂ.
ദയാവധത്തിനായി നായ്ക്കളെ പിടികൂടിയ ശേഷം മൂന്ന് ദിവസം ഐസൊലേഷൻ സെല്ലിൽ പാർപ്പിക്കണം. നായയെ ഏറ്റെടുക്കാൻ ആരെങ്കിലും തയ്യാറാണോ എന്ന് പരിശോധിച്ചതിന് ശേഷമേ ദയാവധം നടത്താവൂ എന്നും മാർഗനിർദേശത്തിൽ പറയുന്നു.
കൂടാതെ, ദയാവധത്തിന് വിധേയമാക്കുന്ന നായ്ക്കളുടെ വിശദമായ രജിസ്റ്റർ സൂക്ഷിക്കണമെന്നും അവയെ പിടികൂടിയ സ്ഥലങ്ങൾ ഉൾപ്പെടുത്തി ക്യാപ്ചർ മാപ്പ് തയ്യാറാക്കണമെന്നും തദ്ദേശ വകുപ്പ് നിർദേശിച്ചിട്ടുണ്ട്.
