Home Nationalയുവതിയെ ബന്ദിയാക്കി ക്രൂരമർദനം; വായ്പാ തിരിച്ചടവ് മുടങ്ങിയതിന്റെ പേരിൽ വിവസ്ത്രയാക്കി ഭീഷണി, നാലുപേർ പിടിയിൽ

യുവതിയെ ബന്ദിയാക്കി ക്രൂരമർദനം; വായ്പാ തിരിച്ചടവ് മുടങ്ങിയതിന്റെ പേരിൽ വിവസ്ത്രയാക്കി ഭീഷണി, നാലുപേർ പിടിയിൽ

by news_desk1
0 comments

ബെംഗളൂരു: വായ്പാ തിരിച്ചടവ് മുടങ്ങിയതിന്റെ പേരിൽ യുവതിയെ വിവസ്ത്രയാക്കി ക്രൂരമായി മർദിക്കുകയും ദൃശ്യങ്ങൾ പകർത്തി ഭീഷണിപ്പെടുത്തുകയും ചെയ്തതായി പരാതി. പ്രതികൾ ബന്ദിയാക്കിയ യുവതിയെ പൊലീസ് മോചിപ്പിച്ചു. സംഭവത്തിൽ രണ്ട് സ്ത്രീകളടക്കം നാലുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. നസ്രത്ത്, രേഷ്മ, സുഹൈൽ, സെയ്ഫ് എന്നിവരാണ് പിടിയിലായത്.

ബെംഗളൂരുവിൽ താമസിക്കുന്ന യുവതിയാണ് ക്രൂരമർദനത്തിനിരയായത്. രണ്ടുവർഷം മുൻപ് യുവതി രേഷ്മയിൽനിന്ന് ഒരു ലക്ഷം രൂപ വായ്പ വാങ്ങിയിരുന്നു. നസ്രത്തിൽനിന്ന് 50,000 രൂപയും വായ്പയെടുത്തു. എന്നാൽ, കഴിഞ്ഞ ആറുമാസമായി സാമ്പത്തിക ബുദ്ധിമുട്ടുകൾ കാരണം പലിശ അടയ്ക്കുന്നത് മുടങ്ങി. ഇതോടെ പ്രതികൾ യുവതിയെ ഭീഷണിപ്പെടുത്തി.

ഭീഷണിയെ തുടർന്ന് യുവതി താമസം മാറ്റുകയും രേഷ്മയുടെ ഫോൺ നമ്പർ ബ്ലോക്ക് ചെയ്യുകയും ചെയ്തു. എന്നാൽ, ദിവസങ്ങൾക്ക് മുൻപ് നസ്രത്ത് യുവതിയെ ഫോണിൽ വിളിച്ച് പ്രശ്നങ്ങൾക്ക് പരിഹാരമുണ്ടാക്കാമെന്ന് അറിയിച്ചു. പുതിയ ജോലി സംഘടിപ്പിച്ചു നൽകാമെന്നും വാഗ്ദാനം ചെയ്തു. ഇതനുസരിച്ച് നസ്രത്തിന്റെ വീട്ടിലെത്തിയ യുവതിയെ സുഹൈൽ ക്രൂരമായി മർദിച്ചെന്നാണ് പരാതി.

വീട്ടിൽവെച്ചുള്ള മർദനത്തിന് പിന്നാലെ യുവതിയെ ഓട്ടോറിക്ഷയിൽ കയറ്റി. രേഷ്മയും നസ്രത്തുമാണ് യുവതിയുടെ സമീപത്തായി ഇരുന്നത്. സുഹൈലും സെയ്ഫും ഓട്ടോറിക്ഷയിലുണ്ടായിരുന്നു. തുടർന്ന് ഇവർ യുവതിയെ കുമ്പാലഗൊഡുവിലെ ഒരു വീട്ടിലേക്ക് കൊണ്ടുപോയി.

അവിടെ യുവതിയെ ബന്ദിയാക്കിയശേഷം വിവസ്ത്രയാക്കി മർദിക്കുകയും ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തുകയും ചെയ്തതായി പരാതിയിൽ പറയുന്നു. ഈ ദൃശ്യങ്ങൾ സാമൂഹികമാധ്യമങ്ങളിൽ പ്രചരിപ്പിക്കുമെന്ന് പറഞ്ഞ് യുവതിയെ ഭീഷണിപ്പെടുത്തുകയും ചെയ്തു.

മകളെ കാണാനില്ലെന്ന് അറിയിച്ച് യുവതിയുടെ അമ്മ പൊലീസിൽ പരാതി നൽകിയതോടെയാണ് സംഭവം പുറത്തറിയുന്നത്. തുടർന്ന് പൊലീസ് അന്വേഷണം നടത്തി യുവതിയെ കണ്ടെത്തി മോചിപ്പിക്കുകയും പ്രതികളെ പിടികൂടുകയും ചെയ്തു.

You may also like