വകുപ്പുകളിൽ നടക്കുന്നതൊന്നും അറിയില്ലെന്ന് പറയുന്ന മന്ത്രിമാർ ജനാധിപത്യത്തിന്റെ ഉത്തരവാദിത്തബോധത്തെയാണ് പരിഹസിക്കുന്നത്. സ്വന്തം വകുപ്പിൽ എന്താണ് നടക്കുന്നതെന്ന് അറിയില്ലെങ്കിൽ പിന്നെ എന്തിനാണ് മന്ത്രിമാർ? ഓരോ വിവാദവും ഉയരുമ്പോഴും തീരുമാനമെടുത്തത് താനല്ലെന്നും കാര്യങ്ങൾ അറിയില്ലെന്നും പറഞ്ഞ് ഉത്തരവാദിത്തത്തിൽനിന്ന് ഒഴിഞ്ഞുമാറുന്ന മന്ത്രിമാരുടെ നിലപാട് കേവലം രാഷ്ട്രീയ ന്യായീകരണമല്ല; ഭരണസംവിധാനത്തിന്റെ വിശ്വാസ്യതയെ തന്നെ ചോദ്യം ചെയ്യുന്ന ഗുരുതരമായ പ്രവണതയാണ്. അധികാരത്തിന്റെ സുഖസൗകര്യങ്ങൾ അനുഭവിക്കുമ്പോൾ ഉത്തരവാദിത്തത്തിന്റെ ഭാരം ഏറ്റെടുക്കാൻ മടിക്കുന്നവർ മന്ത്രിപദവിയുടെ അന്തസ്സിനെയാണ് ഇടിച്ചുതാഴ്ത്തുന്നത്. ഒരു വകുപ്പിന്റെ ചുമതല മന്ത്രിക്കാണ്. ആ വകുപ്പിലെ നയപരമായ തീരുമാനങ്ങൾ എന്താണെന്നും അവ എങ്ങനെ നടപ്പാക്കപ്പെടുന്നുവെന്നും അറിയേണ്ടത് മന്ത്രിയുടെ അടിസ്ഥാന ഉത്തരവാദിത്തമാണ്. ഉദ്യോഗസ്ഥർ തയ്യാറാക്കുന്ന ഫയലുകളിൽ ഒപ്പിടുക മാത്രമല്ല മന്ത്രിപ്പണി. തീരുമാനങ്ങളുടെ ഔചിത്യം പരിശോധിക്കാനും നടപ്പാക്കലിൽ വീഴ്ചയുണ്ടെങ്കിൽ തിരുത്താനും പൊതുജനങ്ങളോട് മറുപടി പറയാനും മന്ത്രിക്ക് ബാധ്യതയുണ്ട്. വിവാദമുണ്ടാകുമ്പോൾ ഉദ്യോഗസ്ഥരുടെ തലയിൽ കുറ്റം കെട്ടിവച്ച് കൈകഴുകുന്നത് ഭരണപരമായ ഉത്തരവാദിത്തത്തിൽനിന്നുള്ള ഒളിച്ചോട്ടമാണ്. കഴിഞ്ഞ ആറുമാസമായി കേരളത്തിൽ ആവർത്തിക്കുന്ന വിവാദങ്ങൾ ഉയർത്തുന്ന ചോദ്യം ഇതാണ്: മന്ത്രിമാർ അറിയാതെ വകുപ്പുകളിൽ തീരുമാനങ്ങളെടുക്കുന്നത് ആരാണ്? മന്ത്രിമാരെ മറികടന്ന് ഉദ്യോഗസ്ഥരോ മറ്റേതെങ്കിലും അധികാരകേന്ദ്രങ്ങളോ ഭരണനടപടികൾ നിയന്ത്രിക്കുന്നുണ്ടെങ്കിൽ അതിന്റെ ഉത്തരവാദിത്തം സർക്കാരിനുതന്നെയാണ്. അങ്ങനെയൊരു സംശയം ജനങ്ങളിൽ വളരുന്നത് ഭരണത്തിന്റെ സുതാര്യതയ്ക്കും ജനാധിപത്യത്തിന്റെ അന്തസ്സിനും ഗുണകരമല്ല. ഭരണത്തിന്റെ ചുക്കാൻ പിടിക്കുന്നത് ആരാണെന്നും തീരുമാനങ്ങൾക്ക് ഉത്തരവാദി ആരാണെന്നും ജനങ്ങൾക്ക് വ്യക്തമായിരിക്കണം. ഇവിടെ മുഖ്യമന്ത്രിയുടെ ഉത്തരവാദിത്തവും നിർണായകമാണ്. മന്ത്രിസഭയുടെ കൂട്ടുത്തരവാദിത്തം ഭരണഘടനാപരമായ ബാധ്യതയാണ്. ഓരോ വകുപ്പിന്റെയും പ്രവർത്തനത്തിൽ ബന്ധപ്പെട്ട മന്ത്രിക്ക് ഉത്തരവാദിത്തമുള്ളതുപോലെ സർക്കാരിന്റെ മൊത്തം പ്രവർത്തനങ്ങളുടെ ഏകോപനത്തിനും മേൽനോട്ടത്തിനും മുഖ്യമന്ത്രിക്ക് ഉത്തരവാദിത്തമുണ്ട്. മന്ത്രിമാർക്ക് ഒന്നുമറിയില്ലെന്ന വിശദീകരണം ആവർത്തിക്കുമ്പോൾ മുഖ്യമന്ത്രിക്ക് അതിൽനിന്ന് ഒഴിഞ്ഞുനിൽക്കാനാവില്ല. മന്ത്രിമാരുടെ അറിവില്ലായ്മ ഭരണത്തിന്റെ സ്വാഭാവിക അവസ്ഥയായി അംഗീകരിക്കാനാകില്ല; അതിന്റെ കാരണങ്ങൾ കണ്ടെത്തി തിരുത്തേണ്ടത് മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള സർക്കാരാണ്. ജനങ്ങൾ തെരഞ്ഞെടുത്ത് അധികാരത്തിലേറ്റുന്ന മന്ത്രിമാർ അലങ്കാരപദവികൾ വഹിക്കാനല്ല. ജനങ്ങളുടെ നികുതിപ്പണംകൊണ്ട് പ്രവർത്തിക്കുന്ന ഭരണസംവിധാനത്തിൽ അധികാരത്തോടൊപ്പം ഉത്തരവാദിത്തവും നിർബന്ധമാണ്. സ്വന്തം വകുപ്പിലെ സുപ്രധാന തീരുമാനങ്ങൾ വിശദീകരിക്കാൻ കഴിയാത്തവരും വീഴ്ചകളുടെ ഉത്തരവാദിത്തം ഏറ്റെടുക്കാൻ തയ്യാറാകാത്തവരും മന്ത്രിപദവിയിൽ തുടരുന്നതിന്റെ ഔചിത്യം പൊതുസമൂഹം ചോദ്യം ചെയ്യുക സ്വാഭാവികമാണ്. ഉദ്യോഗസ്ഥർക്ക് ഭരണപരമായ അധികാരങ്ങളും ചുമതലകളുമുണ്ട്. എന്നാൽ അതിന്റെ മറവിൽ ജനപ്രതിനിധികൾ ഉത്തരവാദിത്തത്തിൽനിന്ന് ഒഴിഞ്ഞുമാറാൻ പാടില്ല. ഉദ്യോഗസ്ഥരുടെ വീഴ്ചയാണെങ്കിൽ നടപടി വേണം; മന്ത്രിതലത്തിലെ വീഴ്ചയാണെങ്കിൽ അതും തുറന്നുപറയണം. അധികാരകേന്ദ്രങ്ങൾ ഏതായാലും അവയുടെ പ്രവർത്തനം സുതാര്യവും ജനങ്ങളോട് ഉത്തരവാദിത്തമുള്ളതുമായിരിക്കണം. ഒന്നുമറിയാത്ത മന്ത്രിമാരും ഉത്തരവാദിത്തം ഏറ്റെടുക്കാത്ത ഉദ്യോഗസ്ഥ സംവിധാനവും ചേർന്നാൽ ജനങ്ങൾക്ക് ലഭിക്കുക ഭരണത്തിന്റെ പേരിലുള്ള അധികാരപ്രയോഗം മാത്രമായിരിക്കും. വിവാദങ്ങൾക്കു പിന്നാലെ വിശദീകരണങ്ങൾ നൽകുന്നതല്ല ഭരണം; വീഴ്ചകൾ സംഭവിക്കാതിരിക്കാൻ ജാഗ്രത പുലർത്തുകയും സംഭവിച്ചാൽ ഉത്തരവാദിത്തം ഏറ്റെടുത്ത് തിരുത്തുകയും ചെയ്യുന്നതാണ് യഥാർഥ ഭരണനേതൃത്വം. ഭരിക്കുന്നത് ആരാണെന്ന ചോദ്യം ജനങ്ങൾ ചോദിക്കേണ്ടിവരുന്ന അവസ്ഥ ജനാധിപത്യത്തിന് അപമാനമാണ്. തീരുമാനമെടുക്കുന്നവർ ആരായാലും ജനങ്ങളോട് മറുപടി പറയേണ്ടത് ഭരണകൂടമാണ്. ആ ഉത്തരവാദിത്തത്തിൽനിന്ന് മന്ത്രിമാർക്കും മുഖ്യമന്ത്രിക്കും ഒളിച്ചോടാനാവില്ല. അധികാരം കൈയാളുന്നവർ ഉത്തരവാദിത്തവും ഏറ്റെടുക്കണം-അതാണ് ജനാധിപത്യത്തിന്റെ അടിസ്ഥാന മര്യാദ.
1
