ചെന്നൈ: മുഖ്യമന്ത്രി സി. ജോസഫ് വിജയ്‌യുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ റോഡ് ഷോയുടെ വഴി തടസ്സപ്പെടുത്തിയെന്ന കേസിൽ നാം തമിഴർ കക്ഷി സ്ഥാനാർഥി കാർത്തികയെയും ഭർത്താവിനെയും പൊലീസ് അറസ്റ്റ് ചെയ്തു. ഒക്ടോബർ നാലിന് ധാരാപുരത്ത് നടന്ന സംഭവത്തിൽ രജിസ്റ്റർ ചെയ്ത കേസിന്റെ അടിസ്ഥാനത്തിൽ ചൊവ്വാഴ്ച പുലർച്ചെയാണ് ഇരുവരെയും കസ്റ്റഡിയിലെടുത്തത്.
ധാരാപുരം നിയമസഭാ ഉപതിരഞ്ഞെടുപ്പിൽ നാം തമിഴർ കക്ഷിയുടെ സ്ഥാനാർഥിയായിരുന്നു കാർത്തിക. വിജയ്‌യുടെ റോഡ് ഷോ നടക്കാനിരുന്ന വഴിയിലേക്ക് കാർത്തികയും പാർട്ടി പ്രവർത്തകരും പ്രവേശിച്ചതോടെയാണ് ഇരുവിഭാഗങ്ങളിലെയും പ്രവർത്തകർ തമ്മിൽ തർക്കമുണ്ടായത്. ഇതുമായി ബന്ധപ്പെട്ട് അന്ന് രജിസ്റ്റർ ചെയ്ത കേസിലാണ് ഇപ്പോൾ അറസ്റ്റ് നടന്നത്.
വീടിന്റെ മതിൽ ചാടിക്കടന്നാണ് പൊലീസ് കാർത്തികയെയും ഭർത്താവിനെയും കസ്റ്റഡിയിലെടുത്തതെന്ന് അവരുടെ സുഹൃത്ത് ശ്രീനിവാസ് ആരോപിച്ചു. ദമ്പതികളുടെ മക്കളെക്കുറിച്ചോ അറസ്റ്റിനെക്കുറിച്ചോ പൊലീസ് വിവരങ്ങൾ നൽകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
അറസ്റ്റ് രാഷ്ട്രീയ പകപോക്കലിന്റെ ഭാഗമാണെന്ന് നാം തമിഴർ കക്ഷി നേതാവ് സീമാൻ ആരോപിച്ചു. വ്യാജക്കേസുകൾ ചുമത്തി പാർട്ടി പ്രവർത്തകരെ വേട്ടയാടുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. സംഭവത്തിൽ ഡിഎംകെ അധ്യക്ഷൻ എം.കെ. സ്റ്റാലിനും ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.
പ്രതിപക്ഷ പാർട്ടികളെ അടിച്ചമർത്താനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് ഡിഎംകെ എംപി കനിമൊഴിയും ആരോപിച്ചു. ക്രമസമാധാന പ്രശ്നങ്ങളും വിലക്കയറ്റവും പരിഹരിക്കുന്നതിന് പകരം രാഷ്ട്രീയ എതിരാളികളെ ലക്ഷ്യമിടാനാണ് സർക്കാർ ശ്രമിക്കുന്നതെന്നും അവർ വിമർശിച്ചു.
