ഡൽഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള പ്രക്ഷോഭം കൂടുതൽ കടുപ്പിക്കാൻ ഇന്ത്യ മുന്നണി. പ്രക്ഷോഭ പരിപാടികൾ ശക്തമായി തുടരുന്നതിന്റെ ഭാഗമായി പ്രതിപക്ഷ എംപിമാരെയും വിദ്യാർത്ഥി സംഘടനാ നേതാക്കളെയും പൗരസമൂഹ പ്രതിനിധികളെയും വസതിയിലേക്ക് വിളിച്ച് ചായസൽക്കാരത്തിന് ഒരുങ്ങിയിരിക്കുകയാണ് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. വൈകുന്നേരം 4 മണിക്ക് രാഹുൽ ഗാന്ധിയുടെ ഔദ്യോഗിക വസതിയിലാണ് പ്രത്യേക യോഗവും ചായസൽക്കാരവും നടക്കുന്നത്.
ചർച്ചയ്ക്ക് ശേഷം ഇന്ത്യ മുന്നണിയുടെ സംയുക്ത വാർത്താസമ്മേളനം ഉണ്ടാകുമെന്നാണ് സൂചന. നിലവിലെ സമരരീതികൾ അതേപടി മുന്നോട്ട് കൊണ്ടുപോകാനാണ് പ്രമുഖ നേതാക്കളുടെയെല്ലാം തീരുമാനം. ഇതിന്റെ ഭാഗമായി കോൺഗ്രസ് പ്രക്ഷോഭങ്ങളിൽ സജീവമായി പങ്കെടുക്കാൻ രമേശ് ചെന്നിത്തല ഉൾപ്പെടെയുള്ള കേരളത്തിലെ മുതിർന്ന നേതാക്കളും ഇന്ന് ഡൽഹിയിലെത്തും.
അതേസമയം, തെരഞ്ഞെടുപ്പ് കമ്മീഷണർക്കെതിരെ ഇന്ത്യ മുന്നണി സുപ്രീം കോടതിയിൽ സമർപ്പിച്ച ഹർജി ഇന്ന് കോടതിയുടെ പരിഗണനയ്ക്ക് വന്നേക്കും. എന്നാൽ ഹർജിയിൽ 14 സാങ്കേതിക പിഴവുകളുണ്ടെന്ന് സുപ്രീം കോടതി രജിസ്ട്രി കണ്ടെത്തിയിട്ടുണ്ട്. ഈ പിഴവുകൾ എത്രയും പെട്ടെന്ന് പരിഹരിച്ച ശേഷമായിരിക്കും ഹർജി ഔദ്യോഗികമായി ലിസ്റ്റ് ചെയ്യുക.
