ദില്ലി: ട്രെയിൻ യാത്രയിൽ ഏറെക്കാലമായി യാത്രക്കാരുടെ പ്രതിഷേധത്തിന് ഇടയാക്കുന്ന ആർഎസി (RAC) സംവിധാനം ഒഴിവാക്കാൻ ഇന്ത്യൻ റെയിൽവേ ആലോചിക്കുന്നു. പകുതി ബെർത്ത് മാത്രം അനുവദിച്ചിട്ടും മുഴുവൻ ടിക്കറ്റ് നിരക്കും ഈടാക്കുന്ന നിലവിലെ രീതിക്കെതിരെ പരാതികൾ ശക്തമായതോടെയാണ് പരിഷ്കരണ നീക്കം സജീവമാകുന്നത്.
നിലവിലെ ആർഎസി സംവിധാനപ്രകാരം ഒരു ബെർത്ത് രണ്ട് യാത്രക്കാർക്കായി പങ്കിട്ടാണ് അനുവദിക്കുന്നത്. അതായത്, ടിക്കറ്റ് നിരക്ക് പൂർണമായി നൽകുന്ന യാത്രക്കാർക്ക് ലഭിക്കുന്നത് പകുതി ബെർത്ത് മാത്രമാണ്. ദീർഘദൂര യാത്രകളിൽ ഇത് വലിയ അസൗകര്യവും പ്രതിഷേധവും സൃഷ്ടിക്കുന്നുണ്ട്.
മുഴുവൻ നിരക്ക് ഈടാക്കുന്ന സാഹചര്യത്തിൽ യാത്രക്കാർക്ക് പൂർണമായ ബെർത്ത് തന്നെ ഉറപ്പാക്കണമെന്നാണ് പ്രധാന ആവശ്യം. ആർഎസി സംവിധാനം തുടരുകയാണെങ്കിൽ പകുതി ബെർത്ത് ലഭിക്കുന്നവർക്ക് അതിനനുസരിച്ചുള്ള പകുതി നിരക്ക് മാത്രമേ ഈടാക്കാവൂ എന്ന ആവശ്യവും ശക്തമാണ്.
യാത്രക്കാരുടെ ദീർഘകാലമായുള്ള പരാതികളും ആവശ്യങ്ങളും പരിഗണിച്ചാണ് ആർഎസി സംവിധാനം നിർത്തലാക്കുന്നതിനെക്കുറിച്ച് റെയിൽവേ മന്ത്രാലയം ആലോചിക്കുന്നത്. നീക്കം നടപ്പായാൽ ട്രെയിൻ യാത്രക്കാരെ നേരിട്ട് ബാധിക്കുന്ന നിലവിലെ ടിക്കറ്റ് സംവിധാനത്തിൽ വലിയ മാറ്റത്തിനാകും വഴിയൊരുങ്ങുക
