മുല്ലപ്പെരിയാർ വീണ്ടും ചർച്ചയുടെ മധ്യത്തിലേക്ക് വരുമ്പോൾ ഉയരുന്നത് പഴയൊരു തർക്കമല്ല; രണ്ട് സംസ്ഥാനങ്ങളുടെയും രാഷ്ട്രീയത്തിനും ഭരണകൂടങ്ങളുടെ ഉത്തരവാദിത്തത്തിനും മുന്നിൽ നിൽക്കുന്ന മനുഷ്യജീവന്റെ ചോദ്യമാണ്. കേരളത്തിലും തമിഴ്നാട്ടിലും പുതിയ സർക്കാരുകൾ അധികാരത്തിലെത്തിയതോടെ മുല്ലപ്പെരിയാറിനെക്കുറിച്ചുള്ള ഇരുസംസ്ഥാനങ്ങളുടെയും നിലപാടുകൾ വീണ്ടും ശക്തമായി പുറത്തുവന്നിരിക്കുന്നു. 130 വർഷത്തിലേറെ പഴക്കമുള്ള അണക്കെട്ടിന്റെ സുരക്ഷയാണ് കേരളത്തിന്റെ പ്രധാന ആശങ്ക. തമിഴ്നാടിന്റെ ആവശ്യം ജലനിരപ്പ് ഉയർത്തണമെന്നതാണ്. കേരളത്തിന്റെ നിലപാട് അതിന് പകരം പുതിയ അണക്കെട്ട് നിർമിച്ച് തമിഴ്നാടിന് നിലവിലെ അളവിൽ വെള്ളം ഉറപ്പാക്കാമെന്നതും. രണ്ടിലും അടിസ്ഥാനപരമായി ഒരു വൈരുധ്യമില്ല-തമിഴ്നാടിന് വെള്ളം വേണം; കേരളത്തിന് സുരക്ഷ വേണം. പക്ഷേ, ഈ ലളിതമായ വസ്തുത രാഷ്ട്രീയ തർക്കങ്ങളുടെയും വികാരങ്ങളുടെയും കുരുക്കിൽപ്പെട്ടതാണ് പ്രശ്നം. സുപ്രീംകോടതി നിയോഗിച്ച സമിതികളുടെ പഠനങ്ങളിൽ അണക്കെട്ട് സുരക്ഷിതമാണെന്ന കണ്ടെത്തലുകൾ ഉണ്ടായിട്ടുണ്ടെങ്കിലും, നൂറുവർഷത്തിലേറെ പഴക്കമുള്ള ഒരു ജലസംഭരണിയുടെ സുരക്ഷയെക്കുറിച്ചുള്ള ആശങ്കകൾ ജനങ്ങൾ ഉന്നയിക്കുമ്പോൾ അവയെ കേവലം ഭീതിപരത്തലായി തള്ളിക്കളയാനാകില്ല. അതുപോലെ തന്നെ തമിഴ്നാട്ടിലെ ലക്ഷക്കണക്കിന് കർഷകരുടെ ജീവിതവുമായി ബന്ധപ്പെട്ടു നിൽക്കുന്ന ജലാവകാശത്തെയും അവഗണിക്കാനാവില്ല. മുല്ലപ്പെരിയാർ വിഷയത്തിൽ ഏറ്റവും അപകടകരമായത് വെള്ളത്തിന്റെയും സുരക്ഷയുടെയും പ്രശ്നത്തെ വോട്ട് ബാങ്ക് രാഷ്ട്രീയത്തിന്റെ ആയുധമാക്കുന്നതാണ്. തമിഴ്നാട്ടിലെ കർഷകരുടെ ജലാവശ്യവും കേരളത്തിലെ പെരിയാർ തീരത്തെ ജനങ്ങളുടെ സുരക്ഷയും പരസ്പരം വിരുദ്ധമായ അവകാശങ്ങളായി അവതരിപ്പിക്കുന്നത് പ്രശ്നത്തിന് പരിഹാരമല്ല. പുതിയ അണക്കെട്ട് എന്ന കേരളത്തിന്റെ ആവശ്യം അംഗീകരിച്ചാൽ തമിഴ്നാടിന് വെള്ളം ലഭിക്കില്ല എന്ന വാദത്തിനും യുക്തിയില്ല. പുതിയ സാങ്കേതികവിദ്യയിൽ സുരക്ഷിതമായ അണക്കെട്ട് നിർമിച്ച് നിലവിലെ ജലവിതരണം ഉറപ്പാക്കാൻ കഴിയുമെങ്കിൽ, തമിഴ്നാടിന്റെ ജലാവകാശവും കേരളത്തിന്റെ സുരക്ഷയും ഒരേസമയം സംരക്ഷിക്കാനാകും. അതിനാൽ ‘പുതിയ അണക്കെട്ട്’ എന്ന വാക്കിനെ രാഷ്ട്രീയമായി മാത്രം കാണാതെ, അതിന്റെ സാങ്കേതികവും സാമ്പത്തികവും നിയമപരവുമായ സാധ്യതകൾ പരിശോധിക്കുകയാണ് വേണ്ടത്. അതേസമയം, അണക്കെട്ടിന്റെ സുരക്ഷ സംബന്ധിച്ച ആശങ്കകൾക്കും ശാസ്ത്രീയമായ പരിഹാരമാണ് ആവശ്യം. ദൃശ്യപരിശോധനകളിൽ മാത്രം ഒതുങ്ങാതെ, ആധുനിക സാങ്കേതികവിദ്യകളും നേരിട്ടുള്ള പരിശോധനകളും ഉൾപ്പെടുത്തി സമഗ്രമായ സുരക്ഷാ ഓഡിറ്റ് നടത്തണം. ഡാം സേഫ്റ്റി ആക്ട് ഉൾപ്പെടെയുള്ള നിലവിലുള്ള നിയമങ്ങളും മാനദണ്ഡങ്ങളും കൃത്യമായി പാലിക്കണം. പരിശോധനാ ഫലങ്ങൾ ഇരു സംസ്ഥാനങ്ങളിലെയും ജനങ്ങൾക്ക് സുതാര്യമായി ലഭ്യമാക്കുകയും വേണം. കാലാവസ്ഥാ വ്യതിയാനം, അതിതീവ്രമഴ, പ്രളയം, ഭൂചലനങ്ങൾ തുടങ്ങിയ പുതിയ സാഹചര്യങ്ങൾ കൂടി കണക്കിലെടുത്തുള്ള അപകടസാധ്യതാ പഠനം അനിവാര്യമാണ്. പഴയകാലത്തെ സാഹചര്യങ്ങളെ മാത്രം അടിസ്ഥാനമാക്കി ഇന്നത്തെ സുരക്ഷ വിലയിരുത്തുന്നത് ശാസ്ത്രീയമായ സമീപനമാകില്ല.മുല്ലപ്പെരിയാർ തർക്കത്തിന് മറ്റൊരു മുഖം കൂടിയുണ്ട്-രണ്ട് സംസ്ഥാനങ്ങളുടെയും ജനങ്ങൾ തമ്മിലുള്ള ബന്ധം. കേരളത്തിൽ നിന്നുള്ള പച്ചക്കറി ഉൾപ്പെടെ തമിഴ്നാടിന്റെ ഉൽപ്പന്നങ്ങൾ കേരളത്തിന് ആവശ്യമാണ്. തമിഴ്നാട്ടിലെ കർഷകരുടെ ജീവിതവുമായി കേരളത്തിന്റെ വിപണിയും ബന്ധപ്പെട്ടു കിടക്കുന്നു. വെള്ളത്തിന്റെ പേരിൽ ജനങ്ങൾ തമ്മിൽ വൈരാഗ്യം വളരുന്നത് ഇരു സംസ്ഥാനങ്ങൾക്കും ഒരുപോലെ നഷ്ടമാണ്. അതുകൊണ്ടുതന്നെ കേന്ദ്രസർക്കാർ ഇനി കാഴ്ചക്കാരായി നിൽക്കരുത്. കേരള-തമിഴ്നാട് മുഖ്യമന്ത്രിമാരെയും സാങ്കേതിക വിദഗ്ധരെയും ഡാം സുരക്ഷാ വിദഗ്ധരെയും ഉൾപ്പെടുത്തി സമയബന്ധിതമായ ഒരു സ്ഥിരം ചർച്ചാ സംവിധാനവും ഒത്തുതീർപ്പ് ഫോർമുലയും രൂപപ്പെടുത്തണം. ജലനിരപ്പ്, ജലവിതരണം, അണക്കെട്ടിന്റെ സുരക്ഷ, പുതിയ അണക്കെട്ടിന്റെ സാധ്യത, അടിയന്തര ദുരന്തനിവാരണ സംവിധാനം എന്നിവയെല്ലാം സുതാര്യമായി ചർച്ച ചെയ്യണം. മുല്ലപ്പെരിയാറിൽ ആരാണ് ജയിക്കേണ്ടത് എന്നല്ല ചോദ്യം. കേരളത്തിലെ മനുഷ്യർ സുരക്ഷിതരാകുകയും തമിഴ്നാട്ടിലെ കർഷകർക്ക് വെള്ളം ലഭിക്കുകയും ചെയ്യുന്നതാണ് യഥാർഥ വിജയം.
വെള്ളത്തിന് രാഷ്ട്രീയമുണ്ടാകാം. അവകാശങ്ങൾക്ക് നിയമപോരാട്ടമുണ്ടാകാം. പക്ഷേ മനുഷ്യജീവന് രാഷ്ട്രീയമോ അതിർത്തിയോ ഇല്ല. മുല്ലപ്പെരിയാറിന്റെ പേരിൽ ഇനിയും തലമുറകളെ ഭയത്തിന്റെ നിഴലിൽ നിർത്തരുത്. ശാസ്ത്രത്തിന്റെ വഴിയിലൂടെ സുരക്ഷ ഉറപ്പാക്കുകയും നീതിയുടെ വഴിയിലൂടെ ജലാവകാശം സംരക്ഷിക്കുകയും വേണം.
കേരളത്തിന് സുരക്ഷ.
തമിഴ്നാടിന് വെള്ളം.
ഇരുസംസ്ഥാനങ്ങൾക്കും സൗഹൃദം.
മനുഷ്യജീവന് പരമപ്രാധാന്യം.
മുല്ലപ്പെരിയാറിന്റെ പരിഹാരത്തിലേക്കുള്ള വഴി ഇതുതന്നെയാകണം.
