തിരഞ്ഞെടുപ്പ് തോൽവി ഒരു രാഷ്ട്രീയ പാർട്ടിക്ക് വെറുമൊരു അക്കങ്ങളുടെ കളിയല്ല. ജനവിധിയുടെ പിന്നിലെ രാഷ്ട്രീയം വായിക്കാനുള്ള അവസരം കൂടിയാണ്. നിയമസഭാ തെരഞ്ഞെടുപ്പിലെ കനത്ത തിരിച്ചടിക്ക് പിന്നാലെ കോഴിക്കോട് ചേരുന്ന സി.പി.എമ്മിന്റെ വിപുലീകൃത സംസ്ഥാന കമ്മിറ്റി അതുകൊണ്ടുതന്നെ അസാധാരണമായ രാഷ്ട്രീയ പ്രാധാന്യം നേടുന്നു. ബ്രാഞ്ച് മുതൽ പോളിറ്റ്ബ്യൂറോ വരെ കൃത്യമായ സംഘടനാ ഘടനയും സമ്മേളന രീതിയും പിന്തുടരുന്ന സി.പി.എമ്മിൽ ഏകദേശം 350 പ്രതിനിധികളെ പങ്കെടുപ്പിച്ച് ഇത്തരമൊരു വിപുലമായ സംസ്ഥാന കമ്മിറ്റി ചേരുന്നത് സാധാരണ സംഘടനാ നടപടിയല്ല. സംസ്ഥാന കമ്മിറ്റി, സെക്രട്ടേറിയറ്റ്, കേന്ദ്ര കമ്മിറ്റി, പോളിറ്റ്ബ്യൂറോ അംഗങ്ങൾക്കൊപ്പം ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങളും വർഗ-ബഹുജന സംഘടനകളുടെ പ്രധാന ഭാരവാഹികളും പങ്കെടുക്കുന്ന യോഗം പാർട്ടിയുടെ സംഘടനാ ശരീരത്തിലേക്ക് തന്നെ ഒരു പരിശോധന നടത്താനുള്ള വേദിയാകണം. എന്നാൽ ഈ യോഗത്തിന്റെ വിജയം എത്രപേർ പങ്കെടുത്തു എന്നതിലല്ല; എത്രത്തോളം ആത്മവിമർശനം നടത്താൻ പാർട്ടി തയ്യാറാകുന്നു എന്നതിലാണ്. തോൽവിയുടെ കാരണങ്ങൾ താഴെത്തട്ടിൽ നിന്ന് ശേഖരിച്ചിട്ടുണ്ടെങ്കിൽ ഇനി വേണ്ടത് റിപ്പോർട്ടുകളുടെ കൂമ്പാരമല്ല. ജനങ്ങളിൽനിന്ന് പാർട്ടി എന്തുകൊണ്ട് അകന്നു? നേതാക്കളുടെ സംസാരവും പെരുമാറ്റവും ജനങ്ങളിൽ എങ്ങനെ പ്രതിഫലിച്ചു? കേഡർമാരുടെ ഇടപെടലുകളിൽ എവിടെയാണ് പിഴച്ചത്? ഭരണത്തിന്റെ നേട്ടങ്ങൾ ജനങ്ങളിലെത്താതിരുന്നത് എന്തുകൊണ്ട്? സംഘടനയുടെ അടിത്തട്ടിൽ എന്താണ് സംഭവിച്ചത്? ഇത്തരം ചോദ്യങ്ങൾക്ക് അസ്വസ്ഥതയുണ്ടാക്കിയാലും മറുപടി പറയാനുള്ള ധൈര്യമാണ് തിരുത്തലിന്റെ ആദ്യപടി. ജനങ്ങളെ കേൾക്കാതെ ജനങ്ങൾക്കുവേണ്ടി സംസാരിക്കുന്ന രാഷ്ട്രീയത്തിന് കാലം അധികം അവസരം നൽകില്ല. അധികാരത്തിലിരിക്കുമ്പോൾ രൂപപ്പെടുന്ന അകലം, നേതാക്കളും സാധാരണ പ്രവർത്തകരും തമ്മിലുള്ള വിടവ്, പ്രവർത്തകരും ജനങ്ങളും തമ്മിലുള്ള ബന്ധത്തിലെ ക്ഷയം-ഇവയെല്ലാം ഒരു ഘട്ടത്തിൽ വോട്ടെടുപ്പിലൂടെ ജനങ്ങൾ മറുപടി പറയും. അതുകൊണ്ട് കോഴിക്കോട് രൂപപ്പെടേണ്ടത് മറ്റൊരു സംഘടനാ രേഖ മാത്രമാകരുത്. പാർട്ടിയുടെ രാഷ്ട്രീയ പെരുമാറ്റച്ചട്ടം തന്നെ പുതുക്കുന്ന തിരുത്തൽ രേഖയാകണം. നേതാക്കളുടെ ഭാഷയിലും പ്രവർത്തകരുടെ പെരുമാറ്റത്തിലും ജനങ്ങളോടുള്ള സമീപനത്തിലും മാറ്റം വേണമെങ്കിൽ അത് രേഖയിൽ ഒതുങ്ങാതെ താഴെത്തട്ടിൽ നടപ്പാകണം. ജില്ലകളിലും ഏരിയകളിലും ലോക്കൽ കമ്മിറ്റികളിലും ബ്രാഞ്ചുകളിലും അതിന്റെ തുടർച്ചയുണ്ടാകണം. ആത്മവിമർശനം മുകളിലെ നേതൃനിരയിൽ മാത്രം ഒതുങ്ങാതെ ഓരോ സഖാവിലേക്കും എത്തണം. തിരഞ്ഞെടുപ്പ് തോൽവിയിൽ നിന്ന് കരകയറുക എന്നത് അടുത്ത തെരഞ്ഞെടുപ്പിൽ ജയിക്കുക എന്നതിലൊതുങ്ങുന്ന കാര്യമല്ല. ജനവിശ്വാസം തിരിച്ചുപിടിക്കുകയാണ് യഥാർഥ ലക്ഷ്യം. കോഴിക്കോട് ചേരുന്ന ഈ അപൂർവ കൂട്ടായ്മയ്ക്ക് ചരിത്രത്തിൽ ഇടം നേടണമെങ്കിൽ ഒരു കാര്യം മാത്രം മതിയാകും-തോൽവിയെ ന്യായീകരിക്കാതെ അതിൽനിന്ന് പഠിക്കാൻ സി.പി.എം തയ്യാറാകണം. ജനങ്ങൾ നൽകിയ വിധിയെ വിമർശനമായി സ്വീകരിക്കാനും തിരുത്തലായി മാറ്റാനും കഴിഞ്ഞാൽ മാത്രമേ ഈ വിപുലീകൃത സംസ്ഥാന കമ്മിറ്റി യഥാർഥത്തിൽ ഒരു വഴിത്തിരിവാകൂ.
4
previous post
