Home Keralaനിയമം ലംഘിച്ചാൽ ഒരു കോടി വരെ പിഴ; ഓൺലൈൻ ടാക്‌സികൾക്ക് കടുത്ത നിയന്ത്രണങ്ങളുമായി സർക്കാർ

നിയമം ലംഘിച്ചാൽ ഒരു കോടി വരെ പിഴ; ഓൺലൈൻ ടാക്‌സികൾക്ക് കടുത്ത നിയന്ത്രണങ്ങളുമായി സർക്കാർ

by news_desk1
0 comments

തിരുവനന്തപുരം: ഓൺലൈൻ ടാക്‌സി സേവനങ്ങൾക്ക് നിയന്ത്രണം കടുപ്പിക്കാനും യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാനും പുതിയ ചട്ടങ്ങളുമായി സംസ്ഥാന സർക്കാർ. നിയമലംഘനം നടത്തുന്ന ഓൺലൈൻ ടാക്‌സി കമ്പനികളിൽനിന്ന് ഒരു ലക്ഷം രൂപ മുതൽ ഒരു കോടി രൂപ വരെ പിഴ ഈടാക്കാൻ വ്യവസ്ഥ ചെയ്യുന്ന കരട് ചട്ടം സർക്കാർ പുറത്തിറക്കി. ബൈക്ക് ടാക്‌സികൾക്ക് കിലോമീറ്ററിന് പത്ത് രൂപ നിരക്ക് നിശ്ചയിക്കാനും നിർദേശമുണ്ട്.

മഞ്ഞ നമ്പർ പ്ലേറ്റുള്ള ബൈക്ക് ടാക്‌സികൾക്ക് മാത്രമേ സർവീസ് നടത്താൻ അനുമതിയുണ്ടാകൂ. കാറുകളുടെ കാര്യത്തിൽ സർക്കാർ നിശ്ചയിച്ച നിരക്കിനേക്കാൾ 50 ശതമാനം വരെ ഇളവ് നൽകാൻ കമ്പനികൾക്ക് അനുവാദമുണ്ടാകും. എന്നാൽ തിരക്കേറിയ സമയങ്ങളിൽ നിശ്ചിത നിരക്കിന്റെ ഇരട്ടി വരെ ഈടാക്കാനും വ്യവസ്ഥയുണ്ട്.

ഒന്നിലധികം യാത്രക്കാർക്ക് ഒരുമിച്ച് യാത്ര ചെയ്യാവുന്ന പൂൾ റൈഡിങ്ങിനും നിയന്ത്രണങ്ങൾ നിർദേശിച്ചിട്ടുണ്ട്. ആദ്യമായി ബുക്ക് ചെയ്യുന്ന യാത്രക്കാരൻ നൽകിയിരിക്കുന്ന യാത്രാദൂരത്തിന്റെ നാല് കിലോമീറ്റർ ചുറ്റളവിൽ മാത്രമായിരിക്കും പൂൾ റൈഡിന് അനുമതി. സ്ത്രീകൾക്ക് വനിതാ ഡ്രൈവർമാരെ തിരഞ്ഞെടുക്കാൻ കഴിയുന്ന സംവിധാനവും കമ്പനികൾ ഒരുക്കണം. എട്ട് വർഷത്തിലധികം പഴക്കമുള്ള വാഹനങ്ങൾ സർവീസിന് ഉപയോഗിക്കാനും പാടില്ല.

ഡ്രൈവർമാർക്ക് നിർബന്ധിത പരിശീലനം നൽകണമെന്നതും കരട് ചട്ടത്തിലെ പ്രധാന വ്യവസ്ഥയാണ്. ആരോഗ്യ ഇൻഷുറൻസിനും ടേം ഇൻഷുറൻസിനും പുറമെ പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റും ഡ്രൈവർമാർക്കുണ്ടായിരിക്കണം. മദ്യമോ ലഹരിവസ്തുക്കളോ ഉപയോഗിച്ച് വാഹനമോടിച്ചതിന് പിടിയിലായവരെയും മറ്റ് ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ടവരെയും ഡ്രൈവർമാരായി നിയമിക്കരുതെന്നും നിർദേശമുണ്ട്.

ഓൺലൈൻ ടാക്‌സി കമ്പനികൾ ചട്ടങ്ങൾ ലംഘിച്ചാൽ ഒരു ലക്ഷം മുതൽ ഒരു കോടി രൂപ വരെ പിഴ ചുമത്താനാണ് വ്യവസ്ഥ. യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനൊപ്പം ഓൺലൈൻ ടാക്‌സി സേവനങ്ങളെ നിയന്ത്രിത സംവിധാനത്തിന് കീഴിൽ കൊണ്ടുവരികയാണ് സർക്കാരിന്റെ ലക്ഷ്യം.

ഇതു സംബന്ധിച്ച കരട് വിജ്ഞാപനം മോട്ടോർ വാഹന വകുപ്പ് പുറത്തിറക്കിയിട്ടുണ്ട്. പൊതുജനങ്ങൾക്ക് ഒരു മാസത്തിനകം അഭിപ്രായങ്ങളും നിർദേശങ്ങളും അറിയിക്കാം. പരമ്പരാഗത ടാക്‌സി തൊഴിലാളികളും ഓൺലൈൻ ടാക്‌സി മേഖലയിലുള്ളവരും തമ്മിലുള്ള തർക്കങ്ങൾ പതിവാകുന്ന സാഹചര്യത്തിലാണ് പുതിയ ചട്ടങ്ങൾ രൂപീകരിക്കാനുള്ള സർക്കാർ നീക്കം.

You may also like