വാഷിങ്ടൺ: അവധിക്കാല യാത്രാത്തിരക്കിനിടെ അമേരിക്കയിലെ റൊണാൾഡ് റീഗൻ വാഷിങ്ടൺ നാഷനൽ വിമാനത്താവളത്തിൽ രണ്ട് യാത്രാവിമാനങ്ങൾ കൂട്ടിയിടിച്ചു. അമേരിക്കൻ എയർലൈൻസിന്റെ രണ്ട് ബോയിങ് 737-800 വിമാനങ്ങളുടെ ചിറകുകളാണ് വെള്ളിയാഴ്ച വൈകുന്നേരം പരസ്പരം ഉരസിയത്. ആർക്കും പരുക്കേൽക്കാത്തതിനാൽ വൻ ദുരന്തം ഒഴിവായി. എന്നാൽ തിരക്കേറിയ വിമാനത്താവളത്തിലെ സുരക്ഷാ ക്രമീകരണങ്ങളെക്കുറിച്ച് സംഭവം വീണ്ടും ആശങ്ക ഉയർത്തിയിരിക്കുകയാണ്.
വിമാനത്തിനുള്ളിലുണ്ടായിരുന്ന യാത്രക്കാർക്ക് അപ്രതീക്ഷിതമായ ആഘാതം വലിയ ഞെട്ടലായി. പറന്നുയരാൻ നിമിഷങ്ങൾ മാത്രം ബാക്കിനിൽക്കെ വിമാനത്തിന്റെ വലതുവശത്ത് ശക്തമായ കുലുക്കം അനുഭവപ്പെട്ടതായി ഫ്ലൈറ്റ് 2152-ലെ ഒരു യാത്രക്കാരൻ വെളിപ്പെടുത്തി. ആഘാതത്തിൽ വിമാനം വിറച്ചതോടെ യാത്രക്കാർ ഭയന്ന് നിലവിളിച്ചു. ജനാലയിലൂടെ നോക്കിയപ്പോൾ വിമാനത്തിന്റെ ചിറകിന്റെ ഒടിഞ്ഞ ഭാഗം നിലത്ത് കിടക്കുന്നതും മറ്റേ വിമാനത്തിന്റെ ചിറക് തങ്ങളുടെ വിമാനത്തിന്റെ ചിറകിന് മുകളിലായി നിൽക്കുന്നതുമാണ് കണ്ടത്.
സംഭവത്തിനു പിന്നാലെ ഇരുവിമാനങ്ങളും ഗേറ്റുകളിലേക്ക് തിരിച്ചുവിളിച്ചു. വിമാനത്താവളത്തിലെ അഗ്നിശമന സേനയും രക്ഷാപ്രവർത്തകരും സ്ഥലത്തെത്തി സുരക്ഷാ പരിശോധനകൾ നടത്തി. വിമാനങ്ങളുടെ ചിറകുകളുടെ അറ്റങ്ങൾ തമ്മിലാണ് കൂട്ടിയിടിച്ചതെന്ന് അമേരിക്കൻ എയർലൈൻസ് സ്ഥിരീകരിച്ചു. യാത്രക്കാർക്കും ജീവനക്കാർക്കും പരുക്കേറ്റിട്ടില്ല. വിശദമായ പരിശോധനയ്ക്കും അറ്റകുറ്റപ്പണികൾക്കുമായി രണ്ട് വിമാനങ്ങളും സർവീസിൽനിന്ന് പിൻവലിച്ചു. യാത്രക്കാർക്കുണ്ടായ ബുദ്ധിമുട്ടിൽ ഖേദം പ്രകടിപ്പിച്ച വിമാനക്കമ്പനി, അവരെ ലക്ഷ്യസ്ഥാനങ്ങളിലെത്തിക്കാൻ ബദൽ യാത്രാസംവിധാനങ്ങൾ ഒരുക്കി.
പ്രാദേശിക സമയം വൈകുന്നേരം 5.10ഓടെയായിരുന്നു അപകടം. ഡാലസ്-ഫോർട്ട് വർത്തിലേക്ക് പോകുകയായിരുന്ന അമേരിക്കൻ എയർലൈൻസ് ഫ്ലൈറ്റ് 638ഉം ചിക്കാഗോയിലേക്ക് പുറപ്പെടാൻ തയ്യാറെടുത്തിരുന്ന ഫ്ലൈറ്റ് 2152ഉം ആണ് അപകടത്തിൽപ്പെട്ടത്. റൺവേയിലേക്ക് പ്രവേശിക്കാൻ ടാക്സിവേയിൽ നിരയായി കാത്തുനിൽക്കുന്നതിനിടെ ഫ്ലൈറ്റ് 638ന്റെ ചിറക് ഫ്ലൈറ്റ് 2152ന്റെ ചിറകിൽ തട്ടുകയായിരുന്നുവെന്ന് ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷൻ സ്ഥിരീകരിച്ചു.
ചെറിയൊരു അശ്രദ്ധപോലും വലിയ ദുരന്തത്തിന് വഴിവയ്ക്കാവുന്ന വ്യോമയാന മേഖലയിൽ ഒരേ വിമാനത്താവളത്തിൽ ഇത്തരം സംഭവങ്ങൾ ആവർത്തിക്കുന്നത് ഗൗരവത്തോടെയാണ് അധികൃതർ കാണുന്നത്. അവധിക്കാല തിരക്കിനിടെ ടാക്സിവേയിലെ ഗതാഗത നിയന്ത്രണത്തിലുണ്ടായ പിഴവാണോ പൈലറ്റുമാരുടെ ഭാഗത്തുനിന്നുണ്ടായ വീഴ്ചയാണോ അപകടത്തിന് കാരണമെന്ന് കണ്ടെത്താൻ ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷൻ വിശദമായ അന്വേഷണം പ്രഖ്യാപിച്ചു. തിരക്കേറിയ റൺവേകളിലും ടാക്സിവേകളിലും വിമാനങ്ങൾ തമ്മിൽ സുരക്ഷിതമായ അകലം ഉറപ്പാക്കാൻ കർശന നടപടികൾ വേണമെന്ന ആവശ്യവും ശക്തമായിട്ടുണ്ട്.
