മുംബൈ: വിവാഹവാർത്ത പുറത്തുവിട്ടതിന് പിന്നാലെ വരനെക്കുറിച്ചുള്ള ആകാംക്ഷയ്ക്കും വിരാമമിട്ട് ഗായിക റിമി ടോമി. തന്റെ ജിം പരിശീലകനായ മലയാളി ലിബിൻ മാത്യുവിനെയാണ് വിവാഹം കഴിക്കുന്നതെന്ന് റിമി യൂട്യൂബ് ചാനലിലൂടെ വെളിപ്പെടുത്തി. ഏറെക്കാലമായുള്ള സൗഹൃദം പ്രണയത്തിലേക്കും പിന്നീട് വിവാഹത്തിലേക്കും വഴിമാറിയതായും താരം പറഞ്ഞു. നവംബർ 14ന് മുംബൈയിലെ ഡോംബിവല്ലി മാർത്തോമ്മാ പള്ളിയിലാണ് വിവാഹം.
കൂടെ നിൽക്കുമ്പോൾ ധൈര്യവും സമാധാനവും പോസിറ്റിവിറ്റിയും നൽകുന്ന ഏറ്റവും അടുത്ത സുഹൃത്തിനെയാണ് ജീവിതപങ്കാളിയായി തിരഞ്ഞെടുത്തതെന്ന് റിമി വ്യക്തമാക്കി. വ്യക്തിപരമായ കാര്യങ്ങൾ ആരാധകരോട് നേരിട്ട് പങ്കുവയ്ക്കാനാണ് ആഗ്രഹമെന്നും അഭ്യൂഹങ്ങൾ ഒഴിവാക്കുന്നതിനായാണ് വരനെക്കുറിച്ചുള്ള വിവരം സ്വന്തം ചാനലിലൂടെ വെളിപ്പെടുത്തുന്നതെന്നും താരം പറഞ്ഞു.
“എല്ലാം ദൈവാനുഗ്രഹമാണ്. അധികം സസ്പെൻസ് വയ്ക്കുന്നില്ല. കല്യാണം നവംബറിലാണ്. കല്യാണക്കുറിയും കാണിക്കാം. വരൻ മുംബൈയിൽ നിന്നാണ്. ബോഡി ബിൽഡറും എന്റെ ഇപ്പോഴത്തെ ജിം പരിശീലകനുമാണ്. മലയാളിയായ ലിബിൻ മാത്യുവാണ് വരൻ. മുംബൈയിൽനിന്ന് വരനെ കണ്ടെത്തിയ കഥ പിന്നീട് പറയാം,” റിമി പറഞ്ഞു.
മാർച്ചിലാണ് ഇരുവരും ആദ്യമായി കണ്ടുമുട്ടിയത്. എന്നാൽ ആദ്യ കൂടിക്കാഴ്ചയ്ക്കു മുമ്പുതന്നെ വിവാഹമെന്ന തീരുമാനത്തിലേക്ക് എത്തിയിരുന്നുവെന്നും റിമി വെളിപ്പെടുത്തി. ഏറെ ആഗ്രഹിച്ച് പ്രാർഥിച്ചിരുന്ന സമയത്താണ് ഇരുവരും ഒന്നിച്ചതെന്നും താരത്തിന്റെ വാക്കുകളിൽ സന്തോഷം നിറഞ്ഞുനിന്നു.
ലിബിനൊപ്പം നിൽക്കുമ്പോൾ എന്തുവന്നാലും കൂടെയുണ്ടാകുമെന്ന ഉറപ്പും ധൈര്യവും ലഭിക്കുന്നുണ്ടെന്ന് റിമി പറഞ്ഞു. അച്ഛന്റെയും ചേട്ടന്റെയും ഭർത്താവിന്റെയും സ്ഥാനങ്ങൾക്കപ്പുറം ഏറ്റവും നല്ല സുഹൃത്തായാണ് ലിബിനെ കാണുന്നതെന്നും താരം കൂട്ടിച്ചേർത്തു. തന്റെ നല്ലത് ആഗ്രഹിക്കുന്നവരോടാണ് ഈ സന്തോഷവാർത്ത പങ്കുവയ്ക്കുന്നതെന്നും റിമി വ്യക്തമാക്കി.
മുൻഭർത്താവിന്റെ ചിത്രങ്ങൾ ഉപയോഗിച്ച് ചിലർ വിഡിയോകളും വാർത്തകളും നൽകുന്നതിനെതിരെയും റിമി പ്രതികരിച്ചു. അത് തെറ്റായ പ്രവൃത്തിയാണെന്ന് ചൂണ്ടിക്കാട്ടിയ താരം, മുൻഭർത്താവ് ഇപ്പോൾ മറ്റൊരു പങ്കാളിക്കൊപ്പം കുടുംബജീവിതം നയിക്കുകയാണെന്നും അദ്ദേഹത്തെ വെറുതെ വിടണമെന്നും അഭ്യർഥിച്ചു.
വിവാഹശേഷം കൂടുതൽ സമയവും മുംബൈയിലായിരിക്കും താമസമെന്നും റിമി അറിയിച്ചു. ഡോംബിവല്ലിയിൽ നടക്കുന്ന വിവാഹം ചെറിയ ചടങ്ങായിരിക്കും. സിനിമാ മേഖലയിലുള്ളവരെപ്പോലും ചടങ്ങിലേക്ക് ക്ഷണിക്കുന്നില്ല. എല്ലാവരെയും വിവാഹത്തിന് ക്ഷണിച്ചതായി കണക്കാക്കണമെന്നും പങ്കെടുക്കാൻ കഴിയാത്തവർ പ്രാർഥനയും അനുഗ്രഹവും നൽകണമെന്നും താരം അഭ്യർഥിച്ചു.
15-ാം വയസ്സുമുതൽ തന്നെ കാണുകയും പിന്തുണയ്ക്കുകയും ചെയ്യുന്ന ആരാധകരുടെ അനുഗ്രഹമാണ് മുന്നോട്ടുള്ള യാത്രയിലെ കരുത്തെന്നും റിമി പറഞ്ഞു. ലിബിനെക്കുറിച്ച് കൂടുതൽ കാര്യങ്ങൾ പിന്നീട് പങ്കുവയ്ക്കുമെന്നും താരം വ്യക്തമാക്കി. ജിമ്മിനെ ദൈവത്തെപ്പോലെ കാണുന്ന മികച്ച പരിശീലകനാണ് ലിബിൻ. ജിമ്മിനുള്ളിലെ തമാശകളും സൗഹൃദവുമെല്ലാം ബന്ധം കൂടുതൽ ദൃഢമാക്കിയെന്നും റിമി പറഞ്ഞു. “ലിബിന് മലയാളം അത്രയ്ക്ക് അറിയില്ല. അതിലൊക്കെയാണ് ഞാൻ വീണുപോയത്,” എന്ന താരത്തിന്റെ വാക്കുകളും ആരാധകരുടെ ശ്രദ്ധ നേടി.
