Home Keralaഇഡി ആക്രമണ കേസ് പ്രതികളുടെ ഓണാഘോഷം; ആറ് പൊലീസുകാർക്കെതിരെ നടപടി, സ്റ്റേഷൻ ഡ്യൂട്ടിയിൽ നിന്ന് മാറ്റിയേക്കും

ഇഡി ആക്രമണ കേസ് പ്രതികളുടെ ഓണാഘോഷം; ആറ് പൊലീസുകാർക്കെതിരെ നടപടി, സ്റ്റേഷൻ ഡ്യൂട്ടിയിൽ നിന്ന് മാറ്റിയേക്കും

by news_desk1
0 comments

തിരുവനന്തപുരം: തിരുവനന്തപുരം മ്യൂസിയം പൊലീസ് സ്റ്റേഷനിൽ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതികൾ ഓണമാഘോഷിച്ച സംഭവത്തിൽ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥർക്കെതിരെ നടപടി. സംഭവം നടക്കുമ്പോൾ പൊലീസ് സ്റ്റേഷനിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ആറ് പൊലീസുകാർക്ക് വീഴ്ച സംഭവിച്ചതായാണ് പ്രാഥമിക റിപ്പോർട്ടിലെ കണ്ടെത്തൽ.

സിറ്റി പൊലീസ് കമ്മീഷണർ തയ്യാറാക്കിയ റിപ്പോർട്ടിലാണ് ഉദ്യോഗസ്ഥരുടെ ഭാഗത്ത് വീഴ്ചയുണ്ടായതായി കണ്ടെത്തിയത്. ഇവർക്കെതിരെ നടപടി സ്വീകരിക്കുമെന്നും ആറ് പൊലീസുകാരെയും സ്റ്റേഷൻ ഡ്യൂട്ടിയിൽ നിന്ന് മാറ്റിനിർത്തുമെന്നുമാണ് വിവരം.

ഇഡി കേസ് പ്രതികൾ സ്റ്റേഷനിൽ ഓണമാഘോഷിച്ചത് സ്റ്റേഷൻ ചുമതലയുള്ള സി.ഐ. ആർ. പ്രശാന്തിന്റെ അറിവോടെയാണെന്നും നേരത്തെ കണ്ടെത്തിയിരുന്നു. സ്പെഷ്യൽ ബ്രാഞ്ച് നടത്തിയ അന്വേഷണത്തിലാണ് വീഴ്ചകൾ കണ്ടെത്തിയത്. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ ഡി.ജി.പി തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണർക്ക് നിർദേശം നൽകിയിരുന്നു.

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതികൾ ഓണാഘോഷത്തിന്റെ ഭാഗമായി സ്റ്റേഷനിൽ ഒരുക്കിയ ഊഞ്ഞാലിലിരുന്ന് റീൽസ് ചിത്രീകരിച്ചത് നേരത്തെ വിവാദമായിരുന്നു. സ്റ്റേഷനിൽ ഒപ്പിടാൻ എത്തിയ പ്രതികൾ പൊലീസുകാർ ധരിച്ചിരുന്ന അതേ നിറത്തിലുള്ള ഷർട്ട് ധരിച്ചാണ് റീൽസ് ചിത്രീകരിച്ചത്.

ഓണാഘോഷത്തിന്റെ ഭാഗമായി പൊലീസ് സ്റ്റേഷനിൽ ഒരുക്കിയ ഊഞ്ഞാലിലാണ് പ്രതികൾ ആടിയത്. പ്രതികൾ സ്റ്റേഷനിൽ ഊഞ്ഞാലാടുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. സംഭവം ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് ഉദ്യോഗസ്ഥരുടെ വീഴ്ച സംബന്ധിച്ച് അന്വേഷണം നടത്തിയത്.

You may also like