ന്യൂഡൽഹി: പശ്ചിമേഷ്യൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ പുലർച്ചെ നാല് മണിവരെ നീണ്ട ചർച്ചകൾക്കൊടുവിൽ ബ്രിക്‌സ് അംഗരാജ്യങ്ങൾ സംയുക്ത പ്രസ്താവന പുറത്തിറക്കുന്നതിൽ സമവായത്തിലെത്തി. ഇന്ത്യയുടെ അധ്യക്ഷതയിൽ നടന്ന ഉച്ചകോടിയിലെ ആദ്യ സെഷൻ ഇതോടെ സമാപിച്ചു. അടുത്ത ബ്രിക്‌സ് ഉച്ചകോടി ചൈനയിൽ നടത്താനും ധാരണയായി. ഉച്ചകോടിയുടെ അവസാന സെഷൻ നാളെ സമാപിക്കും.
പശ്ചിമേഷ്യയിലെ സംഘർഷവുമായി ബന്ധപ്പെട്ട് യുഎഇയും ഇറാനും തമ്മിലുണ്ടായിരുന്ന കടുത്ത അഭിപ്രായവ്യത്യാസങ്ങളാണ് സംയുക്ത പ്രസ്താവന സംബന്ധിച്ച ചർച്ചകളെ പ്രതിസന്ധിയിലാക്കിയത്. ഇരു രാജ്യങ്ങളിലെയും നേതാക്കളെ ഒരേ മേശയ്ക്ക് ചുറ്റുമിരുത്തി സമവായത്തിലേക്ക് എത്തിക്കാൻ കഴിഞ്ഞത് ഇന്ത്യയുടെ പ്രധാന നയതന്ത്രനേട്ടമായാണ് വിലയിരുത്തപ്പെടുന്നത്. നേരത്തെ ഇന്ത്യയുടെ അധ്യക്ഷതയിൽ നടന്ന ബ്രിക്‌സ് വിദേശകാര്യ മന്ത്രിമാരുടെ യോഗം എല്ലാവർക്കും അംഗീകരിക്കാവുന്ന സംയുക്ത പ്രസ്താവനയില്ലാതെയാണ് അവസാനിച്ചത്.
ആറുമാസമായി തുടരുന്ന യുദ്ധത്തിനിടെ അമേരിക്കയും ഇറാനും വീണ്ടും ആക്രമണം ആരംഭിച്ച സാഹചര്യത്തിലാണ് ബ്രിക്‌സ് ഉച്ചകോടി നടക്കുന്നത്. അതേസമയം, ഇറാന്റെ പിന്തുണയുള്ള യെമനിലെ ഹൂതി വിമതർ ചെങ്കടൽ മേഖലയിൽ തങ്ങളുടെ നിയന്ത്രണം കൂടുതൽ ശക്തമാക്കിയിട്ടുണ്ട്. യുഎഇയും ഇറാനും തമ്മിലുള്ള അഭിപ്രായവ്യത്യാസങ്ങൾ പരിഹരിച്ച് സമവായത്തിലെത്തിക്കാൻ ഇന്ത്യ ദീർഘമായ ചർച്ചകൾക്ക് നേതൃത്വം നൽകിയതായി ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. ബ്രിക്‌സ് ഉച്ചകോടി സംയുക്ത പ്രസ്താവനയോടെ അവസാനിക്കണമെന്ന നിലപാടാണ് മറ്റ് അംഗരാജ്യങ്ങളും സ്വീകരിച്ചത്. എല്ലാ അംഗരാജ്യങ്ങളുടെയും പിന്തുണയോടെയാണ് ഇന്ത്യ ഇരു പക്ഷങ്ങൾക്കുമിടയിൽ സമവായം രൂപപ്പെടുത്താനുള്ള ശ്രമങ്ങൾ മുന്നോട്ടുകൊണ്ടുപോയത്.
ഒരു രാജ്യത്തെയും പേരെടുത്ത് പരാമർശിക്കാത്ത തരത്തിലാണ് സംയുക്ത പ്രസ്താവന തയ്യാറാക്കിയതെന്നാണ് പുറത്തുവരുന്ന വിവരം. ഏതെങ്കിലും രാജ്യം നടത്തുന്ന ഏകപക്ഷീയമായ യുദ്ധത്തെ സംയുക്ത പ്രസ്താവനയിൽ അപലപിക്കുമെന്നും ബ്രിക്‌സ് നേതാക്കൾ വ്യക്തമാക്കി. നിലവിലെ ഭൗമരാഷ്ട്രീയ സാഹചര്യത്തിൽ പ്രസ്താവനയ്ക്ക് വലിയ സ്വാധീനം ചെലുത്താൻ സാധ്യതയില്ലെങ്കിലും ബ്രിക്‌സ് രാജ്യങ്ങൾ ഐക്യം പ്രകടിപ്പിക്കുന്നത് പ്രധാനമാണെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ.
റഷ്യൻ പ്രസിഡന്റ് വ്‌ളാദിമിർ പുടിൻ, ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്, ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാൻ, ദക്ഷിണാഫ്രിക്കൻ പ്രസിഡന്റ് സിറിൽ റമഫോസ, അബുദാബി കിരീടാവകാശി ഷെയ്ഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ തുടങ്ങിയവരാണ് ഉച്ചകോടിയിൽ പങ്കെടുക്കുന്ന നേതാക്കൾ.
