Home Editorialപൊലീസ് സ്റ്റേഷനിൽ സമാന്തര ഭരണം ജനാധിപത്യത്തിന് അപമാനം!

പൊലീസ് സ്റ്റേഷനിൽ സമാന്തര ഭരണം ജനാധിപത്യത്തിന് അപമാനം!

by news_desk
0 comments

നിയമം നടപ്പാക്കേണ്ട പൊലീസ് സ്റ്റേഷനിൽ രാഷ്ട്രീയ സ്വാധീനത്തിന്റെ തണലിൽ ഗുണ്ടാസംഘങ്ങൾ സമാന്തര ഭരണം നടത്തുകയാണെങ്കിൽ അത് നിയമവാഴ്ചയുടെ പരാജയം മാത്രമല്ല, ജനാധിപത്യത്തിന്റെ മുഖത്തേറ്റ അടികൂടിയാണ്. അടൂർ പോലീസ് സ്റ്റേഷനിൽനിന്ന് പുറത്തുവന്ന സി.സി.ടി.വി ദൃശ്യങ്ങൾ കേരളത്തിന്റെ നിയമസംവിധാനത്തിനു മുന്നിൽ ഉയർത്തുന്നത് അതീവ ഗൗരവമുള്ള ചോദ്യങ്ങളാണ്. നിയമത്തിന്റെ കാവൽക്കാരാകേണ്ട പൊലീസ് ഉദ്യോഗസ്ഥരുടെ കൺമുന്നിൽ കസ്റ്റഡിയിലുള്ള ഒരാളെ ആക്രമിക്കാൻ ശ്രമിക്കുകയും ലോക്കപ്പിൽ കടന്ന് ഭീഷണിപ്പെടുത്തുകയും ചെയ്യുന്ന സാഹചര്യം എങ്ങനെയാണ് സൃഷ്ടിക്കപ്പെട്ടത്?. യൂത്ത് കോൺഗ്രസ് നേതാവ് ശ്രീനാദേവി കുഞ്ഞമ്മ നൽകിയ പരാതിയിൽ അറസ്റ്റിലായ യൂട്യൂബർ രാജൻ ജോസഫിനെ പൊലീസ് സ്റ്റേഷനിൽവെച്ച് മർദിച്ചതായി സൂചിപ്പിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നതോടെ സംഭവം കൂടുതൽ ഗൗരവമാർജിച്ചിരിക്കുകയാണ്. പരാതിക്കാരിക്ക് നീതി ലഭിക്കണം. അവരുടെ പരാതിയിൽ നിയമാനുസൃതമായ നടപടികളുണ്ടാകണം. എന്നാൽ പരാതിയുടെ പേരിൽ ആരെയും നിയമം കൈയിലെടുക്കാൻ അനുവദിക്കാനാവില്ല. ഒരാൾ കുറ്റക്കാരനാണോ എന്ന് തീരുമാനിക്കേണ്ടത് കോടതിയാണ്. ശിക്ഷ വിധിക്കേണ്ടതും നടപ്പാക്കേണ്ടതും നിയമസംവിധാനമാണ്; രാഷ്ട്രീയ നേതാക്കളോ ആൾക്കൂട്ടമോ അല്ല. പൊലീസ് സ്റ്റേഷനിൽ പരാതിക്കാരനോ പ്രതിയോ ഭരണപക്ഷമോ പ്രതിപക്ഷമോ അല്ല പരമാധികാരി. അവിടെ പരമാധികാരം നിയമത്തിനാണ്. പൊലീസ് വാഹനം തടയാനും സ്റ്റേഷൻ വളപ്പിൽ കടന്ന് കസ്റ്റഡിയിലുള്ളയാളെ ഭീഷണിപ്പെടുത്താനും രാഷ്ട്രീയ പ്രവർത്തകർക്ക് ധൈര്യം ലഭിക്കുന്ന സാഹചര്യം നിയമവാഴ്ചയെ വെല്ലുവിളിക്കുന്നതാണ്. അതിനേക്കാൾ ഭീതിജനകമാണ് ഇത്തരം സംഭവങ്ങൾ നടക്കുമ്പോൾ പൊലീസ് ഉദ്യോഗസ്ഥർ നിസ്സഹായരായി നോക്കിനിൽക്കേണ്ടിവരുന്നുവെന്ന ആരോപണം. നിയമം സംരക്ഷിക്കേണ്ടവർ രാഷ്ട്രീയ സമ്മർദത്തിനു മുന്നിൽ മൗനം പാലിക്കേണ്ടിവരുന്നുവെങ്കിൽ സാധാരണക്കാരന്റെ സുരക്ഷയും നീതിയിലുള്ള വിശ്വാസവും എവിടെയാണ്?. ദിവസങ്ങൾക്ക് മുമ്പാണ് ആരോപണവിധേയനായ മുൻ എം.എൽ.