തിരുവനന്തപുരം: മണ്ഡലപുനർനിർണയ ബിൽ പാർലമെന്റ് പാസാക്കിയാൽ കേരളത്തിലെ ലോക്സഭാ സീറ്റുകളുടെ എണ്ണം 20ൽനിന്ന് 30 ആയി ഉയരും. നിലവിലുള്ള സീറ്റുകളുടെ എണ്ണത്തിൽ എല്ലാ സംസ്ഥാനങ്ങളിലും 50 ശതമാനം വർധന വരുത്താനുള്ള വ്യവസ്ഥയുടെ അടിസ്ഥാനത്തിലാണിത്. എന്നാൽ ജനസംഖ്യ കണക്കിലെടുക്കാതെ രാജ്യത്തുടനീളം ഒരേ അനുപാതത്തിൽ സീറ്റുകൾ വർധിപ്പിക്കുന്നതിലൂടെ ചെറുസംസ്ഥാനങ്ങളുടെ പ്രാതിനിധ്യം കുറയില്ലെന്ന കേന്ദ്രസർക്കാരിന്റെ വാദത്തോട് യു.ഡി.എഫും എൽ.ഡി.എഫും യോജിക്കുന്നില്ല.
മണ്ഡലങ്ങളുടെ അതിർത്തികൾ പുനർനിർണയിക്കുന്നതിലൂടെ ബി.ജെ.പിക്ക് അനുകൂലമായ രാഷ്ട്രീയ സാഹചര്യം സൃഷ്ടിക്കാനാണ് നീക്കമെന്നാണ് ഇരുപക്ഷത്തിന്റെയും ആശങ്ക. നിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽ കേരളത്തിൽ ബി.ജെ.പിക്ക് കാര്യമായ സ്വാധീനമില്ല. ഈ സ്ഥിതിയിൽ മാറ്റം വരുത്താനുള്ള ശ്രമമാണ് കേന്ദ്രത്തിന്റെ ഭാഗത്തുനിന്ന് നടക്കുന്നതെന്നും യു.ഡി.എഫും എൽ.ഡി.എഫും സംശയിക്കുന്നു.
ഉത്തർപ്രദേശ്, ബിഹാർ തുടങ്ങിയ വലിയ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ബി.ജെ.പിക്ക് പൂർണമായും അനുകൂലമാകുന്ന രീതിയിൽ മണ്ഡലങ്ങളുടെ അതിർത്തികൾ പുനർനിർണയിച്ചാൽ അവിടങ്ങളിൽ പാർട്ടിക്ക് സമ്പൂർണ ആധിപത്യം നേടാനാകുമെന്നാണ് ഇരുപക്ഷത്തിന്റെയും വിലയിരുത്തൽ. അങ്ങനെ സംഭവിച്ചാൽ കേരളമടക്കമുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുടെ വോട്ടുകൾ ദേശീയ രാഷ്ട്രീയത്തിൽ അപ്രസക്തമാകുമെന്നും അവർ ചൂണ്ടിക്കാട്ടുന്നു.
രാജ്യത്തിന്റെ മൊത്തം ആഭ്യന്തര ഉൽപാദനത്തിന്റെ 30 ശതമാനവും സംഭാവന ചെയ്യുന്ന ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾക്ക് മണ്ഡലപുനർനിർണയം തിരിച്ചടിയാകുമെന്ന ആശങ്കയും യു.ഡി.എഫും എൽ.ഡി.എഫും ഉയർത്തുന്നുണ്ട്.
