തിരുവനന്തപുരം: സംസ്ഥാനത്ത് മദ്യപിച്ച് വാഹനമോടിക്കുന്നവരെ കണ്ടെത്താൻ കേരള പൊലീസ് നടത്തിയ പ്രത്യേക പരിശോധനയിൽ 6,199 പേർക്കെതിരെ കേസെടുത്തു. ഏറ്റവും കൂടുതൽ കേസുകൾ എറണാകുളം റൂറലിലും കുറവ് കാസർഗോഡിലുമാണ് രജിസ്റ്റർ ചെയ്തത്.
ഒക്ടോബർ 13ന് രാവിലെ ഏഴിന് ആരംഭിച്ച പ്രത്യേക പരിശോധന 17ന് രാവിലെ ഏഴിനാണ് അവസാനിച്ചത്. ക്രമസമാധാന വിഭാഗം എഡിജിപി പി. വിജയന്റെ നിർദേശപ്രകാരം സോൺ ഐജിമാർ, റേഞ്ച് ഡിഐജിമാർ, ജില്ലാ പൊലീസ് മേധാവിമാർ എന്നിവരുടെ മേൽനോട്ടത്തിലായിരുന്നു നടപടി.
എറണാകുളം റൂറലിൽ 710 കേസുകളാണ് രജിസ്റ്റർ ചെയ്തത്. തിരുവനന്തപുരം റൂറലിൽ 497 കേസുകളും കോട്ടയത്ത് 456 കേസുകളും കണ്ടെത്തി. കാസർഗോഡാണ് ഏറ്റവും കുറവ്; 75 കേസുകൾ.
മദ്യപിച്ച് വാഹനമോടിക്കുന്നത് റോഡപകടങ്ങൾക്കും മരണങ്ങൾക്കും പ്രധാന കാരണമാകുന്നുണ്ടെന്ന് എഡിജിപി പി. വിജയൻ പറഞ്ഞു. വരുംദിവസങ്ങളിലും വാഹനപരിശോധന തുടരുമെന്നും അദ്ദേഹം അറിയിച്ചു.