എയുടെ നേതൃത്വത്തിൽ പൊലീസ് വാഹനത്തിനുള്ളിൽ ഡി.വൈ.എഫ്.ഐ പ്രവർത്തകനോട് വെല്ലുവിളിക്കുന്ന ദൃശ്യങ്ങൾ പുറത്ത് വന്നത്. ഇതിനെല്ലാം യൂണിഫോമിട്ട പൊലീസുകാർ വിനീത വിധേയരായി നിൽക്കുന്നുവെന്നതും അപമാനകരമാണ്. സംഭവത്തിൽ കേസെടുത്തുവെന്നത് മാത്രം മതിയാകില്ല. പുറത്തുവന്ന ദൃശ്യങ്ങളിൽ തിരിച്ചറിയാവുന്നവരെ കണ്ടെത്തി നിയമത്തിനു മുന്നിലെത്തിക്കണം. കണ്ടാലറിയാവുന്നവർക്കെതിരെ കേസെടുത്ത് ഉത്തരവാദിത്തപ്പെട്ടവരെ ഒഴിവാക്കുന്ന അന്വേഷണരീതി ഉണ്ടാകരുത്. അക്രമത്തിൽ നേരിട്ട് പങ്കെടുത്തവരെ മാത്രമല്ല, അതിന് ഒത്താശ ചെയ്തവരെയും സംരക്ഷണം നൽകിയവരെയും കണ്ടെത്തണം. രാഷ്ട്രീയ പദവിയോ അധികാരബന്ധമോ നിയമനടപടികളിൽനിന്ന് രക്ഷപ്പെടാനുള്ള കവചമാകാൻ പാടില്ല. പൊലീസ് സ്റ്റേഷൻ ഒരു രാഷ്ട്രീയ പാർട്ടിയുടെയും ഓഫീസല്ല. അധികാരത്തിന്റെ ബലത്തിൽ ആരെയും ഭീഷണിപ്പെടുത്താനും നിയമനടപടികൾ തടസ്സപ്പെടുത്താനും കഴിയുന്ന ഇടവുമല്ല. നീതി തേടി എത്തുന്ന സാധാരണക്കാരന്റെ അവസാനത്തെ ആശ്രയമാണ് പൊലീസ് സ്റ്റേഷൻ. അവിടെപ്പോലും രാഷ്ട്രീയ സ്വാധീനവും ആൾക്കൂട്ട ഭീഷണിയും മേൽക്കൈ നേടുന്നുവെങ്കിൽ ജനാധിപത്യത്തിന്റെ അടിസ്ഥാന സുരക്ഷിതത്വമാണ് തകരുന്നത്. അടൂർ സംഭവത്തിൽ രാഷ്ട്രീയ പക്ഷപാതമില്ലാത്ത, സുതാര്യവും നിഷ്പക്ഷവുമായ അന്വേഷണം ഉറപ്പാക്കണം. സി.സി.ടി.വി ദൃശ്യങ്ങൾ അന്വേഷണത്തിന്റെ നിർണായക തെളിവായി പരിഗണിച്ച് കുറ്റക്കാരെ തിരിച്ചറിഞ്ഞ് കർശന നടപടി സ്വീകരിക്കണം. പൊലീസ് ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് വീഴ്ചയോ ഒത്താശയോ ഉണ്ടായിട്ടുണ്ടെങ്കിൽ അതും പരിശോധിക്കപ്പെടണം. അന്വേഷണം രാഷ്ട്രീയ ഇടപെടലുകൾക്ക് വഴങ്ങില്ലെന്ന് സർക്കാർ ഉറപ്പാക്കണം. പൊലീസ് സ്റ്റേഷനിൽ രാഷ്ട്രീയ സമാന്തര ഭരണം അനുവദിക്കുന്നത് ഒരു വ്യക്തിയുടെ നീതിക്കു നേരെയുള്ള കടന്നുകയറ്റം മാത്രമല്ല; ഭരണഘടന ഉറപ്പുനൽകുന്ന നിയമവാഴ്ചയ്ക്കു നേരെയുള്ള വെല്ലുവിളിയാണ്. നിയമത്തിനു മുകളിൽ രാഷ്ട്രീയമില്ലെന്നും അധികാരത്തിനു മുന്നിൽ നീതി മുട്ടുമടക്കില്ലെന്നും അടൂർ സംഭവം തെളിയിക്കേണ്ടതുണ്ട്. അല്ലാത്തപക്ഷം പൊലീസ് സ്റ്റേഷനുകൾ ജനങ്ങളുടെ സുരക്ഷാകേന്ദ്രങ്ങളല്ല, അധികാരത്തിന്റെ അഹങ്കാരത്തിന് അരങ്ങൊരുക്കുന്ന ഇടങ്ങളായി മാറും.

You may also like