Home Internationalനേപ്പാളിലെ മിന്നൽ പ്രളയ ദുരന്തത്തിൽ ആരോപണം; വിശദീകരണവുമായി ചൈന

നേപ്പാളിലെ മിന്നൽ പ്രളയ ദുരന്തത്തിൽ ആരോപണം; വിശദീകരണവുമായി ചൈന

by news_desk1
0 comments

കാഠ്മണ്ഡു: നേപ്പാളിൽ ഇതുവരെ 903 പേരുടെ മരണത്തിനും നാലായിരത്തിലേറെ പേരെ കാണാതാകുന്നതിനും ഇടയാക്കിയ മിന്നൽ പ്രളയത്തിന് മുൻപ് കൃത്യമായ അപകട മുന്നറിയിപ്പ് നൽകുന്നതിൽ ചൈന പരാജയപ്പെട്ടതായി നേപ്പാൾ ആരോപിച്ചു. പ്രകൃതിദുരന്ത സാധ്യതകളെക്കുറിച്ച് മുൻകൂട്ടി വിവരം കൈമാറാൻ ധാരണയുണ്ടായിരുന്നിട്ടും, ദുരന്തത്തിന് കാരണമായ ഹിമപാതത്തെക്കുറിച്ചുള്ള നിർണായക വിവരങ്ങൾ ചൈനയിൽ നിന്ന് ലഭിച്ചില്ലെന്നാണ് നേപ്പാളിലെ ഉദ്യോഗസ്ഥർ പറയുന്നത്.

മെയ് 27-ന് കാഠ്മണ്ഡുവിൽ നേപ്പാളിലെയും ചൈനയിലെയും, തിബറ്റ് മേഖലയിലെ ഉദ്യോഗസ്ഥരെയും വിദഗ്ധരെയും ഉൾപ്പെടുത്തി കൂടിക്കാഴ്ച നടന്നിരുന്നു. ഹിമാലയത്തിലെ തടാകങ്ങളുടെ വിവരങ്ങൾ ശേഖരിക്കാനും പ്രകൃതിദുരന്ത സാധ്യതകൾ മുൻകൂട്ടി നിരീക്ഷിക്കാനും ആശയവിനിമയ സംവിധാനം കൂടുതൽ വേഗത്തിലാക്കാനും ഇരുരാജ്യങ്ങളും യോഗത്തിൽ ധാരണയിലെത്തിയിരുന്നു. ഓരോ 10 മിനിറ്റിലും നദികളിലെ ജലനിരപ്പും കാലാവസ്ഥാ വ്യതിയാനങ്ങളും സംബന്ധിച്ച തത്സമയ വിവരങ്ങൾ കൈമാറണമെന്ന ആവശ്യവും നേപ്പാൾ മുന്നോട്ടുവെച്ചിരുന്നു.

എന്നാൽ ഹിമാലയത്തിലെ തടാകങ്ങളും മഞ്ഞുപാളികളും തകരാൻ സാധ്യതയുണ്ടെന്ന വിവരം കൃത്യസമയത്ത് ലഭിച്ചില്ലെന്നാണ് നേപ്പാളിന്റെ ആരോപണം. ദുരന്തത്തിന് കാരണമായ ഹിമപാതത്തെക്കുറിച്ചടക്കം ചൈനയിൽ നിന്ന് യാതൊരു മുന്നറിയിപ്പും ലഭിച്ചില്ലെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി.

അതേസമയം, നേപ്പാളിന്റെ ആരോപണം ചൈനീസ് എംബസി തള്ളി. ലഭ്യമായ സാങ്കേതികവിദ്യ ഉപയോഗിച്ച് ആവശ്യമായ വിവരങ്ങൾ കൃത്യസമയത്ത് തന്നെ നേപ്പാളിന് കൈമാറിയിരുന്നുവെന്നാണ് ചൈനയുടെ വിശദീകരണം. ദുർഘടമായ ഹിമാലയൻ മേഖലയിൽ കാലാവസ്ഥയും പ്രകൃതിദുരന്ത സാധ്യതകളും നിരീക്ഷിക്കുന്നത് വലിയ വെല്ലുവിളിയാണെന്നും ചൈന കൂട്ടിച്ചേർത്തു.

ആഗോളതാപനവും കാലാവസ്ഥാ വ്യതിയാനവും ഹിമാലയത്തിലെ മഞ്ഞുപാളികൾ അതിവേഗം ഉരുകാൻ കാരണമാകുന്ന സാഹചര്യത്തിൽ, മേഖലയിൽ കൂടുതൽ കൃത്യമായ നിരീക്ഷണ സംവിധാനം അനിവാര്യമാണെന്നും വിലയിരുത്തപ്പെടുന്നു. ഇന്ത്യയും ചൈനയും ഉൾപ്പെടെയുള്ള അയൽരാജ്യങ്ങളുടെ അതിർത്തികൾ പങ്കിടുന്ന മേഖലയായതിനാൽ പ്രകൃതിദുരന്ത സാധ്യതകളെ മുൻകൂട്ടി കണ്ടെത്തുന്നതിനും വിവരങ്ങൾ വേഗത്തിൽ കൈമാറുന്നതിനും ശക്തമായ സഹകരണം ആവശ്യമാണെന്ന ചർച്ചയും ശക്തമാകുകയാണ്.

You may also like