Home Internationalഹോർമൂസിൽ യുദ്ധം മുറുകുന്നു; ഒറ്റദിവസം ആക്രമിക്കപ്പെട്ടത് 10 കപ്പലുകൾ

ഹോർമൂസിൽ യുദ്ധം മുറുകുന്നു; ഒറ്റദിവസം ആക്രമിക്കപ്പെട്ടത് 10 കപ്പലുകൾ

by news_desk1
0 comments

തെഹ്‌റാൻ: ഹോർമൂസ് കടലിടുക്കിൽ സംഘർഷം രൂക്ഷമാകുന്നു. ഒറ്റ ദിവസം 10 കപ്പലുകൾ ആക്രമിക്കപ്പെട്ടതായാണ് വിവരം. ആറ് കപ്പലുകൾ ആക്രമിച്ചെന്ന് ഇറാൻ സൈന്യം അവകാശപ്പെട്ടു. ഇതിൽ മൂന്ന് കപ്പലുകൾ ഹോർമൂസിൽ റൂട്ട് മാറ്റി സഞ്ചരിക്കുമ്പോഴായിരുന്നു ആക്രമണം. യുഎസ്എസ് ജോർജ് ബുഷ് വിമാനവാഹിനിക്കപ്പലിന് നേരെയും ആക്രമണം നടത്തിയതായി ഇറാൻ അറിയിച്ചു. ഒമാൻ തീരത്ത് ഇറാനിയൻ കപ്പലിനെ ആക്രമിക്കുന്ന ദൃശ്യങ്ങൾ അമേരിക്ക പുറത്തുവിട്ടു. ഏറ്റവും ഒടുവിൽ ഒരു ഡ്രോൺ ബോട്ടും ആക്രമിക്കപ്പെട്ടതായി ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് അറിയിച്ചു.

ഒരിടവേളയ്ക്ക് ശേഷം ഇറാന്റെ മൂന്ന് എണ്ണക്കപ്പലുകൾക്ക് നേരെ അമേരിക്ക ആക്രമണം നടത്തി. പ്രധാന എണ്ണ കയറ്റുമതി കേന്ദ്രമായ ഖാർഗ് ദ്വീപിന് സമീപം എണ്ണ ടാങ്കറിനെ ലക്ഷ്യമിട്ടായിരുന്നു ആക്രമണം. ജീവനക്കാരെ സുരക്ഷിതമായി ഒഴിപ്പിച്ചതായി ഇറാൻ അറിയിച്ചു. തിരിച്ചടിയായി മൂന്ന് അമേരിക്കൻ എണ്ണക്കപ്പലുകളും യുഎസുമായി ബന്ധമുള്ള മറ്റ് മൂന്ന് കപ്പലുകളും ആക്രമിച്ചതായും അവയ്ക്ക് ഇനി നീങ്ങാനാകില്ലെന്നും ഇറാൻ അവകാശപ്പെട്ടു. യുഎസ് വിമാനവാഹിനിക്കപ്പലിനും നാവികസേനയുടെ ഡിസ്ട്രോയറിനും നേരെ നിരവധി ബാലിസ്റ്റിക് മിസൈലുകൾ തൊടുത്തുവിട്ടതായും ഐആർജിസി അറിയിച്ചു. ഇറാനിയൻ കപ്പലുകൾക്ക് തടസം സൃഷ്ടിക്കുകയും നാവിക ഉപരോധം ഏർപ്പെടുത്തുകയും ചെയ്തതിനെതിരെയായിരുന്നു നടപടിയെന്നാണ് വിശദീകരണം.

ഹോർമൂസ് കടലിടുക്കിലെ സംഘർഷം ആഗോള ചരക്കുനീക്കത്തെയും ബാധിച്ചു. പ്രതിദിനം 130 കപ്പലുകൾ വരെ കടന്നുപോയിരുന്ന കടലിടുക്കിലൂടെ ഇപ്പോൾ മൂന്നോ നാലോ കപ്പലുകൾ മാത്രമാണ് കടന്നുപോകുന്നത്. ആഗോള വിപണിയിൽ ക്രൂഡ് ഓയിൽ വില കുത്തനെ ഉയരാൻ സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ. ഇറാനിയൻ വാണിജ്യ കപ്പലുകൾക്ക് നേരെയുണ്ടായ യുഎസ് ആക്രമണത്തെ ഇറാൻ വിദേശകാര്യ മന്ത്രാലയം അപലപിക്കുകയും സംഘർഷം വഷളാകുന്നതിന്റെ ഉത്തരവാദിത്തം യുഎസും സഖ്യകക്ഷികളും ഏറ്റെടുക്കേണ്ടിവരുമെന്ന് മുന്നറിയിപ്പ് നൽകുകയും ചെയ്തു.

യുഎസ് യുദ്ധക്കപ്പലുകൾക്ക് നേരെയുണ്ടായ ആക്രമണം ഇറാൻ പാർലമെന്റിന്റെ ദേശീയ സുരക്ഷാ കമ്മീഷൻ വക്താവ് ഹസ്സൻ ഗാഷ്ഗവി സ്ഥിരീകരിച്ചു. അമേരിക്കയുമായുള്ള അസ്തിത്വപരമായ യുദ്ധത്തിന്റെ ഭാഗമാണ് ആക്രമണമെന്നാണ് അദ്ദേഹത്തിന്റെ വിശദീകരണം. അതേസമയം, യുഎസ് കപ്പലുകൾക്ക് നേരെ വെടിയുതിർത്താൽ എണ്ണ ടാങ്കറുകൾ തകർക്കുമെന്ന മുന്നറിയിപ്പ് യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത് നൽകി. ഇറാന്റെ പികാക്‌സ് മലനിരയിൽ വീണ്ടും ആക്രമണം നടത്തുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഭീഷണിപ്പെടുത്തുകയും ചെയ്തു

You may also like