Home Editorialനാരി ശക്തി വെറും വാക്കല്ലസ്ത്രീയുടെ ആത്മാഭിമാനം രാഷ്ട്രീയ ആയുധമല്ല; വിജയ് ഉയർത്തിയ നിലപാട് രാഷ്ട്രീയ നേതൃത്വങ്ങൾക്ക് മാതൃകയാകണം

നാരി ശക്തി വെറും വാക്കല്ലസ്ത്രീയുടെ ആത്മാഭിമാനം രാഷ്ട്രീയ ആയുധമല്ല; വിജയ് ഉയർത്തിയ നിലപാട് രാഷ്ട്രീയ നേതൃത്വങ്ങൾക്ക് മാതൃകയാകണം

by news_desk
0 comments

‘നാരി ശക്തി’ – ഇന്ന് രാഷ്ട്രീയ പ്രസംഗങ്ങളിൽ ഏറ്റവും കൂടുതൽ കേൾക്കുന്ന വാക്കുകളിലൊന്ന്. എന്നാൽ സ്ത്രീശക്തിയെക്കുറിച്ച് സംസാരിക്കുന്നതും സ്ത്രീയുടെ ആത്മാഭിമാനം സംരക്ഷിക്കുന്നതും രണ്ടാണ്. ഒന്നാമത്തേത് വാക്കാണ്. രണ്ടാമത്തേത് നിലപാടാണ്. സ്ത്രീയെ ആദരിക്കുന്നുവെന്ന് പറയുന്ന അതേ സമൂഹത്തിൽ, അവളുടെ ശരീരത്തെയും വസ്ത്രത്തെയും വ്യക്തിത്വത്തെയും സ്വകാര്യജീവിതത്തെയും രാഷ്ട്രീയ ആയുധമാക്കുന്ന പ്രവണത ഇപ്പോഴും അവസാനിച്ചിട്ടില്ല. എതിരാളിയെ തളർത്താൻ സ്ത്രീയെ കരുവാക്കുന്ന രാഷ്ട്രീയം ജനാധിപത്യത്തിന്റെ വളർച്ചയല്ല, രാഷ്ട്രീയത്തിന്റെ അധഃപതനമാണ്. അത്തരമൊരു കാലത്ത് തമിഴ്നാട് നിയമസഭയിൽ മുഖ്യമന്ത്രി വിജയ് നടത്തിയ ശക്തമായ നിലപാട് ശ്രദ്ധേയമാണ്. സ്ത്രീകളെ അപമാനിക്കുന്ന തരത്തിലുള്ള ദ്വയാർഥ പ്രയോഗങ്ങളോ പരാമർശങ്ങളോ അനുവദിക്കില്ലെന്നും അത്തരം സംഭവങ്ങളിൽ നിയമം അതിന്റെ വഴിക്ക് പോകുമെന്നും അദ്ദേഹം വ്യക്തമാക്കിയിരിക്കുന്നു. രാഷ്ട്രീയ വിമർശനം എത്ര കടുത്തതുമാകാം; പക്ഷേ വ്യക്തിഹത്യയും സ്ത്രീയെ അപമാനിക്കലും അതിന്റെ ഭാഗമാകരുത് എന്ന സന്ദേശമാണ് വിജയ് നൽകിയത്. ഇത് ഒരു രാഷ്ട്രീയ പ്രസ്താവന എന്നതിലുപരി ഒരു രാഷ്ട്രീയ സംസ്കാരത്തിന്റെ പ്രഖ്യാപനമാണ്. തമിഴ്നാട്ടിലെ സമീപകാല വിവാദങ്ങൾ ഈ നിലപാടിന്റെ പ്രസക്തി കൂടുതൽ വ്യക്തമാക്കുന്നു. നടി തൃഷയ്ക്കെതിരെ ഉയർന്ന അപമാനകരമായ പരാമർശവും അതിനെ തുടർന്നുണ്ടായ പ്രതിഷേധങ്ങളും കേസുകളും ഒരു അടിസ്ഥാന ചോദ്യം ഉയർത്തുന്നു- രാഷ്ട്രീയ എതിരാളിയെ നേരിടാൻ എന്തിനാണ് ഒരു സ്ത്രീയുടെ അന്തസ്സിനെ ആയുധമാക്കുന്നത്?. വിമർശിക്കാം. ശക്തമായി വിമർശിക്കാം. ഭരണപരമായ വീഴ്ചകളെയും രാഷ്ട്രീയ തീരുമാനങ്ങളെയും ആശയങ്ങളെയും ചോദ്യം ചെയ്യാം. എന്നാൽ ഒരാളുടെ വ്യക്തിത്വത്തെ തകർക്കാനുള്ള ശ്രമം രാഷ്ട്രീയ വിമർശനമല്ല. അത് അധിക്ഷേപമാണ്. 1989-ൽ തമിഴ്നാട് നിയമസഭയ്ക്കുള്ളിൽ ജയലളിതയ്ക്ക് നേരിടേണ്ടിവന്ന അപമാനം വിജയ് ഓർമിപ്പിച്ചതും അതുകൊണ്ടുതന്നെ പ്രസക്തമാണ്. കാലം മാറി. സമൂഹം മാറി. സ്ത്രീകൾ ഇന്ന് രാഷ്ട്രീയത്തിലും ഭരണത്തിലും പൊതുജീവിതത്തിലും നിർണായക ശക്തിയാണ്. എന്നിട്ടും സ്ത്രീയെ അപമാനിച്ച് രാഷ്ട്രീയ നേട്ടം കൊയ്യാമെന്ന പഴയ മനോഭാവം ചിലരുടെ വാക്കുകളിലും പ്രവൃത്തികളിലും തുടരുന്നു. കേരളത്തിനും ഈ ആത്മപരിശോധന ആവശ്യമാണ്. ഇവിടെ സ്ത്രീകളുടെ വസ്ത്രത്തെക്കുറിച്ചും പെരുമാറ്റത്തെക്കുറിച്ചും പൊതുസാന്നിധ്യത്തെക്കുറിച്ചും വ്യക്തിജീവിതത്തെക്കുറിച്ചും രാഷ്ട്രീയ-സാമൂഹിക വേദികളിൽ ഇടയ്ക്കിടെ വിവാദങ്ങൾ ഉയരുന്നു. സ്ത്രീ എന്ത് ധരിക്കണം, എവിടെ പോകണം, എങ്ങനെ സംസാരിക്കണം, എങ്ങനെ ജീവിക്കണം എന്നൊക്കെ തീരുമാനിക്കാനുള്ള അധികാരം സമൂഹത്തിലെ മറ്റാർക്കും ഇല്ല. സ്ത്രീയെ സംരക്ഷിക്കേണ്ടത് അവളുടെ സ്വാതന്ത്ര്യം വെട്ടിക്കുറച്ചുകൊണ്ടല്ല. അവളുടെ സ്വാതന്ത്ര്യത്തെ അംഗീകരിച്ചുകൊണ്ടാണ്. അതുകൊണ്ടുതന്നെ സ്ത്രീകളെക്കുറിച്ച് സംസാരിക്കുന്ന മത–രാഷ്ട്രീയ–സാമൂഹിക നേതൃത്വങ്ങൾ കൂടുതൽ ഉത്തരവാദിത്വം കാണിക്കണം. വിശ്വാസത്തിന്റെ പേരിലായാലും രാഷ്ട്രീയത്തിന്റെ പേരിലായാലും സംസ്കാരത്തിന്റെ പേരിലായാലും സ്ത്രീയുടെ അവകാശങ്ങൾ ചുരുക്കുന്ന വാദങ്ങളെ ചോദ്യം ചെയ്യണം. ഉദയനിധിക്കെതിരായ പൊലീസ് നടപടികളെ ഡി.എം.