Home Editorialബ്രിക്സ്: ഭിന്നതകൾക്കിടയിൽ ഇന്ത്യയുടെ സമവായം

ബ്രിക്സ്: ഭിന്നതകൾക്കിടയിൽ ഇന്ത്യയുടെ സമവായം

by news_desk
0 comments

18-ാമത് ബ്രിക്സ് ഉച്ചകോടിക്ക് ഡൽഹിയിൽ സമാപനമാകുമ്പോൾ 140ലേറെ വിഷയങ്ങളിൽ ധാരണയിലെത്തിയതിലൂടെ ഇന്ത്യയുടെ നയതന്ത്ര ഇടപെടലിന് ശ്രദ്ധേയമായ അംഗീകാരം. അഭിപ്രായവ്യത്യാസങ്ങൾക്കിടയിലും അംഗരാജ്യങ്ങളെ ഒരുമിച്ചിരുത്തി സമവായത്തിലെത്തിക്കാൻ ഇന്ത്യക്ക് കഴിഞ്ഞു. ഇറാൻ-യുഎഇ ഭിന്നത, ഗസയിലെയും യുക്രെയ്നിലെയും സംഘർഷം, അമേരിക്കയുടെ ഏകപക്ഷീയ തീരുവ നയം തുടങ്ങിയ സങ്കീർണ സാഹചര്യങ്ങളിലായിരുന്നു ഉച്ചകോടി. കഴിഞ്ഞ മേയിലെ വിദേശകാര്യ മന്ത്രിമാരുടെ യോഗം പോലും ഭിന്നതകളിൽ കുടുങ്ങിയ പശ്ചാത്തലത്തിൽ ഡൽഹി ഉച്ചകോടിയുടെ സമവായം നിർണായകമാണ്. പഹൽഗാം ഭീകരാക്രമണത്തെ ശക്തമായി അപലപിക്കുകയും ഭീകരതയിൽ ഇരട്ടത്താപ്പ് പാടില്ലെന്ന് പ്രഖ്യാപിക്കുകയും ചെയ്ത ബ്രിക്സ്, ഗസയിൽ അടിയന്തര വെടിനിർത്തലിനും പലസ്തീന് പൂർണ യു.എൻ അംഗത്വത്തിനും ദ്വിരാഷ്ട്ര പരിഹാരത്തിനും പിന്തുണ നൽകി. ഏകപക്ഷീയ തീരുവകൾക്കും ഉപരോധങ്ങൾക്കുമെതിരെ ശക്തമായ നിലപാടെടുത്ത ബ്രിക്സ്, യു.എൻ ഉൾപ്പെടെയുള്ള ആഗോള സ്ഥാപനങ്ങളിൽ വികസ്വര രാജ്യങ്ങൾക്ക് കൂടുതൽ പ്രാതിനിധ്യം വേണമെന്നും ആവശ്യപ്പെട്ടു. സാങ്കേതികവിദ്യയും സുപ്രധാന ധാതുക്കളും ആയുധമാക്കരുതെന്ന ഇന്ത്യയുടെ നിലപാടിനും പിന്തുണ ലഭിച്ചു. ബ്രിക്സിനുള്ളിലെ ഭിന്നതകൾ പൂർണമായി അവസാനിച്ചിട്ടില്ല. ചൈനയും റഷ്യയും ഉൾപ്പെടെയുള്ള രാജ്യങ്ങളുമായുള്ള ഇന്ത്യയുടെ കൂടിക്കാഴ്ചകൾ പക്ഷേ പുതിയ നയതന്ത്ര സാധ്യതകൾ തുറക്കുന്നു. ഭിന്നതകളെ ഇല്ലാതാക്കുകയല്ല, അവയ്ക്കിടയിലും ഒരുമിച്ച് തീരുമാനമെടുക്കാനാകുമെന്ന് തെളിയിച്ചതാണ് ഡൽഹി ഉച്ചകോടിയുടെ വലിയ നേട്ടം. ലോകം ധ്രുവങ്ങളായി പിരിയുമ്പോൾ സമവായത്തിന്റെ പാലമായി ഇന്ത്യ ഉയരുന്നു.
————————————

