തൃശൂർ: ഓണക്കാലത്ത് സാധാരണക്കാരുടെ കൈകളിലേക്ക് പണമെത്തിച്ച് വിപണിയിൽ ഉണർവുണ്ടാക്കിയത് ഫലം കണ്ടെന്ന് വി.ഡി. സതീശൻ. കഴിഞ്ഞ മാസം കേരളത്തിന്റെ ജിഎസ്ടി വളർച്ച 28 ശതമാനത്തിലെത്തിയെന്നും ജിഎസ്ടി നടപ്പാക്കിയ 2017ന് ശേഷം സംസ്ഥാനം കൈവരിക്കുന്ന ഏറ്റവും ഉയർന്ന വളർച്ചാനിരക്കാണിതെന്നും അദ്ദേഹം പറഞ്ഞു.
ദേശീയതലത്തിലെ ജിഎസ്ടി വളർച്ച 13 ശതമാനമായിരിക്കെയാണ് കേരളം 28 ശതമാനത്തിന്റെ നേട്ടം കൈവരിച്ചത്. ഓണക്കാലത്ത് സർക്കാർ സാധാരണക്കാരിലൂടെ വിപണിയിലേക്ക് പണമൊഴുക്കിയതാണ് ഈ മുന്നേറ്റത്തിന് കാരണമെന്നും അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞ വർഷം ഒക്ടോബറിൽ കേരളത്തിന്റെ ജിഎസ്ടി വളർച്ച മൈനസ് രണ്ട് ശതമാനമായിരുന്നുവെന്നും സതീശൻ ചൂണ്ടിക്കാട്ടി.
ധനലക്ഷ്മി ബാങ്കിന്റെ ശതാബ്ദി ആഘോഷം തൃശൂരിലെ ഹയാത്ത് റീജൻസിയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ജനങ്ങളുടെ ജീവിതനിലവാരം ഉയർത്തുന്നതിൽ ബാങ്കുകൾക്ക് നിർണായക പങ്കുവഹിക്കാനാകുമെന്ന് അദ്ദേഹം പറഞ്ഞു. ബാങ്കുകളിൽ പണം കെട്ടിക്കിടക്കാതെ വിപണിയിലേക്ക് എത്തുമ്പോഴാണ് അതിന് വലിയ സാമ്പത്തികശക്തിയായി മാറാൻ കഴിയുന്നത്. 1930കളിലെ ആഗോള സാമ്പത്തിക മാന്ദ്യത്തെ മറികടക്കാൻ വിപണിയിലേക്കുള്ള പണമൊഴുക്ക് സഹായിച്ചെന്നും അദ്ദേഹം ഓർമിപ്പിച്ചു.
നോട്ടടക്കം പണവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ പല രാജ്യങ്ങളും പുതിയ മാറ്റങ്ങൾ കൊണ്ടുവന്നിട്ടുണ്ട്. റിസർവ് ബാങ്കിന്റെ നിയന്ത്രണത്തിലാണ് രാജ്യത്തെ ബാങ്കുകൾ പ്രവർത്തിക്കുന്നതെങ്കിലും ഇന്ത്യയുടെ ബാങ്കിങ് രീതികൾ ഇപ്പോഴും ഏറെ പരമ്പരാഗതമാണെന്നും സാമ്പത്തിക മാന്ദ്യകാലത്തും രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥ പിടിച്ചുനിന്നതിന് ഇതും കാരണമായെന്ന വാദമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ധനലക്ഷ്മി ബാങ്കിൽ തനിക്ക് അക്കൗണ്ടുണ്ടെന്നും യുഡിഎഫിന്റെ അക്കൗണ്ടും ഇതേ ബാങ്കിലാണെന്നും സതീശൻ കൂട്ടിച്ചേർത്തു.
കെ. രാധാകൃഷ്ണൻ എംപി, മേയർ നിജി ജസ്റ്റിൻ, രാജൻ ജെ. പല്ലൻ എംഎൽഎ, കൗൺസിലർ രഘുനാഥ് സി. മേനോൻ, ബാങ്ക് ഡയറക്ടർ കെ.എൻ. മധുസൂദനൻ, ബാങ്ക് സിഇഒ കെ.കെ. അജിത്കുമാർ തുടങ്ങിയവർ ചടങ്ങിൽ സംസാരിച്ചു.