അമേരിക്ക, റഷ്യ, ഇസ്രയേൽ, ഇറാൻ, ഗൾഫ് അറബ് രാജ്യങ്ങൾ എന്നിവരുമായി ശക്തമായ ബന്ധം പുലർത്തുന്ന ഇന്ത്യ സങ്കീർണമായ നയതന്ത്ര സാഹചര്യമാണ് കൈകാര്യം ചെയ്യുന്നത്. യുദ്ധം ആരംഭിച്ചതിന് പിന്നാലെ ഇറാനിൽ നിന്നുള്ള മിസൈൽ ആക്രമണങ്ങൾ നേരിട്ടതിനെ തുടർന്ന് ഓഗസ്റ്റിൽ യുഎഇ ഇറാനുമായുള്ള എല്ലാ വ്യാപാര-സാമ്പത്തിക ഇടപാടുകളും നിർത്തിവച്ചിരുന്നു.
അന്താരാഷ്ട്ര നിയമങ്ങളിലും സ്ഥാപനങ്ങളിലും കൂടുതൽ സ്വാധീനം ചെലുത്തുന്നതിനും ലോകബാങ്ക്, ഐഎംഎഫ്, ഡബ്ല്യുടിഒ തുടങ്ങിയ സ്ഥാപനങ്ങളിൽ പരിഷ്‌കരണം ആവശ്യപ്പെടുന്നതിനുമാണ് ബ്രിക്‌സ് ശ്രമിക്കുന്നത്. ഈ സ്ഥാപനങ്ങൾ പാശ്ചാത്യ ശക്തികളുടെ സ്വാധീനത്തിലാണെന്ന് ചില അംഗരാജ്യങ്ങൾ അഭിപ്രായപ്പെട്ടിട്ടുണ്ട്.
മാറുന്ന ലോകക്രമത്തിൽ മാറ്റങ്ങൾ അനിവാര്യമാണെന്ന് ബ്രിക്‌സ് ഉച്ചകോടിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ഇന്ത്യയുടെ അധ്യക്ഷപദവി ജനപക്ഷത്തുള്ളതും മാനവികതയിൽ ഊന്നിയതുമാണെന്നും ബ്രിക്‌സ് ഉൾപ്പെടുന്ന ഗ്ലോബൽ സൗത്തിന്റെ പ്രാധാന്യം വർധിച്ചുവരികയാണെന്നും അദ്ദേഹം വ്യക്തമാക്കി. ബ്രിക്‌സ് ഏതെങ്കിലും പക്ഷത്തിന് എതിരായ കൂട്ടായ്മയല്ലെന്നും ആഗോള ഭരണനിർവഹണത്തിൽ ഗ്ലോബൽ സൗത്ത് രാജ്യങ്ങൾ നിയമങ്ങൾ രൂപീകരിക്കുന്നവരായി മാറണമെന്നും പ്രധാനമന്ത്രി പറഞ്ഞു.
പശ്ചിമേഷ്യൻ യുദ്ധത്തെ ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ് ശക്തമായി അപലപിച്ചു. യുദ്ധം മേഖലയിലുടനീളമുള്ള ജനങ്ങൾക്ക് ഗുരുതരമായ നഷ്ടങ്ങൾ വരുത്തിയെന്നും അന്താരാഷ്ട്ര സമൂഹത്തിന്റെ പൊതുതാൽപര്യങ്ങൾ നിറവേറ്റുന്നില്ലെന്നും അദ്ദേഹം ബ്രിക്‌സ് ഉച്ചകോടിയിൽ പറഞ്ഞു. ഇന്ന് വൈകിട്ട് ഷി ജിൻപിങുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി കൂടിക്കാഴ്ച നടത്തും.
അംഗരാജ്യങ്ങൾ തമ്മിലുള്ള വ്യാപാര സഹകരണം വർധിപ്പിക്കാനും വ്യാപാര തടസ്സങ്ങൾ കുറയ്ക്കാനും ബിസിനസ് അവസരങ്ങൾ വികസിപ്പിക്കാനും ഉച്ചകോടിയിൽ ധാരണയായി. അമേരിക്കയും പാശ്ചാത്യ സഖ്യകക്ഷികളും ആധിപത്യം പുലർത്തുന്ന ആഗോള സംവിധാനത്തെ വെല്ലുവിളിക്കുക എന്ന ലക്ഷ്യത്തോടെയാണ് 2009ൽ ബ്രിക്‌സ് രൂപീകരിച്ചത്. ഒന്നിച്ചുകൂടുമ്പോൾ ബ്രിക്‌സ് അംഗരാജ്യങ്ങൾ ലോക ജനസംഖ്യയുടെ 40 ശതമാനത്തിലധികവും ആഗോള സമ്പദ്‌വ്യവസ്ഥയുടെ ഏകദേശം നാലിലൊന്നും പ്രതിനിധീകരിക്കുന്നു.
ബ്രിക്‌സിന്റെ നേതൃത്വത്തിൽ ഡോളറിന്റെ ആധിപത്യത്തെ വെല്ലുവിളിക്കുന്നതിനെക്കുറിച്ച് വർഷങ്ങളായി ചർച്ചകൾ നടക്കുന്നുണ്ട്. എന്നാൽ ബ്രിക്‌സ് രാജ്യങ്ങൾ തമ്മിലുള്ള സാമ്പത്തിക ഇടപാടുകൾക്കായി പൊതുവായ പേയ്‌മെന്റ് സംവിധാനം കൊണ്ടുവരുമോ എന്ന കാര്യത്തിൽ ഇതുവരെ ഔദ്യോഗിക പ്രഖ്യാപനമുണ്ടായിട്ടില്ല.
