ന്യൂഡൽഹി: വി.ഡി. സതീശൻ സർക്കാരിന്റെ ആദ്യ 100 ദിവസത്തെ പ്രകടനത്തിനെതിരെ രൂക്ഷ വിമർശനവുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ എം.എൽ.എ. തിരഞ്ഞെടുപ്പിൽ നൽകിയ അഞ്ച് ഗ്യാരണ്ടികളിൽ ഒന്ന് മാത്രമാണ് സർക്കാർ നടപ്പാക്കിയതെന്നും ശേഷിക്കുന്ന ഗ്യാരണ്ടികൾ എന്തായെന്നും അദ്ദേഹം ചോദിച്ചു.
സർക്കാരിന്റെ വാഗ്ദാനങ്ങൾ പരിശോധിക്കേണ്ട സമയമാണിതെന്നും കേരളത്തിൽ വലിയ നിരാശയാണുള്ളതെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു. സി.പി.ഐ.എം സർക്കാരിന്റെ അഴിമതികൾക്കെതിരെ നടപടി സ്വീകരിക്കുമെന്ന് പ്രഖ്യാപിച്ചിട്ടും ഇതുവരെ കാര്യമായ നടപടികളൊന്നും ഉണ്ടായിട്ടില്ലെന്നും അദ്ദേഹം ആരോപിച്ചു.
12,500 കോടി രൂപയുടെ കടബാധ്യത വരുത്തിവെച്ചതല്ലാതെ പുതിയ നിക്ഷേപങ്ങളോ തൊഴിലവസരങ്ങളോ സൃഷ്ടിക്കാൻ സർക്കാരിന് കഴിഞ്ഞിട്ടില്ലെന്നും രാജീവ് ചന്ദ്രശേഖർ ന്യൂഡൽഹിയിൽ പറഞ്ഞു.
വർഗീയതയില്ലാത്ത ഭരണം വാഗ്ദാനം ചെയ്ത മുഖ്യമന്ത്രി ഇപ്പോൾ വർഗീയ രാഷ്ട്രീയം കളിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. മുസ്ലിം ലീഗും ജമാഅത്തെ ഇസ്ലാമിയും പറയുന്ന കാര്യങ്ങൾ മാത്രമാണ് സർക്കാർ നടപ്പാക്കുന്നതെന്നും രാജീവ് ചന്ദ്രശേഖർ വിമർശിച്ചു.
പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജനത്തിലും വിമർശനം
പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജനത്തെ വലിയ സംഭവമാക്കി അവതരിപ്പിച്ച് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാണ് ശ്രമിക്കുന്നതെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ ആരോപിച്ചു. കേരളത്തിലെ റെയിൽവേ വികസനത്തിൽ ഒരു തരത്തിലുള്ള വീഴ്ചയും ഉണ്ടാകരുതെന്നാണ് ബിജെപിയുടെ നിലപാടെന്നും അദ്ദേഹം വ്യക്തമാക്കി.
സർക്കാരിന് മുന്നോട്ടുവയ്ക്കാൻ പുതിയ വാഗ്ദാനങ്ങളില്ലാത്തതിനാലാണ് വിഷയത്തെ വിവാദമാക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കേരളത്തിലെ ജില്ലാ വിഭജനം ഉൾപ്പെടെയുള്ള കാര്യങ്ങൾ വിശദമായി ചർച്ച ചെയ്ത ശേഷമേ തീരുമാനമെടുക്കാവൂവെന്നും രാജീവ് ചന്ദ്രശേഖർ ആവശ്യപ്പെട്ടു.
മെസ്സി വിവാദത്തിലും വിമർശനം
മെസ്സി എത്തുന്നതുമായി ബന്ധപ്പെട്ടുണ്ടായ തട്ടിപ്പുകൾ അന്വേഷിക്കേണ്ടത് വിജിലൻസല്ല, സി.ബി.ഐ ആണെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു. കായിക മേഖലയുമായി ബന്ധപ്പെട്ട് സർക്കാർ നൽകിയ വാഗ്ദാനങ്ങളെല്ലാം തട്ടിപ്പായി മാറുകയാണെന്നും അദ്ദേഹം ആരോപിച്ചു.
സർക്കാരിന്റെ പരാജയങ്ങളിൽ നിന്ന് ജനശ്രദ്ധ തിരിച്ചുവിടാനുള്ള ശ്രമങ്ങളാണ് ഇപ്പോൾ നടക്കുന്നതെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ വിമർശിച്ചു.
