Home Top Storiesമോദിയെ ട്രംപ് നിയന്ത്രിക്കുന്നു; അഞ്ച് മിനിറ്റിൽ തെളിയിക്കാം, NDA സർക്കാരിന് ആയുസ്സ് ഒരു വർഷം മാത്രമെന്നും രാഹുൽ ഗാന്ധി

മോദിയെ ട്രംപ് നിയന്ത്രിക്കുന്നു; അഞ്ച് മിനിറ്റിൽ തെളിയിക്കാം, NDA സർക്കാരിന് ആയുസ്സ് ഒരു വർഷം മാത്രമെന്നും രാഹുൽ ഗാന്ധി

by news_desk
0 comments

ഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷമായ ആരോപണങ്ങളുമായി ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ നിയന്ത്രണത്തിലാണ് മോദിയെന്നും അദ്ദേഹം ദേശവിരുദ്ധനാണെന്നും അഞ്ച് മിനിറ്റിനുള്ളിൽ തെളിയിക്കാൻ കഴിയുമെന്ന് രാഹുൽ ഗാന്ധി അവകാശപ്പെട്ടു. മോദിയെ നേരിട്ടുള്ള സംവാദത്തിന് വെല്ലുവിളിച്ച അദ്ദേഹം, എൻഡിഎ സർക്കാർ ഒരു വർഷത്തിനകം അധികാരത്തിൽനിന്ന് പുറത്താകുമെന്നും പ്രഖ്യാപിച്ചു.

പഞ്ചാബിലെ സംഗ്രൂരിൽ നടന്ന ‘ഇൻസാഫ് റാലി’യെ അഭിസംബോധന ചെയ്യുകയായിരുന്നു രാഹുൽ ഗാന്ധി. പ്രധാനമന്ത്രി സംവാദത്തിന് തയ്യാറാകില്ലെന്ന് ഉറപ്പാണെന്നും എന്നാൽ അദ്ദേഹം ചർച്ചയ്ക്ക് എത്തിയാൽ അഞ്ച് മിനിറ്റിനുള്ളിൽ യാഥാർഥ്യം രാജ്യത്തിന് മുന്നിൽ തുറന്നുകാട്ടുമെന്നും രാഹുൽ പറഞ്ഞു.

സംവാദത്തിന് ആരെ വേണമെങ്കിലും വിധികർത്താവായി മോദിക്ക് തീരുമാനിക്കാം. എന്നാൽ തനിക്കു മുന്നിലിരുന്ന് സംവാദം നടത്താൻ പ്രധാനമന്ത്രി തയ്യാറാകില്ലെന്ന് രാജ്യത്തിന് ഉറപ്പുനൽകുന്നുവെന്നും അദ്ദേഹം പറഞ്ഞു.

അമേരിക്കയുമായി കരാറിൽ ഒപ്പിടാൻ ഡൊണാൾഡ് ട്രംപ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കുമേൽ സമ്മർദം ചെലുത്തിയെന്നും രാഹുൽ ഗാന്ധി ആരോപിച്ചു. ട്രംപിന്റെ നിയന്ത്രണത്തിലാണ് മോദിയെന്നതിന് സംവാദത്തിലൂടെ തെളിവുകൾ നിരത്താൻ കഴിയുമെന്നും അദ്ദേഹം അവകാശപ്പെട്ടു.

“ഇന്നലെ ഞാൻ നരേന്ദ്ര മോദിയെ നേരിട്ടുള്ള സംവാദത്തിന് വെല്ലുവിളിച്ചിരുന്നു. അദ്ദേഹത്തിന് ഇഷ്ടമുള്ള ആരെയും വിധികർത്താവാക്കാം. എന്നാൽ എന്റെ മുന്നിലിരിക്കാൻ മോദിക്ക് കഴിയില്ല. സംവാദം തുടങ്ങി അഞ്ച് മിനിറ്റിനുള്ളിൽ അദ്ദേഹം ദേശദ്രോഹിയാണെന്നും ഡൊണാൾഡ് ട്രംപ് അദ്ദേഹത്തെ നിയന്ത്രിക്കുകയാണെന്നും തെളിയിക്കാനാകും” – രാഹുൽ ഗാന്ധി പറഞ്ഞു.

എൻഡിഎ സർക്കാരിന്റെ ഭാവിയെക്കുറിച്ചും രാഹുൽ ഗാന്ധി ശക്തമായ രാഷ്ട്രീയ പ്രവചനം നടത്തി. നിലവിലെ സർക്കാർ ഒരു വർഷത്തിനകം താഴെ വീഴുമെന്നും അദ്ദേഹം പറഞ്ഞു. വരാനിരിക്കുന്ന രാഷ്ട്രീയ പോരാട്ടത്തിൽ കേന്ദ്രസർക്കാരിനെതിരെ കടുത്ത നിലപാടുമായി മുന്നോട്ടുപോകുമെന്ന സൂചന കൂടിയാണ് രാഹുലിന്റെ പ്രസംഗം നൽകുന്നത്.

You may also like