Home Nationalസൗദിയിലേക്കുള്ള വിമാന സർവീസുകൾ ഒക്ടോബർ 20 വരെ റദ്ദാക്കി എയർ ഇന്ത്യ

സൗദിയിലേക്കുള്ള വിമാന സർവീസുകൾ ഒക്ടോബർ 20 വരെ റദ്ദാക്കി എയർ ഇന്ത്യ

by news_desk1
0 comments

മുംബൈ: സൗദി അറേബ്യയെ ലക്ഷ്യമിട്ടുള്ള ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ സൗദിയിലേക്കുള്ള വിമാന സർവീസുകൾ ഒക്ടോബർ 20 വരെ നിർത്തിവെച്ച് എയർ ഇന്ത്യ. ദമാം, ജിദ്ദ, റിയാദ് ഉൾപ്പെടെയുള്ള വിമാനത്താവളങ്ങളിലേക്കുള്ള സർവീസുകളാണ് റദ്ദാക്കിയത്. ഈ ദിവസങ്ങളിലേക്ക് ടിക്കറ്റ് ബുക്ക് ചെയ്ത യാത്രക്കാർക്ക് മുഴുവൻ തുകയും തിരിച്ചുനൽകുമെന്ന് എയർ ഇന്ത്യ അറിയിച്ചു.

യാത്രക്കാരുടെ സുരക്ഷയ്ക്കാണ് മുൻഗണനയെന്നും മേഖലയിലെ സാഹചര്യം സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്നും കമ്പനി വാർത്താക്കുറിപ്പിൽ വ്യക്തമാക്കി.

റിയാദിലെ കിങ് ഖാലിദ് വിമാനത്താവളത്തിന് നേരെ ഈ മാസം 20 തവണ ഹൂതി ആക്രമണമുണ്ടായതായി സൗദി സഖ്യസേന കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ആക്രമണങ്ങളിൽ 17 പേർ കൊല്ലപ്പെട്ടതായും റിഫൈനറികൾക്കും തുറമുഖങ്ങൾക്കും നേരെയും ആക്രമണമുണ്ടായതായും സേന വ്യക്തമാക്കി. ഇതിന് പിന്നാലെ നടത്തിയ പ്രത്യാക്രമണങ്ങളിൽ ഹൂതികളുടെ 120 ആയുധപ്പുരകൾ തകർത്തതായും സേനാ വക്താവ് റിയാദിൽ അറിയിച്ചു.

അതേസമയം, സൗദിയുടെ വ്യോമപാത സുരക്ഷിതമല്ലെന്ന് വിമാനക്കമ്പനികൾക്ക് ഹൂതികളും മുന്നറിയിപ്പ് നൽകിയിരുന്നു. മേഖലയിൽ സംഘർഷം തുടരുന്ന സാഹചര്യത്തിലാണ് എയർ ഇന്ത്യ സർവീസുകൾ റദ്ദാക്കിയത്.

You may also like