തിരുത്തലിന്റെ വഴിയിൽ സി.പി.എം

സമാനതകളില്ലാത്ത തിരഞ്ഞെടുപ്പ് തോൽവിക്കുശേഷം സി.പി.എം കോഴിക്കോട് വിളിച്ചുചേർത്ത വിശാല സംസ്ഥാന സമിതി ഒരു സാധാരണ സംഘടനാ യോഗമല്ല. ജനങ്ങളിൽനിന്ന് അകന്നുപോയോ പാർട്ടി, അതോ ജനങ്ങൾ പാർട്ടിയെ തള്ളിയതോ-ഈ അടിസ്ഥാന ചോദ്യത്തിനുള്ള ഉത്തരം തേടുന്ന ആത്മപരിശോധനയുടെ വേദിയാണിത്. ദേശീയ സെക്രട്ടറി എം.എ. ബേബിയുടെ സാന്നിധ്യവും യോഗത്തിന് പ്രത്യേക രാഷ്ട്രീയ പ്രാധാന്യം നൽകുന്നു. പാർട്ടിയുടെ പതിവ് രീതികളിൽനിന്ന് വ്യത്യസ്തമായി വിപുലമായ സംസ്ഥാന സമിതി ചേരുന്നത് പ്രതിസന്ധിയുടെ ആഴം നേതൃത്വത്തിന് ബോധ്യപ്പെട്ടതിന്റെ സൂചനയാണ്. മാസങ്ങളായി താഴെത്തട്ടിൽനിന്ന് നടന്ന ചർച്ചകളുടെ അടിസ്ഥാനത്തിലാണ് തോൽവിയുടെ കാരണങ്ങൾ വിശദമായി പരിശോധിക്കുന്നത്. ആദ്യ കരടിൽനിന്ന് വ്യത്യസ്തമായി സ്വയംവിമർശനത്തിനും തിരുത്തലുകൾക്കും കൂടുതൽ ഊന്നൽ നൽകിയാണ് റിപ്പോർട്ട് അവതരിപ്പിക്കുന്നത്. പത്ത് വർഷത്തെ ഭരണത്തിന് ശേഷമുണ്ടായ തിരിച്ചടി വെറും തിരഞ്ഞെടുപ്പ് പരാജയമായി കാണാനാകില്ല. ജനജീവിതത്തിൽനിന്നും ജനഹൃദയങ്ങളിൽനിന്നും ഇടതുപക്ഷത്തിന് അകലം സംഭവിച്ചിട്ടുണ്ടോ എന്ന പരിശോധന അനിവാര്യമാണ്. സംഘടനാ ദൗർബല്യം, ജനബന്ധത്തിലെ വീഴ്ച, പ്രാദേശിക പ്രശ്നങ്ങളോടുള്ള സമീപനം, പാർട്ടി പ്രവർത്തനത്തിലെ പോരായ്മകൾ-എല്ലാം തുറന്ന മനസ്സോടെ പരിശോധിക്കേണ്ട ഘട്ടമാണിത്. ‘തിരുത്തേണ്ടവരെല്ലാം തിരുത്തണം; തിരുത്തിയോ എന്ന് മൂന്ന് മാസം കൂടുമ്പോൾ പരിശോധിക്കും’ എന്ന സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ വാക്കുകൾ ഗൗരവമുള്ള സംഘടനാ തിരുത്തലിന്റെ സൂചനയാണ്. എന്നാൽ തിരുത്തൽ സ്ഥാനമാറ്റങ്ങളിൽ മാത്രം ഒതുങ്ങരുത്. ജനങ്ങളിലേക്കുള്ള തിരിച്ചുവരവാണ് അതിന്റെ കാതൽ. അതേസമയം, കേരളത്തിൽ ബി.ജെ.പി ശക്തിപ്പെടുന്നതും കോൺഗ്രസ് ഉൾപ്പെടെയുള്ള പ്രതിപക്ഷത്തിന്റെ രാഷ്ട്രീയ നീക്കങ്ങളും സി.പി.എം ഗൗരവമായി കാണേണ്ട വിഷയങ്ങളാണ്. ഭൂരിപക്ഷ–ന്യൂനപക്ഷ വർഗീയതകളെ ഒരുപോലെ നേരിടണമെന്ന നിലപാടിനൊപ്പം ജനങ്ങളുടെ ദൈനംദിന പ്രശ്നങ്ങളിൽ ഇടപെടുന്ന രാഷ്ട്രീയമാണ് ഇടതുപക്ഷത്തിന് വീണ്ടെടുക്കേണ്ടത്. ഒരു പ്രസ്ഥാനത്തിന്റെ യഥാർഥ ശക്തി അധികാരമല്ല; ജനങ്ങളുമായുള്ള അറ്റുപോകാത്ത ആത്മബന്ധമാണ്. ആ ബന്ധത്തിലാണ് വിള്ളൽ വീണതെങ്കിൽ അതു തിരിച്ചറിയുകയും തിരുത്തുകയും വേണം. വിമർശനങ്ങളെ ഭയക്കാതെ സംഘടനയിലും രാഷ്ട്രീയ നിലപാടുകളിലും ആവശ്യമായ മാറ്റങ്ങൾ വരുത്തിയാൽ മാത്രമേ നഷ്ടപ്പെട്ട വിശ്വാസം വീണ്ടെടുക്കാനാകൂ.
അതുകൊണ്ട് കോഴിക്കോട് വിശാല സംസ്ഥാന സമിതി സി.പി.എമ്മിന്റെ മറ്റൊരു യോഗമല്ല; തോൽവിയിൽനിന്ന് തിരുത്തലിലേക്കും തിരുത്തലിൽനിന്ന് തിരിച്ചുവരവിലേക്കുമുള്ള വഴിയുടെ തുടക്കമാകണം. കേരളത്തിലെ ഇടതുപക്ഷ രാഷ്ട്രീയത്തിന്റെ ഭാവി അതിന്റെ തീരുമാനങ്ങളെ ആശ്രയിച്ചിരിക്കുന്നു.

You may also like