മുംബൈ: ബോളിവുഡ് നടൻ ടൈഗർ ഷ്രോഫിന്റെ കാറിന് നേരെയുണ്ടായ വെടിവെപ്പിൽ പുതിയ വഴിത്തിരിവ്. ആക്രമണസംഘത്തിന്റെ ആദ്യ ലക്ഷ്യം നടൻ ആമിർ ഖാനായിരുന്നുവെന്നാണ് പൊലീസ് അന്വേഷണത്തിലെ കണ്ടെത്തൽ. ആമിറിനെ ആക്രമിക്കാൻ അവസരം ലഭിക്കാതെ വന്നതോടെയാണ് ടൈഗർ ഷ്രോഫിനെ ലക്ഷ്യമിട്ടതെന്നാണ് അന്വേഷണസംഘത്തിന്റെ നിഗമനം. സംഭവവുമായി ബന്ധപ്പെട്ട് ഇതുവരെ 11 പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
ആമിർ ഖാന്റെ യാത്രകളും താമസസ്ഥലവും നിരീക്ഷിക്കാനായി പ്രതികൾ ഒരു മാസത്തോളം ശ്രമം നടത്തിയെന്നാണ് പൊലീസ് പറയുന്നത്. സെപ്റ്റംബർ 20ന് മുംബൈയിലെത്തിയ സംഘം ബാന്ദ്ര ഈസ്റ്റിൽ ആമിറിന്റെ വീടിന് സമീപം രണ്ടാഴ്ചയോളം താമസിച്ചതായും അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. പലതവണ വീടിന് സമീപമെത്തിയെങ്കിലും നടനെ ആക്രമിക്കാൻ കഴിഞ്ഞില്ലെന്നാണ് വിവരം.
ആമിർ ഖാൻ കൂടുതൽ സമയവും വിദേശത്തായിരുന്നതും വീട്ടിലെത്തിയാൽ പതിവായി പുറത്തുപോകാതിരുന്നതുമാണ് പ്രതികളുടെ നീക്കങ്ങൾക്ക് തടസ്സമായതെന്ന് പൊലീസ് സംശയിക്കുന്നു. ആമിർ ഖാൻ–ഗൗരി സ്പ്രാറ്റ് വിവാഹത്തിനു പിന്നാലെ നടന് ബിഷ്ണോയ് സംഘത്തിന്റെ വധഭീഷണി ഉണ്ടായിരുന്നതായും അന്വേഷണസംഘം ചൂണ്ടിക്കാട്ടുന്നു. ആമിറിനെ കണ്ടെത്തി ആക്രമിക്കുക പ്രയാസമാണെന്ന് മനസ്സിലാക്കിയതോടെയാണ് ടൈഗർ ഷ്രോഫിനെ ലക്ഷ്യമിടാൻ തീരുമാനിച്ചതെന്നാണ് പൊലീസിന്റെ കണ്ടെത്തൽ.
മിക്ക ഞായറാഴ്ചകളിലും ജുഹുവിലെ പാർക്കിൽ ഫുട്ബോൾ കളിക്കാറുള്ള ടൈഗർ ഷ്രോഫിനെ ആക്രമിക്കുന്നത് എളുപ്പമാകുമെന്ന് സംഘം കണക്കുകൂട്ടിയതായാണ് അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് ഒക്ടോബർ 18ന് നടന്റെ കാറിന് നേരെ വെടിവെപ്പുണ്ടായതെന്നാണ് പൊലീസ് സംശയിക്കുന്നത്.
കേസിൽ ഫൂൽ സിംഗ് (18), റൈഹാൻ രഹിസുദ്ദീൻ അൻസാരി (18), റിതിക് മഹോ (22) എന്നിവരെ ഒക്ടോബർ 19ന് രാജസ്ഥാനിലെ കോട്ടയിൽ ട്രെയിനിൽ യാത്ര ചെയ്യുന്നതിനിടെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. രാജസ്ഥാൻ, ഉത്തർപ്രദേശ്, മധ്യപ്രദേശ്, ഹരിയാന എന്നിവിടങ്ങളിൽ നിന്നായി ഇതുവരെ 11 പേരാണ് അറസ്റ്റിലായത്.
അമേരിക്കയിൽ ഒളിവിൽ കഴിയുന്നതായി പറയപ്പെടുന്ന ലോറൻസ് ബിഷ്ണോയ് സംഘവുമായി ബന്ധമുള്ള ഗുണ്ടാത്തലവൻ അനിൽ പണ്ഡിറ്റ് ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് സമൂഹമാധ്യമങ്ങളിൽ രംഗത്തെത്തിയതായും റിപ്പോർട്ടുകളുണ്ട്. സംഭവത്തിൽ കൂടുതൽ പേർക്ക് പങ്കുണ്ടോയെന്നും ആക്രമണത്തിന് പിന്നിലെ ഗൂഢാലോചനയുടെ വ്യാപ്തി എത്രത്തോളമാണെന്നും പൊലീസ് അന്വേഷിച്ചുവരികയാണ്.
