ന്യൂഡൽഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടും വോട്ട് ചോർച്ചയ്ക്കെതിരെ ശക്തമായ പ്രതിഷേധമുയർത്തിയും ഇന്ത്യ സഖ്യത്തിന്റെ നേതൃത്വത്തിൽ സുപ്രീം കോടതിയിലേക്ക് ബ്രഹ്മാണ്ഡ മാർച്ച്. ഡൽഹി കോൺസ്റ്റിറ്റ്യൂഷൻ ക്ലബിൽ നിന്ന് ആരംഭിച്ച മാർച്ചിൽ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി, നേഹ ബോറ എന്നിവർക്കൊപ്പം കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ, വിവിധ സംസ്ഥാന മുഖ്യമന്ത്രിമാരായ ഡി.കെ. ശിവകുമാർ, രേവന്ത് റെഡ്ഡി, സിപിഎം ജനറൽ സെക്രട്ടറി എം.എ. ബേബി, അഖിലേഷ് യാദവ്, തേജസ്വി യാദവ് തുടങ്ങിയ മുൻനിര നേതാക്കളെല്ലാം അണിനിരന്നിട്ടുണ്ട്.
പൊലീസ് തടയുന്നിടം വരെ പ്രക്ഷോഭ വേദിയാക്കുമെന്ന പ്രഖ്യാപനവുമായി ആയിരക്കണക്കിന് പ്രവർത്തകരാണ് സുപ്രീം കോടതി പരിസരത്തേക്ക് ഇരച്ചെത്തുന്നത്. ചീഫ് ജസ്റ്റിസിനെ നേരിൽ കണ്ട് നിവേദനം സമർപ്പിക്കാനായിരുന്നു ഇന്ത്യ സഖ്യത്തിന്റെ നീക്കമെങ്കിലും, കോടതിയുടെ പരിഗണനയിലുള്ള വിഷയമായതിനാൽ പ്രതിപക്ഷ നേതാക്കളുടെ പ്രത്യേക കൂടിക്കാഴ്ചയ്ക്ക് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അനുമതി നിഷേധിച്ചിരുന്നു. എന്നാൽ നിയമപരമായ മാർഗ്ഗങ്ങളിലൂടെ സുപ്രീം കോടതിയെ സമീപിച്ചാൽ ഹർജികൾ അടിയന്തരമായി പരിഗണിക്കാമെന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കിയിട്ടുണ്ട്. ഭരണഘടന സംരക്ഷിക്കാനായി രാജ്യത്തെ യുവജനങ്ങളും പൗരാവകാശ സംഘടനകളും തെരുവിൽ അണിനിരക്കണമെന്ന് രാഹുൽ ഗാന്ധി ആഹ്വാനം ചെയ്തു. സമാധാനപരമായ പ്രതിഷേധങ്ങൾക്ക് നേരെ പോലീസിന്റെയും ബിജെപി ഗുണ്ടകളുടെയും ഭാഗത്തുനിന്നും ക്രൂരമായ അതിക്രമങ്ങളാണ് ഉണ്ടാകുന്നതെന്ന് അദ്ദേഹം ആരോപിച്ചു. രാജ്യതലസ്ഥാനം കനത്ത സുരക്ഷാ വലയത്തിലും സംഘർഷാവസ്ഥയിലുമാണ്.