കെ രാഷ്ട്രീയ പ്രതികാരമെന്ന് ആരോപിക്കുന്നുണ്ട്. ആരോപണം ശരിയോ തെറ്റോ എന്നത് നിയമപരമായ പരിശോധനയുടെ വിഷയമാണ്. എന്നാൽ അതിനപ്പുറം ഒരു അടിസ്ഥാന തത്വമുണ്ട് – തെറ്റ്, ആരുടെ ഭാഗത്തുനിന്നായാലും തെറ്റുതന്നെയാണ്. അതിന് രാഷ്ട്രീയ നിറം കലർത്താത്ത നീതിപൂർവമായ സമീപനമാണ് ജനാധിപത്യത്തിന് വേണ്ടത്. രാഷ്ട്രീയത്തിന്റെ നിലവാരം നിർണയിക്കുന്നത് പ്രസംഗങ്ങളുടെ ശബ്ദം കൊണ്ടല്ല; അത് ഉപയോഗിക്കുന്ന ഭാഷയുടെ നിലവാരം കൊണ്ടാണ്. ജനങ്ങളുടെ ജീവിതത്തെ ബാധിക്കുന്ന വിലക്കയറ്റം, തൊഴിലില്ലായ്മ, വിദ്യാഭ്യാസം, ആരോഗ്യം, വികസനം, സ്ത്രീസുരക്ഷ- ഇതൊക്കെയാകണം രാഷ്ട്രീയ ചർച്ചകളുടെ കേന്ദ്രം. അവിടെ മസാല സിനിമകളിലെ ഡയലോഗുകൾക്ക് എന്ത് പ്രസക്തി?. എതിരാളിയെ തോൽപ്പിക്കാൻ സ്ത്രീയെ അപമാനിക്കുന്ന രാഷ്ട്രീയം അവസാനിക്കണം.
തൃഷ പറഞ്ഞതായി പുറത്തുവന്ന വാക്കുകൾ ഈ സാഹചര്യത്തിൽ പ്രസക്തമാണ് – ‘ഈ പ്രായത്തിൽ ഈ നാടകം നാണക്കേടാണ്.’ ജനാധിപത്യം കൂടുതൽ പക്വമാകേണ്ട കാലത്ത് രാഷ്ട്രീയവും പക്വമാകണം. വിജയ് ഉയർത്തിയ സ്ത്രീപക്ഷ നിലപാട് അതുകൊണ്ടുതന്നെ അഭിനന്ദനാർഹമാണ്. സ്ത്രീകൾക്കുവേണ്ടി വേദികളിൽ പ്രസംഗിക്കുന്നതിനെക്കാൾ പ്രധാനമാണ് സ്ത്രീ അപമാനിക്കപ്പെടുമ്പോൾ, രാഷ്ട്രീയ സൗഹൃദങ്ങളും വോട്ടുബാങ്കുകളും മാറ്റിവച്ച് അതിനെതിരെ ഉറച്ചുനിൽക്കുക. ഈ മാതൃക കേരളത്തിലെ രാഷ്ട്രീയ നേതൃത്വങ്ങളും സ്വീകരിക്കണം. സ്ത്രീയെ അപമാനിക്കുന്ന വാക്കുകൾ സ്വന്തം പക്ഷത്തുനിന്ന് ഉയരുമ്പോൾ മൗനം പാലിക്കുകയും എതിരാളിയുടെ ഭാഗത്തുനിന്ന് ഉയരുമ്പോൾ പ്രതിഷേധിക്കുകയും ചെയ്യുന്ന ഇരട്ടത്താപ്പ് അവസാനിക്കണം. നീതിക്ക് പക്ഷമില്ല. സ്ത്രീയുടെ ആത്മാഭിമാനത്തിനും പക്ഷമില്ല.
നാരി ശക്തി ആഘോഷിക്കാനുള്ള ഒരു മുദ്രാവാക്യമല്ല. അത് സംരക്ഷിക്കേണ്ട ജനാധിപത്യ മൂല്യമാണ്. സ്ത്രീയുടെ ആത്മാഭിമാനത്തിന് മുറിവേൽക്കുന്നിടത്ത് രാഷ്ട്രീയം നിർത്തി മനുഷ്യത്ത്വത്തിന്റെ പക്ഷത്ത് നിൽക്കാൻ കഴിയണം. കാരണം, സ്ത്രീയെ ബഹുമാനിക്കുന്ന രാഷ്ട്രീയം മാത്രമാണ് പുരോഗമന രാഷ്ട്രീയം. സ്ത്രീയുടെ ആത്മാഭിമാനം സംരക്ഷിക്കുന്ന നേതൃത്വം മാത്രമാണ് യഥാർഥ ജനാധിപത്യ നേതൃത്വം.

You may also like