തിരുവനന്തപുരം: തൃശൂർ പൂവത്തുശേരിയിലെ ബേക്കറിക്ക് അനുവദിച്ച ഹോർട്ടിവൈൻ വിൽപ്പന ലൈസൻസ് സർക്കാർ താൽക്കാലികമായി മരവിപ്പിച്ചു. പുതിയ മദ്യനയം പ്രഖ്യാപിക്കുന്നതുവരെ മാളുകൾ, സൂപ്പർമാർക്കറ്റുകൾ, ബേക്കറികൾ എന്നിവിടങ്ങളിൽ ഹോർട്ടിവൈൻ വിൽപ്പന അനുവദിക്കില്ലെന്ന് അഡീഷണൽ ചീഫ് സെക്രട്ടറി പുറത്തിറക്കിയ ഉത്തരവിൽ വ്യക്തമാക്കി. വിൽപ്പന നടക്കുന്നില്ലെന്ന് എക്സൈസ് കമ്മീഷണർ ഉറപ്പുവരുത്തണമെന്നും നിർദേശിച്ചിട്ടുണ്ട്.
മുഖ്യമന്ത്രിയുടെയോ എക്സൈസ് മന്ത്രിയുടെയോ അനുമതിയില്ലാതെ ലൈസൻസ് അനുവദിച്ചത് വിവാദമായതിനു പിന്നാലെയാണ് സർക്കാർ അതിവേഗം നടപടി സ്വീകരിച്ചത്. ഞായറാഴ്ചയായിട്ടും ഉദ്യോഗസ്ഥരോട് തുടർനടപടികൾ സ്വീകരിക്കാൻ നിർദേശം നൽകിയിരുന്നു. കഴിഞ്ഞ സർക്കാർ കൊണ്ടുവന്ന ചട്ടങ്ങളുടെ അടിസ്ഥാനത്തിലാണ് ലൈസൻസ് അനുവദിച്ചതെന്നാണ് വിവരം.
ഹോർട്ടിവൈൻ വിൽപ്പന സംബന്ധിച്ച ചട്ടങ്ങൾ പുതിയ മദ്യനയത്തിന്റെ അടിസ്ഥാനത്തിൽ നിലനിർത്തണോ വേണ്ടയോ എന്ന് സർക്കാർ തീരുമാനിക്കും. അതുവരെ നിലവിലുള്ള ഉത്തരവ് മരവിപ്പിക്കാനാണ് തീരുമാനം.
അതേസമയം, ലൈസൻസ് അനുവദിച്ച നടപടിയുടെ പശ്ചാത്തലത്തിൽ അബ്കാരി എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ സി.കെ. അനിൽകുമാറിനെ തൽസ്ഥാനത്തുനിന്ന് മാറ്റി. പകരം വി. സുഭാഷിനെ നിയമിച്ചു. അനിൽകുമാറിന് പുതിയ ചുമതല നൽകിയിട്ടില്ല.
