ഇരുപതാമത് ഏഷ്യൻ ഗെയിംസിന് ഐച്ചി-നഗോയയിൽ തിരിതെളിഞ്ഞു. ഏഷ്യയുടെ കായികമാമാങ്കം തുടങ്ങുമ്പോൾ ഇന്ത്യയുടെ മുന്നിലുള്ളത് മെഡലുകളുടെ കണക്ക് മാത്രമല്ല; പരിമിതികളോട് പൊരുതി ലോകവേദിയിലെത്തുന്ന ഒരു തലമുറയുടെ കഥ കൂടിയാണ്. ഹാങ്ചൗവിൽ 2022ൽ 107 മെഡലുകൾ നേടിയ ഇന്ത്യയുടെ നേട്ടം ആകസ്മികമായിരുന്നില്ല. വിയർപ്പിൽ കുതിർന്ന കുപ്പായങ്ങൾക്കും വർഷങ്ങളുടെ കഠിനാധ്വാനത്തിനും ലഭിച്ച അംഗീകാരമായിരുന്നു അത്. ഇത്തവണയും മെഡൽ പ്രതീക്ഷ വലുതാണ്. എന്നാൽ അതിനൊപ്പം ചില അസ്വസ്ഥപ്പെടുത്തുന്ന ചിത്രങ്ങളും ഏഷ്യൻ ഗെയിംസ് മുന്നിലെത്തിക്കുന്നു. നഗോയയിൽ പ്രത്യേക അത്‌ലറ്റ്സ് വില്ലേജ് ഒരുക്കാതെ ഹോട്ടലുകൾക്കും ക്രൂയിസ് കപ്പലുകൾക്കും താൽക്കാലിക കണ്ടെയ്നർ സൗകര്യങ്ങൾക്കുമാണ് സംഘാടകർ ആശ്രയിക്കുന്നത്. ചെലവും അടിസ്ഥാനസൗകര്യങ്ങളുടെ ഭാവി ഉപയോഗവും കണക്കിലെടുത്തുള്ള തീരുമാനമാണിതെന്നാണ് സംഘാടകരുടെ വിശദീകരണം. എന്നാൽ ഇന്ത്യയിൽ അതേ കണ്ടെയ്നർ മാതൃക പരിശീലനത്തിനായി ഉപയോഗിക്കേണ്ടിവരുന്നുവെങ്കിൽ ചോദ്യം മറ്റൊന്നാണ്-പോഡിയം സ്വപ്നം കാണുന്ന താരങ്ങൾക്ക് നാം നൽകുന്ന അടിത്തറ എത്ര ശക്തമാണ്?. പണം മാത്രം ഒഴുക്കിയാൽ കായികവിജയം ഉണ്ടാകില്ല. തുടർച്ചയായ പരിശീലനം, ശാസ്ത്രീയ പിന്തുണ, മികച്ച അടിസ്ഥാനസൗകര്യം, വിദഗ്ധ പരിശീലകർ, സുതാര്യമായ ഭരണസംവിധാനം, താരങ്ങളുടെ സുരക്ഷിത ഭാവി-ഇവയെല്ലാം ഒരുമിച്ചുവേണം. ഫെഡറേഷനുകളിലെ തർക്കങ്ങളും ഏകോപനത്തിലെ വീഴ്ചകളും താരങ്ങളുടെ മുന്നേറ്റത്തിന് തടസ്സമാകരുത്. ഈ പശ്ചാത്തലത്തിൽ കേരളത്തിന്റെ പുതിയ സമീപനത്തിന് പ്രസക്തിയുണ്ട്. ഏഷ്യൻ ഗെയിംസിൽ മെഡൽ നേടുന്ന മലയാളി താരങ്ങൾക്ക് സ്വർണത്തിന് 50 ലക്ഷം, വെള്ളിക്ക് 30 ലക്ഷം, വെങ്കലത്തിന് 20 ലക്ഷം രൂപയും, പങ്കെടുക്കുന്ന ഓരോ താരത്തിനും ഒരു ലക്ഷം രൂപ വീതം മുൻകൂറായി നൽകുമെന്ന് കായികമന്ത്രി ഒ.ജെ. ജനീഷ് പ്രഖ്യാപിച്ചിട്ടുണ്ട്. മെഡൽ ജേതാക്കളുടെ പരിശീലകർക്കും പ്രത്യേക പാരിതോഷികമുണ്ട്. പക്ഷേ പാരിതോഷികം മാത്രം പോരാ. മെഡൽ നേടിയശേഷം ആദരിക്കുന്നതിനെക്കാൾ മെഡലിനായി പോരാടുമ്പോൾ കൈപിടിക്കുകയാണ് പ്രധാനം. ജോലി, പരിശീലനം, ചികിത്സ, ഇൻഷുറൻസ്, അന്താരാഷ്ട്ര നിലവാരത്തിലുള്ള പരിശീലന സൗകര്യം-താരത്തിന് ഭാവിയെക്കുറിച്ച് ആശങ്കപ്പെടാതെ കളിക്കാൻ കഴിയുന്ന ഒരു സുരക്ഷാവലയം കേരളം ഒരുക്കണം. ഒരിക്കൽ കേരളത്തിന്റെ കായികമേഖലയുടെ തൊട്ടിലായിരുന്ന അത്‌ലറ്റിക്സിൽ ഇന്ന് എത്ര മലയാളി യുവതാരങ്ങൾ ദേശീയ പതാകയ്ക്കു കീഴിൽ ഏഷ്യൻ വേദിയിൽ നിൽക്കുന്നു എന്ന ചോദ്യവും നാം ഗൗരവത്തോടെ ചോദിക്കണം. മികച്ച താരങ്ങൾ അന്യസംസ്ഥാനങ്ങളിലേക്ക് ചേക്കേറുന്നതിന് മുമ്പ് അവരെ ഇവിടെ തന്നെ പിടിച്ചുനിർത്താനുള്ള സംവിധാനമാണ് വേണ്ടത്. കണ്ടെയ്നറിന്റെ പരിമിതമായ ഇടത്തിൽ പരിശീലിച്ചും പ്രതികൂല സാഹചര്യങ്ങളെ മറികടന്നും പോഡിയം സ്വപ്നം കാണുന്ന ഇന്ത്യൻ യുവത്വത്തിന് മുന്നിൽ ഒരു വലിയ പാഠമുണ്ട്: മെഡൽ നേടുന്നത് താരങ്ങളാണ്; എന്നാൽ ആ മെഡലിന്റെ പിന്നിൽ നിൽക്കേണ്ടത് ഒരു രാജ്യത്തിന്റെ സംവിധാനമാണ്. നഗോയയിലെ ട്രാക്കിലും റിങ്ങിലും കോർട്ടിലും പൂളിലും ഇന്ത്യയുടെ പോരാട്ടം തുടങ്ങുമ്പോൾ, ഓരോ മലയാളി താരവും സ്വന്തം മെഡലിനുവേണ്ടി മാത്രമല്ല, അടുത്ത തലമുറയ്ക്ക് കൂടുതൽ സൗകര്യങ്ങളുള്ളൊരു കായിക ഇന്ത്യയ്ക്കുവേണ്ടിയും മത്സരിക്കുകയാണ്. കണ്ടെയ്നറിൽ നിന്ന് പോഡിയത്തിലേക്കുള്ള ഈ യാത്രയ്ക്ക്-ഹൃദയം നിറഞ്ഞ വിജയാശംസകൾ.
5
previous post
