ചെന്നൈ: സമരം ചെയ്ത കർഷകർക്കും അധ്യാപകർക്കുമെതിരെ മുൻ ഡിഎംകെ ഭരണകാലത്ത് ചുമത്തിയ കേസുകൾ പിൻവലിക്കുമെന്ന് തമിഴ്നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ് പ്രഖ്യാപിച്ചു. ജനാധിപത്യപരമായി പ്രതിഷേധിച്ചവരോട് സ്റ്റാലിൻ സർക്കാർ മനുഷ്യത്വവിരുദ്ധമായാണ് പെരുമാറിയതെന്നും അദ്ദേഹം നിയമസഭയിൽ കുറ്റപ്പെടുത്തി.
2021 മുതൽ 2026 വരെയുള്ള കാലയളവിലാണ് കർഷകർക്കും അധ്യാപകർക്കുമെതിരെ നിരവധി കേസുകൾ രജിസ്റ്റർ ചെയ്തത്. ഈ കേസുകൾ ഇപ്പോഴും നിലനിൽക്കുന്നതിനാൽ നിരവധിയാളുകൾ കടുത്ത പ്രതിസന്ധിയും പ്രയാസങ്ങളും നേരിടുന്നുണ്ടെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
“ഈ സർക്കാർ കർഷകർക്കും അധ്യാപകർക്കും അവരുടെ ന്യായമായ ആവശ്യങ്ങൾക്കും ഒപ്പം ഉറച്ചുനിൽക്കും,” എന്ന് വിജയ് വ്യക്തമാക്കി. കേസുകൾ പിൻവലിക്കാനുള്ള തീരുമാനം ജനങ്ങളുടെ അവകാശങ്ങളെ കൂടുതൽ ശക്തിപ്പെടുത്തുമെന്നും സാധാരണക്കാരും ഭരണകൂടവും തമ്മിലുള്ള വിശ്വാസം വർധിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സംസ്ഥാനത്തിന്റെ നട്ടെല്ലായ കർഷകരെ പരന്തൂർ വിമാനത്താവള പദ്ധതിക്കെതിരായ പ്രതിഷേധം ഉൾപ്പെടെയുള്ള സമരങ്ങളുടെ പേരിൽ കേസുകളിൽ കുടുക്കുകയായിരുന്നുവെന്ന് മുഖ്യമന്ത്രി ആരോപിച്ചു. ജനാധിപത്യപരമായ രീതിയിൽ പ്രതിഷേധിച്ച അധ്യാപകർക്കെതിരെയും സമാനമായി കേസെടുത്തതായും അവയിൽ പലതും ഇപ്പോഴും തീർപ്പാകാതെ തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു.
നിരപരാധികൾ നേരിടുന്ന ബുദ്ധിമുട്ടുകൾ പരിഗണിച്ചാണ് ഈ കേസുകൾ മുഴുവൻ പിൻവലിക്കാൻ തമിഴ്നാട് സർക്കാർ തീരുമാനിച്ചതെന്ന് വിജയ് പ്രഖ്യാപിച്ചു.
അതേസമയം, നീറ്റ് പരീക്ഷയ്ക്കെതിരെ സമരം ചെയ്ത വിദ്യാർഥികൾ ഉൾപ്പെടെയുള്ളവർക്കെതിരായ കേസുകളും സർക്കാർ പിൻവലിക്കണമെന്ന് സിപിഐ ആവശ്യപ്പെട്ടു. നെയ്വേലി ലിഗ്നൈറ്റ് കോർപ്പറേഷനെതിരെ പ്രതിഷേധിച്ചവർക്കെതിരെയുള്ള കേസുകളും പിൻവലിക്കണമെന്ന് പി.കെ.എം സർക്കാരിനോട് അഭ്യർഥിച്ചു. ഈ ആവശ്യങ്ങൾ പരിശോധിക്കുമെന്ന് നിയമമന്ത്രി നിർമൽ കുമാർ വ്യക്തമാക്കി.
