തിരുവനന്തപുരം: മാസപ്പടി കേസിൽ പിണറായി വിജയനെ അനുകൂലിച്ച് ഹൈക്കോടതിയിൽ നിലപാട് സ്വീകരിച്ച അഡ്വക്കറ്റ് ജനറലിനെതിരെ വിമർശനവുമായി കെ.കെ. രമ എംഎൽഎയും രംഗത്ത്. എജിയുടെ നിലപാട് നിരാശാജനകമാണെന്നും യുഡിഎഫ് സർക്കാരിന്റെ പൊതുനിലപാടിന്റെ നിറം കെടുത്തുന്നതാണെന്നും രമ ഫേസ്ബുക്ക് കുറിപ്പിൽ ആരോപിച്ചു. വിഷയത്തിൽ ഉയരുന്ന വിമർശനങ്ങളെ സർക്കാർ ഗൗരവത്തോടെ പരിഗണിക്കണമെന്നും പിണറായി വിജയൻ പ്രതിപക്ഷ നേതൃപദവി ഒഴിയണമെന്നും അവർ ആവശ്യപ്പെട്ടു.
കേന്ദ്ര അന്വേഷണ ഏജൻസികളെ രാഷ്ട്രീയ താൽപ്പര്യങ്ങൾക്കായി ഭരണകക്ഷി ദുരുപയോഗം ചെയ്ത സംഭവങ്ങൾ നിരവധിയുണ്ടെന്നത് യാഥാർഥ്യമാണ്. എന്നാൽ, അത്തരം സംഭവങ്ങളെ മുൻനിർത്തി പിണറായി വിജയനും കുടുംബവും നേരിടുന്ന അഴിമതി ആരോപണങ്ങളെയും അന്വേഷണങ്ങളെയും പ്രതിരോധിക്കാനാവില്ലെന്നാണ് രമയുടെ നിലപാട്. മാസപ്പടി കേസുമായി ബന്ധപ്പെട്ട് ഇതുവരെ പുറത്തുവന്ന തെളിവുകൾ തന്നെ പൊതുസമൂഹത്തിന് മുന്നിൽ ഗൗരവമേറിയ ചോദ്യങ്ങൾ ഉയർത്തുന്നുണ്ടെന്നും അവർ ചൂണ്ടിക്കാട്ടി.
ഒരു സേവനവും ലഭ്യമാക്കാതെ കൊച്ചിയിലെ കരിമണൽ കമ്പനിയായ സിഎംആർഎല്ലിൽനിന്ന് പിണറായി വിജയന്റെ മകൾ വീണയുടെ എക്സാലോജിക് കമ്പനിക്ക് കോടികൾ കൈമാറിയെന്ന ആരോപണത്തിലെ ദുരൂഹതകൾ ആദ്യം പുറത്തുകൊണ്ടുവന്നത് ഇ.ഡി.യുടെ രാഷ്ട്രീയ പ്രേരിത അന്വേഷണത്തിലൂടെയല്ലെന്നും രമ പറഞ്ഞു. ഈ ഇടപാടുകളെക്കുറിച്ചുള്ള വിവരങ്ങൾ പുറത്തുവന്നതിന്റെ പശ്ചാത്തലം പരിശോധിക്കണമെന്നും അവർ ആവശ്യപ്പെട്ടു.
ആദായനികുതി വകുപ്പിന് കീഴിലുള്ള ഇന്ററിം സെറ്റിൽമെന്റ് ബോർഡ് സിഎംആർഎല്ലിൽനിന്ന് എക്സാലോജിക്കിലേക്ക് കൈമാറിയ തുകകൾ സാധാരണ കമ്പനി ഇടപാടുകളുടെ ഭാഗമായി കണക്കാക്കാനാവില്ലെന്ന് കണ്ടെത്തിയെന്ന വസ്തുതയും രമ ചൂണ്ടിക്കാട്ടി. ഈ കണ്ടെത്തലുകൾക്ക് പിന്നാലെയാണ് സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസിന്റെയും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെയും അന്വേഷണം മുന്നോട്ടുപോയതെന്നാണ് അവരുടെ വിശദീകരണം.
ഇ.ഡി.യുടെ രാഷ്ട്രീയ വേട്ടയെന്ന വാദം ഉയർത്തി ഈ കേസിലെ ആരോപണങ്ങളെ തള്ളിക്കളയാനാവില്ലെന്നും രമ വ്യക്തമാക്കി. ഇന്ററിം സെറ്റിൽമെന്റ് ബോർഡിന്റെ കണ്ടെത്തലുകളുടെ ഗൗരവം അവഗണിക്കാനാവില്ലെന്നും അവർ പറഞ്ഞു. ഈ സാഹചര്യത്തിൽ, മാസപ്പടി കേസിൽ സർക്കാർ സ്വീകരിക്കുന്ന നിലപാടും അഡ്വക്കറ്റ് ജനറലിന്റെ കോടതിയിലെ വാദങ്ങളും ഉയർത്തുന്ന വിമർശനങ്ങളെ ഗൗരവത്തോടെ കാണണമെന്ന ആവശ്യമാണ് കെ.കെ. രമ മുന്നോട്ടുവയ്ക്കുന്നത്.
