Home Top Storiesമെസ്സി തട്ടിപ്പ് കേസിൽ കടുത്ത നടപടിയിലേക്ക് എസ്.ഐ.ടി; മുൻ കായികമന്ത്രിക്കൊപ്പം യു. ഷറഫലിയും പ്രതിയായേക്കും, റിപ്പോർട്ട് ഇന്ന് ആഭ്യന്തര സെക്രട്ടറിക്ക്

മെസ്സി തട്ടിപ്പ് കേസിൽ കടുത്ത നടപടിയിലേക്ക് എസ്.ഐ.ടി; മുൻ കായികമന്ത്രിക്കൊപ്പം യു. ഷറഫലിയും പ്രതിയായേക്കും, റിപ്പോർട്ട് ഇന്ന് ആഭ്യന്തര സെക്രട്ടറിക്ക്

by news_desk
0 comments

തിരുവനന്തപുരം: ലിയോണൽ മെസ്സിയെയും അർജന്റീന ടീമിനെയും കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനം നൽകി നടത്തിയ വൻ തട്ടിപ്പ് കേസിൽ മുൻ കായികമന്ത്രി വി. അബ്ദുറഹിമാന് പുറമെ സ്പോർട്സ് കൗൺസിൽ മുൻ പ്രസിഡന്റ് യു. ഷറഫലിയെയും പ്രതി ചേർത്തേക്കും. യു. ഷറഫലിക്കെതിരെ കൃത്യമായ തെളിവുകളുണ്ടെന്നും വിവാദ കരാറിൽ അദ്ദേഹം ഒപ്പുവെച്ചത് ഗൂഢാലോചനയുടെ ഭാഗമാണെന്നുമാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ (SIT) വിലയിരുത്തൽ.

ചോദ്യം ചെയ്യലിൽ ഷറഫലി നൽകിയ മൊഴികളിൽ കടുത്ത വൈരുദ്ധ്യമുണ്ടെന്ന് അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. കരാറിൽ താൻ കേവലം സാക്ഷിയായി മാത്രമാണ് ഒപ്പിട്ടതെന്നായിരുന്നു ഷറഫലിയുടെ അവകാശവാദം. അന്വേഷണം പൂർത്തിയാക്കി എസ്.ഐ.ടി നൽകിയ അന്തിമ പ്രാഥമിക റിപ്പോർട്ട് ഡി.ജി.പി ഇന്ന് ആഭ്യന്തര സെക്രട്ടറിക്ക് കൈമാറും. ഇതിന് ശേഷമാകും അറസ്റ്റ് ഉൾപ്പെടെയുള്ള തുടർനടപടികളിലേക്ക് പോലീസ് കടക്കുക.

നേരത്തെ മുൻ കായിക മന്ത്രി വി. അബ്ദുറഹിമാൻ ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത് സ്പോൺസർക്ക് അന്യായ ലാഭമുണ്ടാക്കാൻ സഹായം ചെയ്തതായി എസ്.ഐ.ടി കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ മുൻ മന്ത്രിക്കെതിരെ അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കണമെന്ന് റിപ്പോർട്ടിൽ ശുപാർശ ചെയ്തിട്ടുണ്ട്. ടെൻഡറില്ലാതെ ഒരു സ്വകാര്യ ബ്രോഡ്കാസ്റ്റിംഗ് കമ്പനിയെ സ്പോൺസറായി തിരഞ്ഞെടുത്തത്, മന്ത്രിയുടെ ഓഫീസിൽ നിന്ന് നടന്ന കത്തിടപാടുകൾ, അർജന്റീന ഫുട്ബോൾ അസോസിയേഷനുമായി (AFA) ചർച്ച നടത്തുന്നതിനായി നടത്തിയ വിദേശയാത്രകൾ എന്നിവ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്.

You may also like