ചെന്നൈ: തിരഞ്ഞെടുക്കപ്പെട്ട എം.എൽ.എമാർ പദവി രാജിവെച്ച് മറ്റ് പാർട്ടിയിൽ ചേർന്ന് അതേ മണ്ഡലങ്ങളിൽ വീണ്ടും ജനവിധി തേടുന്നത് ജനങ്ങൾ നൽകിയ മാൻഡേറ്റിനോടുള്ള അനാദരവാണെന്ന് മദ്രാസ് ഹൈക്കോടതി. ഇത്തരം ജനാധിപത്യ പരിഹാസങ്ങളും രാഷ്ട്രീയ നാടകങ്ങളും തടയുന്നതിനായി ഭരണഘടനയുടെ 324-ാം അനുച്ഛേദം നൽകുന്ന അധികാരം ഉപയോഗിച്ച് തിരഞ്ഞെടുപ്പ് കമ്മീഷൻ മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിക്കണമെന്ന് ജസ്റ്റിസ് എസ്.എം. സുബ്രഹ്മണ്യം, ജസ്റ്റിസ് കെ. ഗോവിന്ദരാജൻ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി.
എന്നാൽ, നിയമപരമായി വിലക്കില്ലാത്തതിനാൽ മധുരാന്തകം, ധാരാപുരം മണ്ഡലങ്ങളിൽ ഉപതിരഞ്ഞെടുപ്പ് തടയാനാകില്ലെന്ന് മദ്രാസ് ഹൈക്കോടതി വിധിച്ചു. അണ്ണാ ഡി.എം.കെ സ്ഥാനാർത്ഥികളായി വിജയിച്ച മധുരാന്തകം എം.എൽ.എ മരഗതം കുമാരവേൽ, ധാരാപുരം എം.എൽ.എ പി. സത്യഭാമ എന്നിവരടക്കം 6 പേർ രാജിവെച്ച് വിജയ്യുടെ തമിഴക വെട്രി കഴകം (ടി.വി.കെ) പാർട്ടിയിൽ ചേരുകയായിരുന്നു. തുടർന്ന് ഒഴിവുവന്ന മണ്ഡലങ്ങളിൽ ടി.വി.കെ സ്ഥാനാർത്ഥികളായി ഇവർ വീണ്ടും ജനവിധി തേടുന്നത് ചോദ്യം ചെയ്ത് സമർപ്പിച്ച പൊതുതാൽപ്പര്യ ഹർജി പരിഗണിക്കവെയായിരുന്നു കോടതിയുടെ രൂക്ഷ വിമർശനം.
എം.എൽ.എമാർ രാജിവെച്ച് വീണ്ടും മത്സരിക്കുന്ന പ്രവണത തുടർന്നാൽ അത് ജനങ്ങളുടെ നികുതിപ്പണം വൻതോതിൽ പാഴാക്കുമെന്നും, ഇത്തരം ജനപ്രതിനിധികളെ നിശ്ചിത കാലത്തേക്ക് മത്സരരംഗത്ത് നിന്ന് വിലക്കണമെന്നുമായിരുന്നു ഹർജിയിലെ പ്രധാന ആവശ്യം. എന്നാൽ, നിലവിലെ നിയമപ്രകാരം രാജിവെച്ചവർ വീണ്ടും മത്സരിക്കുന്നത് തടയാനാകില്ലെന്ന് തമിഴ്നാട് അഡ്വക്കേറ്റ് ജനറൽ വിജയ് നാരായൺ വ്യക്തമാക്കി.
എം.എൽ.എമാരുടെ രാജി സ്വീകരിച്ച നടപടിയെ ചോദ്യം ചെയ്തുള്ള മറ്റൊരു ഹർജി ചീഫ് ജസ്റ്റിസ് എസ്.എ. ധർമാധികാരി അധ്യക്ഷനായ ബെഞ്ചിന്റെ വിധി പറയാൻ മാറ്റിയിരിക്കുകയാണ്. അതിനാൽ തിരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിച്ച ഉപതിരഞ്ഞെടുപ്പിൽ ഇടപെടാൻ കഴിയില്ലെന്നും, വിഷയം കൂടുതൽ വാദം കേൾക്കലിനായി ചീഫ് ജസ്റ്റിസിന്റെ ബെഞ്ചിലേക്ക് മാറ്റുന്നുവെന്നും കോടതി വ്യക്തമാക്കി.
