കോഴിക്കോട്: ദുരന്തമുഖങ്ങളിൽ ജീവൻ പണയംവെച്ച് രക്ഷാപ്രവർത്തനം നടത്തുന്ന അഗ്നിരക്ഷാസേനയ്ക്ക് സഹായമേകാൻ സുരക്ഷാ ഉപകരണം നിർമിച്ച് പത്താം ക്ലാസ് വിദ്യാർഥികൾ. കോഴിക്കോട് കാരശ്ശേരി നെല്ലിക്കപ്പറമ്പ് ഗ്രീൻവാലി പബ്ലിക് സ്കൂളിലെ വിദ്യാർഥികളാണ് ‘റെസ്ക്യൂ റോവർ’ എന്ന ഉപകരണം വികസിപ്പിച്ചത്. ഉപകരണം മുക്കം ഫയർ സ്റ്റേഷനിലെത്തിച്ച് സേനാംഗങ്ങൾക്ക് മുന്നിൽ വിദ്യാർഥികൾ പ്രദർശിപ്പിച്ചു.
രക്ഷാപ്രവർത്തനത്തിനിടെ അപകടങ്ങൾ വർധിക്കുകയും ഉദ്യോഗസ്ഥരുടെ ജീവൻ തന്നെ അപകടത്തിലാകുകയും ചെയ്യുന്ന സാഹചര്യത്തിലാണ് ഇത്തരമൊരു ആശയത്തിലേക്ക് എത്തിയതെന്ന് വിദ്യാർഥികൾ പറഞ്ഞു. അധ്യാപകരുടെ പിന്തുണയോടെ ഒരു വർഷത്തോളം നടത്തിയ പഠനത്തിനും പരിശ്രമത്തിനുമൊടുവിലാണ് റെസ്ക്യൂ റോവർ യാഥാർഥ്യമാക്കിയത്.
ക്യാമറ, വിവിധതരം ഡിറ്റക്ടറുകൾ, റോബോട്ടിക് ആംസ് തുടങ്ങിയ സംവിധാനങ്ങൾ ഉപകരണത്തിലുണ്ട്. അപകടമേഖലകളിൽ മനുഷ്യർക്ക് കടന്നുചെല്ലാൻ കഴിയാത്ത ഇടങ്ങളിലും തകർന്ന കെട്ടിടങ്ങൾക്കിടയിലും എത്തിച്ചേരാൻ റെസ്ക്യൂ റോവറിന് കഴിയുമെന്ന് വിദ്യാർഥികൾ പറഞ്ഞു.
പത്താം ക്ലാസ് വിദ്യാർഥികളായ മന്നാഹ് ഹംസ, ഹാഷിക് ബിൻ ഹബീബ്, മുഹമ്മദ് തമീം, മുഹമ്മദ് സഹൽ എന്നിവരാണ് ഉപകരണത്തിന്റെ നിർമാണത്തിന് പിന്നിൽ പ്രവർത്തിച്ചത്. മുക്കം അഗ്നിരക്ഷാ നിലയത്തിലെത്തിയ വിദ്യാർഥികൾ ഉപകരണത്തിൽ ഇനി വരുത്തേണ്ട മാറ്റങ്ങളും അപ്ഡേഷനുകളും സംബന്ധിച്ച് ഉദ്യോഗസ്ഥരോട് ചോദിച്ചറിഞ്ഞു.
സമൂഹത്തിന് ഉപകാരപ്രദമായ കണ്ടുപിടിത്തം നടത്തിയ വിദ്യാർഥികളെ മുക്കം ഫയർ ഓഫീസർ ഇ.കെ. അബ്ദുൽ സലീം അഭിനന്ദിച്ചു.
